എങ്ങനെയാണ് അമ്മമാര്‍ അവരുടെ കൌമാരക്കാരായ കുട്ടികളെ ദു:സ്വാധീനം ചെലുത്തുന്ന സുഹൃത്തുക്കളില്‍നിന്നും വേര്‍പിരിക്കുന്നത്? കൂട്ടുകാരുടെ സംഘത്തില്‍ചേര്‍ന്ന് നടക്കുന്ന കൌമാരക്കാരായ മക്കളുള്ള ഇത്തരം അമ്മമാരുടെ വ്യാകുലതകളിലെയ്ക്കാണ് നമ്മള്‍ കടന്നു ചെല്ലുന്നത്. തങ്ങളുടെ കാര്യങ്ങളില്‍ അമ്മമാര്‍ ഇടപെടുന്നത് ഇഷ്ടമില്ലാത്തവരും, തങ്ങളുടെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് മാതാപിതാക്കളല്ല എന്ന് കരുതുന്നവരുമാണ്, കുട്ടികള്‍. ഈ പ്രശ്നം നേരിടുന്നതിനായുള്ള തന്ത്രപരമായ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:-
“എനിയ്ക്കവളെ/അവനെ ഒട്ടും ഇഷ്ടമല്ല” പോലുള്ള പ്രസ്താവനകള്‍ ഒഴിവാക്കുക:-
നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കളില്‍ ആരെയെങ്കിലും ഇഷ്ടമല്ല എന്ന നേരിട്ടുള്ള പ്രസ്താവനകള്‍ക്ക് പകരം, നിങ്ങളെ വ്യാകുലപ്പെടുത്തുന്ന അവളുടെ പെരുമാറ്റരീതികളെക്കുറിച്ച് സോദാഹരണം അറിയിക്കാം. ഒരിക്കലും കുട്ടിയുടെ സുഹൃത്തിനെക്കുറിച്ച് നേരിട്ട് വിമര്‍ശിക്കാതിരിക്കുക. അതുമൂലം നിങ്ങളുടെ കുട്ടിയ്ക്ക് നിങ്ങളോട് വിരോധം മാത്രമേ തോന്നുകയുള്ളൂ. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ കുട്ടിയുടെ സൌഹൃദബന്ധങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുക. കുഴപ്പങ്ങള്‍ ഉണ്ടോ എന്നതും അറിയുക.
പരിധികള്‍ വെയ്ക്കുക:-
നിങ്ങള്‍ക്ക് സ്വന്തം കുട്ടിയുടെ സുഹൃത്തുക്കളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വെയ്ക്കാന്‍ കഴിയണം എന്നില്ല. എന്നാല്‍, അവരോടൊത്തുള്ള കുട്ടിയുടെ ഇടപഴകലിനും മറ്റും പരിമിതികള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. വൈയക്തികമായി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ല. എന്നാല്‍, നിങ്ങള്‍ക്ക് കുട്ടിയോട് കാര്യങ്ങള്‍ പൊതുവായി എന്നോണം പറഞ്ഞു മനസ്സിലാക്കാം. എന്നുവെച്ചാല്‍, സുഹൃത്തുക്കള്‍ എന്തെങ്കിലും പ്രശ്നങ്ങളില്‍ പെട്ടുപോയാല്‍, കുട്ടി അതില്‍ ഇല്ലെങ്കില്‍ കൂടി അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞു മനസ്സിലാക്കാം. മക്കളുടെ കൂട്ടുകാരെ ഇടയ്ക്കിടെ വീട്ടിലേയ്ക്ക് ക്ഷണിക്കുക. അങ്ങനെ വരുമ്പോള്‍ അവരെ കൂടുതല്‍ അടുത്തറിയാനും, അതില്‍ കുഴപ്പക്കാര്‍ ഉണ്ടെങ്കില്‍ തിരിച്ചറിയുവാനും സാധിക്കും.
കാര്യങ്ങള്‍ തുറന്നുതന്നെ സംസാരിക്കുക:-
കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ മക്കള്‍ക്ക് അവരുടെ എല്ലാ സ്വാതന്ത്ര്യവും ഉപയോഗിക്കാം എന്നത് നിങ്ങളുടെ കുട്ടിയ്ക്ക് ഉറപ്പ് വരണം. എന്നാല്‍, അവര്‍ നിങ്ങള്‍ക്ക് കൂടി സ്വീകാര്യരായിരിക്കുകയും വേണം. അപ്പോള്‍ എല്ലാ കാര്യങ്ങളും നിങ്ങളുടെ പരിധിയില്‍ തന്നെ നില്‍ക്കും. എന്നും വൈകീട്ട് മക്കളുമായി അവരുടെ കൂട്ടുകാരെക്കുറിച്ചും, അവര്‍ എങ്ങനെ സമയം ചിലവിടുന്നു എന്നതിനെക്കുറിച്ചും തുറന്നു സംസാരിക്കാന്‍ സമയം കണ്ടെത്തുമ്പോള്‍ കാര്യങ്ങള്‍ വളരെ അനായാസേന അറിയാനും, കൈകാര്യം ചെയ്യുവാനും നിങ്ങള്‍ക്ക് സാധിക്കും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, പല കുട്ടികളും പല പല സാഹചര്യങ്ങളില്‍ ഉള്ള പല കുടുംബങ്ങളില്‍നിന്നും വരുന്നവരായിരിക്കും, അവരെ ആ രീതിയില്‍ കാണുവാന്‍ ശ്രമിക്കുക.
ആവശ്യം വേണ്ടുന്ന സമയത്ത് കടുത്ത നിലപാട് എടുക്കുക:-
നിങ്ങളുടെ എത്ര മികച്ച ശ്രമങ്ങളുണ്ടായാലും, കുട്ടികള്‍ അവര്‍ക്ക് മനസ്സില്‍ തോന്നിയത് ചെയ്യുക തന്നെ ചെയ്യും. അതുപോലെ, നിങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയോ, ആരെയെങ്കിലും ഇതുപോലെ നിഷേധിക്കുകയോ ചെയ്‌താല്‍, ഒരു കാന്തിക ശക്തി പോലെ നിങ്ങളുടെ കുട്ടി അവരോടു കൂടുതല്‍ അടുക്കുകയാണ് ചെയ്യുക. എന്നാല്‍, ഇത്തരം സൌഹൃദങ്ങള്‍ മുളയിലെ നുള്ളുന്നത് തന്നെയാണ് ഏറ്റവും ഉചിതം. ചീത്ത കൂട്ടുകെട്ടുകള്‍ ആണ് നിങ്ങളുടെ കുട്ടിയുടെ മേലുള്ള ഏറ്റവും മോശപ്പെട്ട സ്വാധീനം. അവശ്യം വന്നാല്‍ നിങ്ങളുടെ കുട്ടിയെ പ്രസ്തുത സുഹൃത്തിന്‍റെ കൂടെ പുറത്ത് പോകുന്നതില്‍നിന്നും കര്‍ശനമായി വിലക്കുക. എന്നിട്ട്, മക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് അവരെയും കൂട്ടി ഇടയ്ക്കൊക്കെ പോവുക. ചിലപ്പോള്‍, പ്രസ്തുത സുഹൃത്തിനെ കൂടെ കൊണ്ടുപോകാം എന്ന് അവര്‍ ആവശ്യപ്പെട്ടേക്കാം. കര്‍ക്കശമായി പറ്റില്ലെന്ന് തന്നെ പറയുക. മറ്റേതു സുഹൃത്തിനെയും കൂടെ കൂട്ടാം എന്നും പറയാം. അതുപോലെ, അവര്‍ക്ക് ആസ്വാദ്യകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ അനുവദിക്കുകയും വേണം, നിങ്ങള്‍ക്ക് വിശ്വാസമുള്ള സുഹൃത്തുക്കളോടൊപ്പം കൂടാന്‍ അവരെ യഥേഷ്ടം അനുവദിക്കുക.
മക്കളെ ശരിയാംവിധം പറഞ്ഞു ബോധ്യപ്പെടുത്തുന്നതില്‍ ആണ് നിങ്ങളുടെ കഴിവ് ഇരിക്കുന്നത്. അവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുക. പിന്നെ, നിങ്ങള്‍ പറയുന്നത് അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കും, തീര്‍ച്ച!