മൂന്നാറിനടുത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ പഠിച്ചത്. മധ്യവേനൽ അവധി തുടങ്ങുന്നത് പരീക്ഷകളുടെ അവസാനത്തോടെയാണ്. അതുകൊണ്ട് അവസാന പരീക്ഷയും കഴിയുന്നതോടെ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് കൂടുമായിരുന്നു; സന്തോഷം പങ്കുവയ്ക്കാൻ, ഇനിയുള്ള ദിവസങ്ങൾ ആഘോഷമാക്കാൻ. കൂട്ടുകാരുടെയെല്ലാം വീടുകളിൽ ചെല്ലുക വഴിയായി ആ നാട്ടിലെ വിവിധ കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും, സ്‌നേഹത്തിലും സഹകരണത്തിലും പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞാൽ പിന്നെ കൂട്ടുകാരെല്ലാമായി തൊട്ടടുത്തുള്ള ആറ്റിൽ കുളിക്കാൻ പോകുന്നതാണ് ഏറെ പ്രിയപ്പെട്ട വിനോദം.
രണ്ടു മണിക്കൂറിലധികം നിന്തിക്കുളിച്ച് ക്ഷീണിച്ച്, വിശന്നായിരിക്കും വീട്ടിലേക്കെത്തുക. ആറ്റിൽ കുളിക്കുമ്പോൾ തന്നെ പല കളികളും കളിക്കും. വാട്ടർബോൾ, വെള്ളത്തിനടിയിൽ കല്ലിട്ടശേഷം മുങ്ങി കണ്ടെത്തുന്ന കളി, നീന്തൽ മത്സരം, ശ്വാസം പിടിച്ച് മുങ്ങിക്കിടക്കുന്ന മൽസരം, നേരെ കിടന്നും, ചരിഞ്ഞു കിടന്നും മറ്റും നീന്തുന്ന മത്സരം. വെള്ളത്തിനടിയിലൂടെ മുങ്ങാംകുഴിയിട്ട് കൂടുതൽ ദൂരം നീങ്ങുന്ന മത്സരം… തുടങ്ങിയ കളികൾ ശരീരത്തിനും മനസിനും മികച്ച വ്യായാമം കൂടിയായിരുന്നു. വൈകുന്നേരം വോളിബോൾ, ഫുട്‌ബോൾ, കിളികളി, സാറ്റ്കളി, താലപ്പന്തുകളി തുടങ്ങി അനേകം കളികൾ കളിക്കുമായിരുന്നു. കളികളിലൂടെ ജീവിതപാഠങ്ങളുടെ പരിശീലനമാണ് നമുക്ക് ലഭിക്കുന്നത്. ഒരു കളിയിൽ തോൽക്കുമ്പോൾ പരാജയങ്ങളെ നേരിടാനുള്ള പാഠമാണ്, പരിശീലനമാണ് അവിടെ ലഭിക്കുന്നത്.
പിന്നീട് ജീവിതത്തിലും വിദ്യാഭ്യാസരംഗത്തും ജോലിയിലുമൊക്കെ തിരിച്ചടികളും പരാജയങ്ങളുമുണ്ടാകുമ്പോൾ അത് ജീവിതത്തിൽ സ്വാഭാവികമാണെന്ന ബോധ്യം മനസിൽ നിറയാൻ കളികൾ ഏറെ സഹായകരമാണ്. ടീം ബിൽഡിംഗ്, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്, ആശയവിനിമയശേഷി, തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, തന്ത്രങ്ങൾ/ആശയങ്ങൾ രൂപപ്പെടുത്താനുള്ള ശേഷി, ശാരീരിക മാനസിക ക്ഷമത എന്നിവയെല്ലാം കളികൾ നമുക്ക് പകർന്നു തരുന്നു. അതിനാൽ അവധിക്കാലത്ത് മുറിക്കകത്ത് അടച്ചിട്ടിരുന്ന് സമയം കൊല്ലുന്ന ടി.വി, ഇന്റർനെറ്റ്, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ, വീഡിയോ ഗെയിമുകൾ എന്നിവ നിയന്ത്രിച്ചുകൊണ്ട്, ശാരീരിക മാനസിക ശേഷിയും, വ്യക്തിബന്ധങ്ങളും വളർത്തുന്ന യഥാർത്ഥ കളികളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടാം.
ഫെയ്‌സ് ബുക്കിലും വാട്ട്‌സ് ആപ്പിലും ടിവിയിലും ഇന്റർനെറ്റിലും മാത്രം ജീവിതം കുടുക്കിയിട്ട കുട്ടികൾക്ക് യഥാർഥ ജീവിതത്തിൽ ആളുകളുമായി ഇടപഴകാനും വിവിധ ജീവിതസാഹചര്യങ്ങളെ നേരിടാനുമുള്ള കഴിവ് കുറവായിരിക്കും. അതിനാൽ ഗ്രൗണ്ടിലിറങ്ങി മറ്റു കുട്ടികളുമായി ഇടപഴകുന്ന കളികൾ കളിക്കാൻ അവധിക്കാലത്ത് കുട്ടികൾക്ക് അവസരമൊരുക്കാം. നട്ടുച്ച സമയത്തും ചൂട് കൂടുതലുള്ള സമയത്തും കുട്ടികളെ കളിക്കാൻ വിടാതിരിക്കാനും ശ്രദ്ധിക്കണം. സൂര്യാഘാതവും മറ്റും സംഭവിക്കാനുള്ള സാധ്യത മൂലമാണിത്. അവധിക്കാലം സന്ദർശനങ്ങളുടെ കാലം കൂടിയാണ്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ച് സ്‌നേഹബന്ധങ്ങൾ വളർത്താൻ അവസരം നൽകാം. അനാഥാലയങ്ങൾ, ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവ സന്ദർശിച്ച് കാരുണ്യത്തിന്റെ പാഠം പഠിപ്പിക്കാം. സുഖത്തിനുമപ്പുറം വേദനകളുടെ കാഴ്ചകൾ കൂടി കാട്ടാം. രണ്ടുമാസം ഏതെങ്കിലും കോഴ്‌സിന് വിട്ട് അവരുടെ അവധിക്കാലത്തെ മുഴുവനായി നശിപ്പിക്കാതിരിക്കാം. അതേ സമയം ചെറിയ കോഴ്‌സുകൾ, ഉദാഹരണം ചിത്രരചന, സ്‌പോക്കൺ ഇംഗ്ലീഷ്, നൃത്തം, സംഗീതം എന്നിവയ്ക്കായി ദിവസത്തിൽ ഒരു മണിക്കൂറോ ആഴ്ചയിൽ ഒരു ദിവസമോ മാത്രം സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല. ഇതവരുടെ സർഗ്ഗാത്മക ബുദ്ധിവളർച്ചയ്ക്ക് സഹായിക്കും. ഏതെങ്കിലും മികച്ച ഹിൽസ്റ്റേഷനിലേക്ക് ഈ ചൂടുകാലത്ത് കുട്ടികളുമായി ടൂർ പോകുന്നത് അവരുടെ മാനസികോല്ലാസത്തിൻ ഏറെ സഹായകരമാണ്. ഒപ്പം ഒന്നോ രണ്ടോ ദിവസത്തെ മോട്ടിവേഷനൽ/വ്യക്തിത്വ വികസന ക്യാമ്പുകൾക്കായി കുട്ടികളെ അയക്കുന്നത് അവരുടെ വ്യക്തിത്വ വികസനത്തിനും കഴിവുകൾ വികസിപ്പിക്കുന്നതിനും സഹായിക്കും.
വായിക്കാനായി മികച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാം. മഹാൻമാരുടെയും വിശുദ്ധരുടെയും ജീവിതകഥകൾ, പ്രചോദനാത്മക പുസ്തകങ്ങൾ എന്നിവ വായിക്കുന്നതു വഴിയായി മൂല്യബോധവും ലക്ഷ്യബോധവും ഉറപ്പിച്ചുകൊണ്ട് ജീവിതത്തിലെ ഏതു പ്രതികൂലസാഹചര്യങ്ങളെയും നേരിട്ട് ശരിയായ വഴിയിലൂടെ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു. ഒപ്പം, നല്ല രീതിയിൽ മറ്റുള്ളവരോട് പെരുമാറാനും മികച്ച വ്യക്തിത്വം ആർജിക്കാനും ഇതുവഴി കഴിയുന്നു. അതിനാൽ ശാരീരിക, മാനസിക, ബൗദ്ധിക, ആത്മീയ വളർച്ചയിലൂടെ ഈ അവധിക്കാലം ഉല്ലാസകരമാക്കാൻ കുട്ടികളെ സഹായിക്കാം. അത് അവരുടെ ഓർമ്മയിൽ എന്നും നിലനിൽക്കും.
(ഇന്ത്യൻ പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള മെഡലും ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയും നേടിയിട്ടുള്ള മാധ്യമപ്രവർത്തകനും ഒട്ടേറെ വിദേശരാജ്യങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും ഇരുപത്തഞ്ചോളം ബെസ്റ്റ് സെല്ലിംഗ് ജീവിതവിജയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ)
സെബിൻ എസ്. കൊട്ടാരം