നമ്മുടെ കുടുംബത്തില്‍ പണം ലാഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണചിലവുകള്‍ കുറയ്ക്കുക എന്നത്. ഒന്നും ചിന്തിക്കാതെ ആഹാരസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു. എന്നിട്ട് അവ ഉപയോഗശൂന്യമായി പാഴാക്കി കളയേണ്ടിയും വരുന്നു. എന്നിട്ട് മാസാവസാനം ചിലവുകള്‍ കണക്കാക്കി നോക്കുമ്പോഴാണ്, ഈ ഇനത്തില്‍ എത്ര പണം അനാവശ്യമായി പോയി എന്ന് തിരിച്ചറിയുന്നത്. ആഹാരസാധനങ്ങള്‍ വാങ്ങുന്ന സമയത്ത് ചില കാര്യങ്ങളില്‍ മനസ്സിരുത്തിയാല്‍ നമുക്ക് നല്ലൊരു തുക ലാഭിക്കാന്‍ സാധിക്കും, ഇവ വെറുതെ പാഴാകുന്നതും തടയാന്‍ സാധിക്കും. ഈ ലാഭിച്ച തുക മിച്ചം വെച്ച് മറ്റെന്തെങ്കിലും കുടുംബകാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. ഇതിനുള്ള 8 മികച്ച മാര്‍ഗ്ഗങ്ങള്‍ ഇതാ:-
1. പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ക്ക് പകരം പാകം ചെയ്യാത്തവ വാങ്ങുക:-
പാകം ചെയ്ത ഭക്ഷണസാധനങ്ങളെ (ഉദാ:- അച്ചാറുകള്‍ പോലുള്ളവ) അപേക്ഷിച്ചു നോക്കുമ്പോള്‍ പാകം ചെയ്യാത്തവ ചെലവ് കുറവാണ്. ഇവ വീട്ടില്‍ തന്നെ ഉണ്ടാക്കുകയാണ് ഉത്തമം. അവയില്‍ ആരോഗ്യത്തിനു ഹാനികരമായ മറ്റു രാസവസ്തുക്കളോ ഒന്നും തന്നെ ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യാം.
2. കഴിയുന്നതും വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുക:-
ജോലിക്കാരായവര്‍ പ്രത്യേകിച്ചും ഏറെ തിരക്കുള്ളവര്‍ ആണ്. അങ്ങനെയാവുമ്പോള്‍ ജോലിസമയം കഴിഞ്ഞ് എന്തെങ്കിലും ഫാസ്റ്റ് ഫുഡ് സാധനങ്ങളോ, മറ്റോ വാങ്ങികൊണ്ടുവന്നു കഴിക്കുകയാണ് പതിവ്. എന്നാല്‍, ഇത് ചെലവ് കൂട്ടുകയും ചെയ്യും, ഒപ്പം ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ജോലിയുള്ള ദിവസങ്ങളില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഭക്ഷണങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങിവെയ്ക്കുക. അപ്പോള്‍ വേഗം തന്നെ അവ പാകം ചെയ്യാനും സാധിക്കും, ചെലവ് കുറയ്ക്കുകയും ചെയ്യാം.
3. അതത് കാലങ്ങളില്‍ ധാരാളമായി കിട്ടുന്നവ ഉപയോഗിക്കുക:-
ഓരോ സീസണിലും ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ഇങ്ങനെ ധാരാളമായി വാങ്ങി ഉപയോഗിക്കാം. അവ വേണ്ട രീതിയില്‍ ഉണക്കിയോ, പാകം ചെയ്തു സൂക്ഷിച്ചോ സീസണ്‍ കഴിഞ്ഞാലും ഉപയോഗിക്കാം. വേനല്‍ക്കാലത്തും മറ്റും ഇങ്ങനെ ചെയ്യുന്നതു വളരെ നല്ലതാണ്. മാങ്ങ, ചക്ക, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ ഉണ്ടാക്കി സൂക്ഷിക്കാം. ഒരുമിച്ചു വാങ്ങുമ്പോള്‍ ചിലവും കുറയും.
4. വലുപ്പമേറിയ ഫ്രിഡ്ജ് വാങ്ങുക:-
വലുപ്പമുള്ള ഒരു ഫ്രിഡ്ജ് ഉണ്ടെങ്കില്‍ പല സാധനങ്ങളും നമുക്ക് ഒന്നിച്ചുവാങ്ങി സൂക്ഷിച്ചു വെയ്ക്കാന്‍ സാധിക്കും. പച്ചക്കറികള്‍ കുറച്ചു കൂടുതല്‍ അളവില്‍ വാങ്ങി അരിഞ്ഞു, വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാം. പഴങ്ങളും ഇതുപോലെ വാങ്ങി വെയ്ക്കാം. മാംസം ഒരുമിച്ചു വാങ്ങുമ്പോള്‍ ലാഭത്തില്‍ കിട്ടും. അവയും വേവിച്ച്, ഓരോ ദിവസത്തെയ്ക്കുമുള്ളത് പല പാത്രങ്ങളില്‍ സൂക്ഷിച്ചുവെയ്ക്കാം. മത്സ്യം ഒന്നിച്ചു വാങ്ങി വൃത്തിയാക്കി ഉപ്പുപുരട്ടിയ ശേഷം, പ്ലാസ്റ്റിക് കൂടകളില്‍ ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ സമയവും ലാഭം, പണവും ലാഭം.
5. പലചരക്ക് സാധനങ്ങള്‍ ലിസ്റ്റ്പ്രകാരം വാങ്ങുക:-
ആഴ്ച അല്ലെങ്കില്‍ മാസക്കണക്കിനു പലചരക്കുസാധനങ്ങള്‍ ഒരുമിച്ചു വാങ്ങുന്നതാണ് നല്ലത്. അതിനായി ഒരു ലിസ്റ്റ് തയ്യാറാക്കണം. ആവശ്യം വേണ്ടുന്ന സാധനങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുക. കടയില്‍ പോകുമ്പോള്‍, ലിസ്റ്റില്‍ പെടുത്താത്ത ഒന്നും തന്നെ വാങ്ങരുത്. കാരണം, ഇങ്ങനെ വാങ്ങുന്നവയാണ് ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
6. അടുക്കളത്തോട്ടം ഉണ്ടാക്കുക:-
അടുക്കളഭാഗത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നത് നമ്മുടെ ആഹാരച്ചിലവുകളില്‍ ഗണ്യമായ കുറവ് വരുത്തും. ചീര, വെണ്ട, തക്കാളി, പച്ചമുളക്, കറിവേപ്പ്, വാഴ എന്നിവ വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ നട്ടു വളര്‍ത്താവുന്നതാണ്. വേണ്ടുന്ന സമയത്ത് ഉപയോഗിക്കുകയും ചെയ്യാം.
7. നിങ്ങളുടെ ചുറ്റുവട്ടത്ത് ലഭ്യമായ കടകളില്‍ ലാഭകരമായത് തിരഞ്ഞെടുക്കുക:-
നിങ്ങളുടെ ചുറ്റുവട്ടത്തുള്ള പലരോടായി അന്വേഷിച്ചാല്‍ ലാഭകരമായ കട ഏതെന്നു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. കാരണം, പല കടകളിലും പല രീതിയിലായിരിക്കും വിലനിലവാരം.
8. ഭക്ഷണസാധനങ്ങള്‍ ഒന്നിച്ചു വാങ്ങുക:-
കൂടിയ അളവില്‍ ഭക്ഷണസാധനങ്ങള്‍ ഒന്നിച്ചു വാങ്ങുന്നത് നല്ലതാണ്. കാരണം, ചെറിയ അളവില്‍ വാങ്ങുമ്പോള്‍ അതെപ്പോഴും നഷ്ടം തന്നെയായിരിക്കും. അതുപോലെ, ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന പോലെയുള്ള ചില ആനുകൂല്യങ്ങള്‍ ഉള്ള പാക്കുകള്‍ വാങ്ങുക. മാംസം, പച്ചക്കറികള്‍, പലചരക്കു സാധനങ്ങള്‍ എന്നിവ ഇതുപോലെ ഒന്നിച്ചു വാങ്ങി വെയ്ക്കുക. മൊത്തവ്യാപാര സ്ഥാപനങ്ങളില്‍നിന്നും പലചരക്ക് സാധനങ്ങള്‍ ഒന്നിച്ചു വാങ്ങുന്നത് ലാഭകരമായിരിക്കും. അതുപോലെ ചുറ്റുവട്ടത്തുള്ള കൃഷിയിടങ്ങളില്‍നിന്നും പച്ചക്കറിയും മറ്റും നേരിട്ട് പോയി വാങ്ങുന്നത് ഗുണകരമായിരിക്കും. ഇവയെല്ലാം കരുതലോടെ സൂക്ഷിച്ചു വെയ്ക്കുവാന്‍ പാകത്തില്‍ സൌകര്യങ്ങളും, യോജിച്ച പാത്രങ്ങളും മറ്റും വാങ്ങിവെയ്ക്കുക.
ഇതിനെല്ലാം പുറമേ, പരമപ്രധാനമായ കാര്യം എന്തെന്നാല്‍, ആഹാരം വീട്ടില്‍ തന്നെ പാകം ചെയ്യുക. പുറമേ നിന്നുമുള്ള ആഹാരം കുറയ്ക്കുക. എങ്കില്‍ നിങ്ങളുടെ ആഹാരചിലവുകള്‍ വളരെ കുറവായി നിലനിര്‍ത്താന്‍ സാധിക്കും.