ഭര്‍ത്താവിന് പഴയതുപോലെ സ്‌നേഹം ഇപ്പോഴില്ല, ഭാര്യ എന്നെ ഇപ്പോള്‍ ഗൗനിക്കുന്നതേയില്ല..വിവാഹബന്ധത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പലരുടെയും പരിദേവനങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണ്. ജീവിതത്തില്‍ നിന്ന് സ്‌നേഹം നഷ്ടമാകുന്ന അനുഭവത്തിലൂടെ പലരും പലപ്പോഴും കടന്നുപോകാറുണ്ട്. പഴയതുപോലെ സ്‌നേഹിക്കണമെന്നും സ്‌നേഹിക്കപ്പെടണമെന്നുമുള്ള ആഗ്രഹം ഉണ്ടായിട്ടും നിങ്ങള്‍ക്ക് അതിന് സാധിക്കാതെ പോകുന്നു. എന്തുകൊണ്ടാണത്? ജീവിതത്തില്‍ സംഭവിക്കുന്ന തീരെ ചെറിയ കാര്യങ്ങള്‍ പോലും പെരുമാറ്റങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് വാസ്തവം. അതിന്റെ പ്രതിഫലനങ്ങളാണ് പിന്നീട് സംഭവിക്കുന്നത് മുഴുവന്‍. അതുകൊണ്ട് നിങ്ങളുടെ സ്‌നേഹത്തിലെ വൈകാരികമായ തടസ്സങ്ങള്‍ നീക്കാനും ശരിയായ ദിശയിലേക്കുള്ള സ്‌നേഹബന്ധം വളര്‍ത്തിയെടുക്കാനും ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
നിങ്ങള്‍ സ്‌നേഹത്തിലാണ് എങ്കില്‍ പങ്കാളിയിലെ കുറവുകളെ സ്വീകരിക്കാനും മനസ്സിലാക്കാനും പഠിക്കണം.
ഇതാണ് ദാമ്പത്യബന്ധത്തിലെ ആദ്യത്തെ പാഠം. വ്യക്തിയിലെ അപൂര്‍ണ്ണത അയാളെ അപകര്‍ഷതാബോധത്തിലേക്ക് നയിക്കേണ്ടതില്ല. ഒരു വ്യക്തിയെ പൂര്‍ണ്ണമായും മനസ്സിലാക്കിക്കഴിയുമ്പോഴാണ് അയാളില്‍ ഗുണങ്ങളുടെ സംയോജനം ഉണ്ടെന്ന് നമുക്ക് മനസ്സിലാകുന്നത്. പങ്കാളിയുടെ കുറവിലേക്ക് നോക്കി നെടുവീര്‍പ്പെടാതെ അവയെ ജീവിതത്തിലെ അനുഗ്രഹങ്ങളായി കാണുക. അപ്പോള്‍ മാത്രമേ പങ്കാളിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയുകയുള്ളൂ.
ഫലപ്രദമായ ആശയവിനിമയം നടത്തുക
ഫാമിലി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ഏതു പഠനങ്ങളിലും കൗണ്‍സലിങ് വിദഗ്ദരുടെ അഭിപ്രായങ്ങളിലും ആവര്‍ത്തിച്ചുവരുന്ന ഒരു അഭിപ്രായമാണ് ഇത്. പങ്കാളിയെ അന്ധമായി വിധിക്കാതെ തുറന്ന മനസ്സോടെ ആ വ്യക്തിയുമായി ആശയവിനിമയം നടത്തുക. നല്ല ഒരു ദാമ്പത്യബന്ധത്തിന്റെ രഹസ്യം എന്ന് പറയുന്നത് തന്നെ പങ്കാളിയുടെ ചിന്ത, വികാരം, മുറിവുകള്‍, പരാതികള്‍ എന്നിവയെക്കുറിച്ചെല്ലാം തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുക എന്നതില്‍ ആണ് അടങ്ങിയിരിക്കുന്നത്. പല ദമ്പതികളിലും ഇത്തരമൊരു തുറവി കണ്ടുവരാറില്ല. ഏകപക്ഷീയമായി ഇണയെ കുറ്റപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇവിടെ സ്‌നേഹത്തിന് മങ്ങലേലക്കുകയും ബന്ധം വഷളാകുകയും ചെയ്യുന്നു.
വിശ്വസ്തതയും വിശ്വാസ്യതയും വളര്‍ത്തിയെടുക്കുക
എല്ലാ ബന്ധങ്ങളും നിലയുറപ്പിച്ചിരിക്കുന്നത് വിശ്വസ്തതയിലും വിശ്വാസ്യതയിലുമാണ്. നിങ്ങളുടെ ബിസിനസ്, കരിയര്‍, ജോലി എന്നിങ്ങനെ ഏതു വിഷയത്തെക്കുറിച്ചും പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക. ആ സംസാരത്തിലൂടെ പങ്കാളിയുടെ അതേക്കുറിച്ചുള്ള മനോഭാവം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് പങ്കാളിയില്‍ വിശ്വാസമുണ്ടെങ്കില്‍ ആ വ്യക്തി നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടുണ്ടാവും.
പങ്കാളിയുടെ ആവശ്യങ്ങളെ പരിഗണിക്കുക
പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും നല്കുക. ആവശ്യങ്ങളെ അവഗണിക്കുന്നത് ബന്ധം വഷളാക്കുക തന്നെ ചെയ്യും. അതുപോലെ എന്തുകൊണ്ടാണ് താന്‍ പങ്കാളിയെ സ്‌നേഹിക്കുന്നത് എന്ന് ഇടയ്ക്കിടെയെങ്കിലും പറയുക. താന്‍ സ്‌നേഹിക്കപ്പെടുന്നുണ്ട് എന്ന അറിവ് പങ്കാളിയുടെ മനസ്സില്‍ സംതൃപ്തിയും പൂര്‍ണ്ണതയും നിറയ്ക്കും. അതു ദാമ്പത്യബന്ധത്തെ വളര്‍ത്തുകയും ചെയ്യും. വിവാദങ്ങളും വിയോജിപ്പുകളും കൂടാതെ ഒരു ദാമ്പത്യബന്ധവും പൂര്‍ണ്ണതയിലെത്തുകയില്ല. പക്ഷേ അവയെ പക്വമായും ബുദ്്ധിപരമായും കൈകാര്യം ചെയ്യണം. ഇല്ലെങ്കില്‍ ബന്ധങ്ങള്‍ ശിഥിലമായിപോകും.