കാലം മാറുന്നത് അനുസരിച്ച് അവധിക്കാലങ്ങളോടുള്ള മനോഭാവത്തിലും മാറ്റം ഉണ്ടാവുമോ? ഉണ്ടാവും. കാരണം പഴയ തലമുറയും പുതിയ തലമുറയും അവധിക്കാലത്തെ ഒരേ പോലെയല്ല കാണുന്നത്. ഒരു തലമുറ മുമ്പുവരെയുള്ള അവധിക്കാലം കളിച്ചുനടക്കാൻ മാത്രമുളളതായിരുന്നു. മാവിലെറിഞ്ഞും ആടുമാടുകളെ തീറ്റിയും അതിനിടയിൽ ഒളിച്ചേ കണ്ടേൻ കളിച്ചും വറ്റിവരണ്ട പുഴയിൽ ചെറിയ ജലാശയങ്ങൾ കുഴിച്ചും പാഠപുസ്തകങ്ങളോട് അമ്പേ സുല്ലിട്ട് കളിയും വിനോദവുമായി മാത്രം നടന്നിരുന്നതായിരുന്നു ആ കാലം. പക്ഷേ പിന്നീട് വന്ന തലമുറ കളികളോട് വിട പറഞ്ഞ് പാഠ്യേതര വിഭാഗങ്ങളിൽ മാറ്റുരയ്ക്കാനുള്ള സമയമായി അവധിക്കാലത്തെ കണ്ടെത്തി. നമുക്ക് രണ്ടും വേണം,കളിയും വേണം കാര്യവും വേണം.
കളിച്ചു നടക്കാനോ പഠിക്കാനോ മാത്രമാകാതെ അവധിക്കാലത്തെ വ്യത്യസ്തമായ രീതിയിൽ സമീപിക്കാൻ മാതാപിതാക്കൾക്കും കുട്ടികൾക്കും കഴിയണം. പല കുട്ടികളും അവധിക്കാലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ടിവിയുടെയോ കമ്പ്യൂട്ടർ- മൊബൈൽ ഗെയിമുകളുടെ മുമ്പിലോ ആയിരിക്കും. പഠിക്കാനൊന്നുമില്ലല്ലോ എന്ന് വിചാരിച്ച് മാതാപിതാക്കളും കണ്ണടയ്ക്കും. പക്ഷേ അത് ശരിയായ രീതിയല്ല.
ഫ്‌ളാറ്റുകളുടെ അടച്ചിട്ട ലോകങ്ങളിൽ നിന്ന് പ്രകൃതിയെ അടുത്തറിയാനും നിരീക്ഷിക്കാനും ഈ അവധിക്കാലം കുട്ടികൾ പ്രയോജനപ്പെടുത്തണം. പ്രകൃതിയുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവും ആത്മീയവുമായ വിവിധ മേഖലകൾ മെച്ചപ്പെട്ടു കാണുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. മാർക്കുകൾക്ക് വേണ്ടിയല്ലാതെ ജീവിതത്തെ കുറെക്കൂടി സൗന്ദര്യാത്മകമായും മറ്റുള്ളവർക്ക് സഹായകരമായും മാറത്തക്കരീതിയിൽ അവധിക്കാലത്തെ സമീപിക്കണം. ജീവിതത്തിൽ അത് നടപ്പിലാക്കുകയും വേണം.അവധിക്കാലത്തെ എങ്ങനെയെല്ലാം വ്യത്യസ്തമായും പ്രയോജനപ്രദമായും ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ആലോചനയിൽ നിന്നാണ് ഈ മാസത്തെ ഒപ്പം അണിയിച്ചൊരുക്കിയിരിക്കുന്നത്. വരും താളുകളിൽ നിങ്ങൾക്ക് അവ കണ്ടുമുട്ടാം.
നല്ലൊരു അവധിക്കാലം കുട്ടികൾക്കും മാതാപിതാക്കൾക്കും ആശംസിച്ചുകൊണ്ട്
സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്