സാമ്പത്തികപ്രശ്നങ്ങള്‍ മറികടക്കാന്‍ 8 ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍

Date:

spot_img

സ്വന്തം സാമ്പത്തികനിലയെക്കുറിച്ച് നിങ്ങള്‍ക്ക്‌ ആശങ്കയും, ഉത്കണ്ഠയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഒറ്റയ്ക്കല്ല. ഇക്കാലത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ നിങ്ങളുടെ ഈ അവസ്ഥ നേരിടുന്നുണ്ട്. സാമ്പത്തികപ്രശ്നങ്ങള്‍ മൂലമുള്ള മാനസികസമ്മര്‍ദ്ദം ഇപ്പറയുന്നവരുടെ സുരക്ഷിതത്വബോധവും, സന്തോഷവും നശിപ്പിച്ചുകളയുന്നു. അങ്ങനെ, ബാങ്ക് അക്കൌണ്ട് മാത്രമല്ല വറ്റി വരളുന്നത്, മറിച്ച് നിങ്ങളുടെ ശാരീരിക –വൈകാരികക്ഷമതയും കൂടിയാണ്. തദ്വാരാ നിങ്ങളുടെ ആരോഗ്യം, ബന്ധങ്ങള്‍, ഉത്പാദനക്ഷമത, ആനന്ദം എല്ലാം ബാധിക്കപ്പെടുന്നു.

സാമ്പത്തികസമ്മര്‍ദ്ദം മറികടക്കാന്‍ വളരെ പ്രായോഗികവും, എളുപ്പം സാധിക്കുന്നതുമായ  8 മാര്‍ഗ്ഗങ്ങള്‍ ഇതാ:-

  1. കൃതജ്ഞതാബോധം എപ്പോഴും കാത്തുസൂക്ഷിക്കുക:-

കുറച്ചു നേരം ശാന്തമായിരിക്കുക. എന്നിട്ട്, നിങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് കൃതജ്ഞരാണെന്നുള്ള ഒരു പട്ടിക തയ്യാറാക്കുക. കൃതജ്ഞതാമനോഭാവത്തില്‍ മനസ്സൂന്നിയിരിക്കുമ്പോള്‍ ഉത്കണ്ഠയും, ഉള്‍ഭയവും തോന്നുക കുറയും. നിങ്ങള്‍ക്ക്‌ മതിപ്പ് തോന്നുന്ന ആരെയെങ്കിലും കുറിച്ച് ചിന്തിക്കുക. അങ്ങനെയുള്ള വ്യക്തികള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടെങ്കില്‍, അവരോടു ഇക്കാര്യം തുറന്നു പറയുക. ഇങ്ങനെ കൃതജ്ഞത രേഖപ്പെടുത്തുന്നത്തിലൂടെയും, അഭിനന്ദനം അറിയിക്കുന്നതിലൂടെയും നിങ്ങള്‍ക്ക്‌ സാമ്പത്തികപ്രശ്നങ്ങള്‍ മാത്രമല്ല, ജീവിതത്തിലെ പല പ്രശ്നങ്ങളെയും നേരിടാനുള്ള ഒരു പുതിയ ഊര്‍ജ്ജം രൂപപ്പെടുന്നതായി അത്ഭുതകരമായി അനുഭവപ്പെടും.

2. കൂടുതല്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ചെയ്യുക:-

നിങ്ങളുടെ സാമ്പത്തികപ്രശ്നങ്ങളെ കൂടുതല്‍ വസ്തുനിഷ്ഠമായി സമീപിക്കുക. ഇതേ സാഹചര്യത്തിലുള്ള ഒരാള്‍ക്ക്‌ നിങ്ങള്‍ ഉപദേശം കൊടുക്കാനുദ്ദേശിക്കുന്നുവെങ്കില്‍, അത് എപ്രകാരമായിരിക്കും? ഇങ്ങനെ നിങ്ങളില്‍നിന്നും സ്വയം മാറിനിന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

3. നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുക:-

നിങ്ങളുടെ ശ്രദ്ധ കുറച്ചു നേരത്തേയ്ക്ക് മാറ്റുക. നിങ്ങളുടെ പ്രശ്നങ്ങളില്‍നിന്നും വ്യതിചലിച്ച ശേഷം, നിങ്ങള്‍ക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍, ആഡംബരങ്ങള്‍ എന്നിവയെ കുറിച്ചോര്‍ക്കുക. ഈ ലോകത്തില്‍ പലരും തികഞ്ഞ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. നമ്മളെക്കാള്‍ ദൌര്‍ഭാഗ്യരായ ആളുകളാണ്‌ ചുറ്റും. അവരുടെ അവസ്ഥ ആലോചിക്കുമ്പോള്‍തന്നെ നമ്മുടെ സാമ്പത്തികപ്രശ്നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഏറെ നിസ്സാരമാണെന്ന് തോന്നും.

4. കാര്യങ്ങളുടെ ഉള്ളിലേയ്ക്ക്‌ കടന്നുചെല്ലുക:-

നിങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത പ്രശ്നങ്ങളുടെ നടുവിലാണെന്ന് തോന്നുന്നുവെങ്കില്‍, അവയുടെ ഉള്ളിലേയ്ക്ക് കടന്നുചെല്ലുന്ന രീതി അവലംബിക്കുക. അത് സാമ്പത്തികപ്രശ്നങ്ങള്‍ മൂലം നിങ്ങളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന ഉത്കണ്ഠയെ പടിപടിയായി മോചിപ്പിക്കും.  വളരെ ലളിതമായി നിങ്ങളുടെ വീക്ഷണം, മനോവ്യാപാരങ്ങള്‍, ചിന്തകള്‍ എന്നിവയെ നേരിടുക മാത്രം ചെയ്യുക.

5. അമിതമായ മടുപ്പിലെയ്ക്ക് നിങ്ങളെ സ്വയം നയിക്കാതിരിക്കുക:-

സാമ്പത്തികരംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിഞ്ഞുവെയ്ക്കുന്നത് പ്രധാനം തന്നെ. എന്നാല്‍, നിത്യവും ഇത്തരം മനസ്സിനെ അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ നിങ്ങളെ അശുഭചിന്തകളിലെയ്ക്ക് ആനയിക്കും. സാമ്പത്തികവാര്‍ത്തകള്‍ കാണുന്നതും, വായിക്കുന്നതും ഒരു വിപരീത മനസ്സോടെ ആകാതെയായിരിക്കാന്‍ ശ്രമിക്കുക. കൂടാതെ, പണത്തെ സംബന്ധിച്ച് വളരെ ശുഭകരമായും, ക്രിയാത്മകമായും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കഥകളും കണ്ടെത്തുക.

6. എല്ലാ കാര്യങ്ങളും മനസ്സില്‍ അടക്കിവെയ്ക്കാതിരിക്കുക:-

 ഈ വിഷയത്തില്‍ ഒരു വിദഗ്ധനെ കണ്ടെത്തുക. അദ്ദേഹത്തോട് നിങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. അദ്ദേഹം പ്രസ്തുത വിഷയത്തില്‍ വേണ്ടത്ര അറിവുള്ള ആളാവണം, മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാകരുത് താനും. സാമ്പത്തിക ഉപദേശകരും, വായ്പ നിര്‍ദ്ദേശകരും നിങ്ങളുടെ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയുന്നവര്‍ ആയിരിക്കും.

7. കുറച്ചു പണം ദാനം നല്‍കുക:-

ഇത് എത്ര എന്നതിലല്ല. എത്രയായാലും, പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കോ, അല്ലെങ്കില്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കോ, ധര്‍മ്മസ്ഥാപനങ്ങള്‍ക്കോ നല്‍കുമ്പോള്‍, നിങ്ങള്‍ ജീവിക്കുന്ന ആ സ്വയംകേന്ദ്രീകൃതലോകത്തുനിന്നും താനേ പുറത്ത് വരുന്നതായി അനുഭവപ്പെടും. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യാന്‍ കഴിഞ്ഞു എന്ന സംതൃപ്തി നിങ്ങളുടെ മനസ്സിന് തന്നെ ഒരു ഊര്‍ജ്ജസ്വലത പകര്‍ന്നു നല്‍കും.

8. നിങ്ങളെ സ്വയം ശിക്ഷിക്കാതിരിക്കുക:-

സ്വയം കുറ്റപ്പെടുത്തിയോ, ലജ്ജിപ്പിച്ചോ നിങ്ങളെ തന്നെ ശിക്ഷിക്കാതിരിക്കുക. സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ട് എന്നതുകൊണ്ട് നിങ്ങള്‍ തോല്‍വി സമ്മതിക്കരുത്. ചിലപ്പോള്‍ സാഹചര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലാകില്ല. ഇത്തരം പ്രതികൂലമായ വികാരവിചാരങ്ങളില്‍നിന്നും നിങ്ങളെ മോചിപ്പിക്കുകവഴി നിങ്ങളുടെ വീക്ഷണം, സഹജാവബോധം എന്നിവ മെച്ചപ്പെടുന്നു. കാര്യങ്ങള്‍ എപ്പോഴും ഇങ്ങനെ തന്നെയായിരിക്കും എന്ന ചിന്താഗതി തന്നെ ഒഴിവാക്കുക.

യഥാര്‍ത്ഥത്തില്‍ സാമ്പത്തികപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, അത് നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാനസികസമ്മര്‍ദ്ദത്തെ ഒഴിവാക്കിനിര്‍ത്തിയാല്‍, അത് കുറച്ചു നിമിഷത്തെയ്ക്കാണെങ്കില്‍പോലും, അതിലൂടെ പുതിയ ആശയങ്ങളും, പുതിയ പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ സാധിക്കും.

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!