A woman is like a tea bag- you never know how strong she is until she gets in hot water
– Roosevelt
അതെ, സ്ത്രീകൾ ഒരു ടീ ബാഗ് തന്നെയാണ്. ചൂടു വെള്ളത്തിൽ അലിയുന്നതുവരെ ശക്തി പ്രകടിപ്പിക്കാൻ കഴിയാതെ പോയവർ. ഇന്നലെ വരെ തങ്ങളോട് സമൂഹം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന, പെണ്ണൊരുവളുടെ തിരിച്ചറിവിന്റെ നിമിഷവും അവൾ തന്നെതന്നെ വീണ്ടെടുത്തതിന്റെയും ചരിത്രമാണ് ലോക വനിതാ ദിനം. സ്വപ്രത്യയസ്ഥൈര്യത്തോടും ആത്മവിശ്വാസത്തോടും ആത്മബലത്തോടും കൂടി തങ്ങൾ ലോകത്തെ കാണേണ്ടതുണ്ടെന്ന അവളുടെ ബോധ്യപ്പെടലുകളെ അടയാളപ്പെടുത്തിയ ദിനം. മാർച്ച് എട്ട്. ലോക വനിതാദിനം. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ഉറക്കെ സംസാരിക്കാനുള്ള ദിനം. ബാലൻസ് ഫോർ ബെറ്റർ എന്നാണ് ഈ വർഷത്തെ വിഷയം.
സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ 1909 ഫെബ്രു
വ രി 28 ന് ന്യൂയോർക്കിൽ വച്ചായിരുന്നു ആദ്യമായി വനിതാദിനാചരണത്തിന് തുടക്കം കുറിച്ചത്.ആ വിജയവും അത് മുന്നോട്ടുവച്ച പുരോഗമനപരമായ ആശയങ്ങളുമാണ് വർഷം തോറുമുള്ള ദിനാചരണത്തിന് പ്രേരണയായത്. 1917 മുതൽ മാർച്ച് എട്ട് ലോകവനിതാദിനമായി ആചരിച്ചുതുടങ്ങി.
കുറഞ്ഞ ശമ്പളത്തിനും ദീർഘസമയത്തെ ജോലിക്കെതിരെയുമായിരുന്നു സ്ത്രീകളുടെ ആദ്യത്തെ ഈ മുന്നേറ്റം എന്നതുകൊണ്ടുതന്നെ തൊഴിൽ മേഖലയിലെ ചൂഷണവും ലിംഗസമത്വവും ലിംഗനീതിയും ഇതിന്റെ പ്രധാന ഉള്ളടക്കമായി.സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതുതന്നെയായിരുന്നു വനിതാദിനം ലക്ഷ്യമിട്ടതും ഇന്നും അതുതന്നെയാണ് തുടർന്നുപോരുന്നതും. ചില അതിരുകളിലേക്കും ചില അരുതുകളിലേക്കും സമൂഹവും കുടുംബവും ചേർന്ന് അവളെ മാറ്റിനിർത്തിയിരുന്നു. നീ ഇവിടം വരെ… ഇതിനപ്പുറം നീ കടക്കരുത്. അതെ, അന്ന് പുരുഷൻ സ്ത്രീക്കു മുമ്പിൽ വരച്ചുവച്ചത് എല്ലാ അർത്ഥത്തിലും ഒരു ലക്ഷമണ രേഖ തന്നെയായിരുന്നു. അതിൽ അവൾ ഏറെക്കാലം തളയ്ക്കപ്പെട്ടു കിടന്നു.
ജീവിതം ഡ്രോയിംങ് ലൈനുകളിൽ ചെലവഴിച്ചു മാത്രമല്ല ആ ലൈനുകളെ ഭേദിച്ചും തങ്ങൾക്ക് ജീവിക്കാമെന്ന് വൈകിയെങ്കിലും അവൾ പിന്നീട് തിരിച്ചറിഞ്ഞു. അതൊരു ഉയിർത്തെണീല്പായിരുന്നു. പുരുഷനും സ്ത്രീയും ജൈവശാസ്ത്രപരമായി ഭിന്നരാണെങ്കിലും തുല്യജീവിതത്തിനും തുല്യ ജോലിക്കും അവകാശമുള്ളവരാണെന്ന് അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. ലിംഗാടിസ്ഥാനത്തിൽ മാറ്റിനിർത്തപ്പെട്ടിരുന്ന പല മേഖലകളിലേക്കും അവൾ ഓടിക്കയറി. പുരുഷൻ മാറ്റിനിർത്തിയിരുന്ന പല ജോലി മേഖലകളും വിജയപന്ഥാവുകളും തങ്ങൾക്കും പ്രാപ്യമാണെന്ന് ഇതിനകം ലോകത്തോട് വിളിച്ചുപറഞ്ഞ അനേകം സ്ത്രീകളുണ്ട്.
പുരുഷന്മാരെ പോലെ തന്നെ പൊരിവെയിലിൽ ടാറിംങ് ജോലി നടത്തുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ. കെട്ടിടപ്പണിക്കാരായ സ്ത്രീകളുമുണ്ട്. അപ്പോൾ ജോലി പോലെയുള്ളവയെ മുൻനിർത്തി മാത്രം സ്ത്രീയെ തുല്യരായി പരിഗണിക്കുന്നത് നല്ല മനോഭാവമല്ല. ചില ജോലികൾ ചെയ്തതുകൊണ്ടോ ചില നേട്ടങ്ങൾ കൈവരിക്കുന്നതുകൊണ്ടോ മാത്രമായിരിക്കരുത് സ്ത്രീകളുടെ മഹത്വത്തെ നാം അംഗീകരിക്കേണ്ടത്, തുല്യരായി പരിഗണിക്കേണ്ടത്.
നമ്മുടെ സമൂഹം പലപ്പോഴും പലയിടത്തും പുരുഷമേധാവിത്വ സ്വഭാവമുള്ളവയാണ്. അതുകൊണ്ടാണ് സമത്വത്തെക്കുറിച്ച് പലയിടത്തു നിന്നും വാദങ്ങളുയരുന്നത്. കുടുംബം പോലെയുള്ള ചെറുപതിപ്പുകളിലും കുട്ടികൾ കണ്ടുവരുന്നത് പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതി തന്നെയാണ്. അവിടെ ഭർത്താവ് അല്ലെങ്കിൽ അച്ഛൻ എന്ന സുപ്രീം പവർ കാര്യങ്ങൾ തീരുമാനിക്കുകയും മറ്റുള്ളവർ അതിന് വിധേയരാവുകയും ചെയ്യുന്നു.
(അല്ലാതെയുള്ള ചില കുടുംബങ്ങളുമുണ്ട് എന്ന് മറക്കുന്നില്ല. സ്ത്രീകൾ അടക്കി ഭരിക്കുന്ന കുടുംബങ്ങളും സ്ത്രീയും പുരുഷനും തുല്യ പദവിയും ജോലികളും പങ്കിടുന്ന കുടുംബങ്ങളുമാണവ). ഇത്തരം പതിവുകാഴ്ചകൾ കണ്ടുവളരുന്ന കുട്ടികൾ മനസ്സിലാക്കുന്നത് സ്ത്രീകൾ രണ്ടാം തരക്കാരാണെന്നാണ്. ഈ കുട്ടികളാണ് പില്ക്കാലത്ത് സ്ത്രീകളെ പുച്ഛത്തോടെ കാണുന്നതും അവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതും. കുടുംബങ്ങളിൽ കണ്ടുവളരുന്ന സ്ത്രീസമത്വമാണ് ഭാവിയിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ കുടുംബങ്ങളിലാണ് ഇക്കാര്യത്തിൽ ആദ്യം മാറ്റം വരുത്തേണ്ടത്.
സ്ത്രീത്വത്തെ അപഹസിക്കുകയോ അവരെ വില കുറച്ചു കാണുകയോ ചെയ്യുന്ന ഡയലോഗുകൾ പറയുകയില്ലെന്നും എഴുതുകയില്ലെന്നുമൊക്കെ ചില കലാകാരന്മാർ അഭിപ്രായപ്പെട്ടത് ഇവിടെ ഓർമ്മിച്ചുപോകുന്നു. പുരുഷമേധാവിത്വത്തോടെ നിലകൊള്ളുന്ന സിനിമാമേഖലയിൽ ഒറ്റപ്പെട്ടതാണെങ്കിലും ചില ശക്തമായ സ്ത്രീശബ്ദങ്ങൾ ഉയർന്നുപൊങ്ങുന്നതും വെറും കെട്ടുകാഴ്ചകളായി തങ്ങളെ മാറ്റിനിർത്തിയതിനെതിരെ കലാപം ഉയർത്തുന്നതുമൊക്കെ സ്ത്രീകളോടുള്ള മാറുന്ന മനോഭാവങ്ങളുടെയും സ്ത്രീകൾ തന്നെ തങ്ങളുടെ മൂല്യം തിരിച്ചറിയുന്നതിന്റെയും ചില ബഹിർസ്ഫുരണങ്ങളാണ്. ‘മീ റ്റൂ’ പോലെയുള്ള ഇടപെടലുകളും ആദരിക്കപ്പെടേണ്ടവയാണ്.
ഫെമിനിസവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളുടെ അവകാശത്തെയും തുല്യതയെയും കുറിച്ചൊക്കെ ചർച്ചകൾ രൂപപ്പെടുന്നത് എന്നതുകൊണ്ടു തന്നെ ഇത്തരം ചില ആചരണങ്ങൾ പുരുഷന്മാരെ അന്യായമായി പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ ആക്കാറുമുണ്ട്. അതുകൊണ്ടാണ് ചില സ്ത്രീകൾ പുരുഷന്മാരെ ചീത്തവിളിക്കുന്നതും ദുഷിച്ചുസംസാരിക്കുന്നതുമാണ് സ്ത്രീസമത്വമെന്ന ധാരണയിൽ പ്രതികരണങ്ങൾ അഴിച്ചുവിടുന്നത്. സോഷ്യൽ മീഡിയയിലെ ചില വീഡിയോകളും കുറിപ്പുകളും കമന്റുകളും അക്കാര്യമാണ് വ്യക്തമാക്കുന്നത്. ചില പുരുഷന്മാരെക്കുറിച്ച് ചില സ്ത്രീകൾക്ക് വിയോജിപ്പുകൾ ഉള്ളതുപോലെ ചില സ്ത്രീകളെക്കുറിച്ച് ചില പുരുഷന്മാർക്കും വിയോജിപ്പുകൾ ഉണ്ട് എന്ന് മറക്കരുത്.
സ്ത്രീ, അവൾ ആരുമായിരുന്നുകൊള്ളട്ടെ പുരുഷനെ അധിക്ഷേപിക്കുന്നതും അവനെ മാത്രം കുറ്റക്കാരനാക്കുന്നതും ഒരിക്കലും സ്ത്രീസമത്വമോ ഫെമിനിസമോ അല്ല. തുല്യ ആദരവോടും തുല്യ നീതിയോടും തുല്യ പങ്കാളിത്തത്തോടും കൂടി ചിറകുവിരിച്ചുപറക്കാനുള്ളതാണ് സ്ത്രീയുടെയും പുരുഷന്റെയും ആകാശങ്ങൾ. അവിടെ ഒരാളുടെ ചിറക് അരിയുന്നതും കാലു കെട്ടുന്നതും നീതിനിഷേധമാണ്. പുരുഷൻ സ്ത്രീയെ ആദരവോടെ കാണുന്നതുപോലെ തന്നെ പുരുഷനെ സ്ത്രീയും ആദരവോടും ബഹുമാനത്തോടും കാണണം. സ്നേഹിക്കണം. കാരണം പുരുഷന് സ്ത്രീയെ മാത്രമല്ല സ്ത്രീക്ക് പുരുഷനെയും ആവശ്യമാണ്. പുരുഷൻ സ്ത്രീക്ക് നല്കുന്ന മാന്യത തിരികെ പുരുഷനും അവകാശപ്പെട്ടതാണ്.
വനിതാദിനം ആഘോഷിക്കുമ്പോൾ ഓരോ സ്ത്രീയും അവനവരോട് തന്നെ ചോദിക്കണം, ഈ ആചരണം കൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത്. എനിക്ക് എന്താണ് വേണ്ടത്? പരസ്പരാദരവുകളോടെ…
Every man needs a woman when his life is a mess, because just like the game of chess- the
queen protects the king