രാഹുൽ എന്നെ വിളിക്കുമ്പോൾ അവന്റെ സ്വരത്തിലെ സങ്കടം എന്നെ അസ്വസ്ഥ പ്പെടുത്തി. മൂന്ന് മണിക്കൂറിനകം കൂട്ടുകാരനെയും കൂട്ടി നട്ടുച്ചവെയിലത്ത് എന്റെ അടുത്തെത്തുമ്പോൾ അവൻ നന്നേ വിഷമിച്ചതുപോലെ.. ”എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ ഇവന്റെ പോക്കത്ര ശരിയല്ല. ഒന്നു സംസാരിച്ചേ സിസ്റ്ററെ,” .സ്വന്തം കൂട്ടുകാരന്റെ മാറ്റങ്ങൾ തെറ്റിന്റെ വഴിയെ നടന്നുതുടങ്ങിയതിന്റെ പ്രതിഫലനമാണെന്നു തിരിച്ചറിഞ്ഞ ഒരു ‘ചങ്ക് ബ്രോ’യാണ് ഈ രാഹുൽ. സൗഹൃദങ്ങൾക്ക് ആഴമില്ല എന്നതാണ് ഈ കാലത്തിന്റെ പേരായ്മകളിലൊന്ന് എന്ന് ചുണ്ടിക്കാണിക്കുന്നവരോട് വിയോജിക്കാൻ എനിക്ക് ഒന്നല്ല, ഒരുപാട് രാഹുലുമാരുടെ കഥകൾ ബലമായുണ്ട്. ഇന്നത്തെ യുവതയെ അടുത്തുനിന്ന് നോക്കിക്കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരാളെന്ന രീതിയിൽ അവരുടെ സൗഹൃദക്കൂട്ടുകളിലെ ആത്മാർത്ഥത എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. വച്ചുകെട്ടലുകളില്ലാതെ, പുറംപൂച്ചുകളില്ലാതെ, ആഘോഷിക്കപ്പെടുന്ന തികച്ചും പച്ചയായ സൗഹൃദങ്ങൾ ഇന്നത്തെ യുവതലമുറയുടെ പ്രത്യേകതയാണ്. പാരസ്പര്യബന്ധങ്ങളിൽ അവർ ഊന്നൽ നല്കുന്നത് സ്വാതന്ത്ര്യത്തിനാണ് എന്നും എനിക്ക് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ ഒരു 20, 15 വർഷങ്ങൾക്കു മുൻപ് യുവത്വം ആഘോഷിച്ചവർക്ക് ഈ സ്വാതന്ത്ര്യത്തിത്തിന്റെ അർത്ഥം തന്നെ മനസ്‌സിലാവണമെന്നില്ല. ആണ്‌പെണ്ണ് കൂട്ടുകളിലും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഈ ആദരവ് മുമ്പത്തേക്കാൾ പ്രകടമായിരിക്കുന്നു.
എന്തിനോടും മനസ്സിന്റെ തുറവിയോടെ ഇടപെടാൻ ഇന്നിന്റെ യുവതയ്ക്കു പ്രത്യേക കഴിവാണ്. സങ്കോചങ്ങളില്ലാതെ, അനാവശ്യ നാണത്തിന്റെ തടസങ്ങളില്ലാതെ തന്നെയും മറ്റുള്ളവരെയും വെളിപ്പെടുത്താൻ മടിയില്ലാത്ത വ്യക്തിത്വങ്ങൾ തീർച്ചയായും പഴയ തലമുറക്ക് തുറവിയുടെ പുതിയ പാഠങ്ങളാണ്. ജീവിത അനുഭവങ്ങളോട്, മത്സരങ്ങളോട്, സങ്കടങ്ങളോട്, ഭാവിയോട്, ബന്ധങ്ങളോട് .. ഒക്കെ അവരീ തുറവി പുലർത്തുന്നുണ്ട്. അതിനാലാവാം വൈരാഗ്യം മൂത്തുള്ള ആക്രമണങ്ങളും നിരാശപ്പെട്ടുള്ള ജീവിതശൈലികളും യുവജനങ്ങളിൽ ഇന്ന് കുറവാണ്. അതൊരു നല്ല സൂചകമാണ്.
പ്ലസ് ടു കഴിഞ്ഞതെയുള്ളൂ അജയ്. പുതിയ കോഴ്‌സിന് ചേരുന്ന കാര്യം പറയാനാണ് എന്റെ അടുത്തെത്തിയത്. ആളാകെ മാറിയിരിക്കുന്നു. കാണാനുണ്ടായ ഇത്തിരി നീണ്ട ഇടവേളയാവാം കാരണം എന്നു പറഞ്ഞപ്പോഴേയ്ക്കും ഉത്തരം ഉടനെത്തി. അല്ല, സിസ്റ്ററെ, ഞാൻ ബോഡി ബിൽഡർആണ്. ങ്‌ഹേ!!എനിക്ക് ആശ്ചര്യം അടക്കാനായില്ല. ക്ലാസ്സിലെ ഒരു ‘പാവം പയ്യൻ’ ഇമേജ് ഉണ്ടായിരുന്ന എന്റെ അജയ്.!! ബോഡി ബിൽജർ ഒപ്പം പഠനവും. പുതുമയുടെ വഴിയിലൂടെ തന്റേതായ സ്‌പെയ്‌സ് കണ്ടെത്തുന്ന യുവതീയുവാക്കൾ ഇന്ന് കൂടുതലാണ്. തങ്ങളുടെ പോക്കറ്റ് മണി സ്വയം കണ്ടെത്തുവാൻ വേറിട്ട വഴിയിലൂടെ നടക്കാൻ ഇഷ്ടപ്പെടുന്നവർ. പഠനത്തോടൊപ്പം കോളനിയിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അനു, സ്വന്തം കരവിരുതിനാൽ നെയ്‌തെടുക്കുന്ന കൊച്ചു സമ്മാനങ്ങൾ കൂട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ പങ്കുവയ്ക്കുന്ന റോസ്, വൈകുന്നേരങ്ങളിൽ ഡാൻസിനായി സമയം കണ്ടെത്തുന്ന ജോർജ്ജ്, ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി അധ്വാനിക്കുന്ന രേഷ്മ, പഠിച്ചത് എഞ്ചിനീയറിങ് ആണെങ്കിലും കൃഷിയാണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞ് മണ്ണിൽ പണിയെടുക്കുന്ന ആദിൽ, കുക്കിങ് ആണെന്റെ ഹോബ്ബിയും ജോലിയും എന്ന് പറയുന്ന സൗമ്യ, സ്‌പെഷ്യൽ ബി.എഡ് പഠിച്ച് എനിക്ക് ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കണം എന്ന് സ്വയം വാശിപിടിക്കുന്ന അഞ്ജലി.. എത്രപേർ വേണം?? യുവത്വത്തിന്റെ ഊർജ്ജം ഉത്സവമാക്കി മാറ്റുന്നവർ. സ്വന്തം കാര്യത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിൽ ഉപേക്ഷിക്കപെടുന്നവർക്കും പുറം തള്ളപ്പെട്ടവർക്കും ചുറ്റുപാടുകളിൽ സങ്കടപ്പെടുന്നവർക്കും നേരെ കൂട്ടായ ശ്രമങ്ങളാൽ ഹൃദയവും സ്‌നേഹവും നീട്ടിനല്കുന്നവരാണ് ഇന്നത്തെ യുവത. അവിടെ പ്രതിഫലമോ, നേട്ടങ്ങളോ അവർ പരിഗണിക്കുന്നില്ല. തങ്ങളുടെ കഴിവും മിഴിവും നന്മയ്ക്കായി കൊടുക്കാൻ തയ്യാറാണവർ. സോഷ്യൽ മീഡിയയിൽ ലൈക്‌സും ഷെയറും തേടുന്നവരാണ് എന്നും സെൽഫി സംസ്‌കാരത്തിന്റെ ഇരകളാണെന്നും ഒക്കെ പറഞ്ഞു അവരുടെ നേരെ കുറ്റപ്പെടുത്തലിന്റെ വിരൽ ചൂണ്ടുന്നവരോട് നന്മയ്ക്കായി അവർ ഒത്തുകൂടുന്നത് എന്തേ കാണാതെ പോകുന്നു എന്നും ചോദിക്കട്ടെ. ആദ്യത്തെ ആകാംഷയ്ക്കു ശേഷം ഇപ്പോൾ കൈവെള്ളയിൽ ഒതുങ്ങുന്ന മാധ്യമ ഉപകരണങ്ങൾപോലും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ അവർ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ശുഭോതർക്കമാണ്.
സമയമുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ ഒന്നിരിക്കുമോ എന്നുചോദിച്ചതിനാലാണ് ഞാൻ അവരുടെ കൂട്ടായ്മയിൽ എത്തിയത്. 20നും 30നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളും ജോലിക്കാരുമായ യുവതീ യുവാക്കളുടെ ഒരു ചെറു സംഘം. മതവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചുള്ള പൊരിഞ്ഞ ചർച്ചയിലാണ് ഞാൻ അവരുടെ കണ്ണിലെ,വാക്കിലെ, ഹൃദയത്തിലെ അഗ്‌നിയെ തൊട്ടറിഞ്ഞത്. ദൈവവിശ്വാസം, അതിന്റെ പ്രകടന തലങ്ങൾ, വ്യാഖ്യാനങ്ങൾ, എല്ലാം ഗൗരവമായെടുക്കുന്ന ചെറുപ്പക്കാർ നമുക്ക് ചുറ്റുമുണ്ട്. അവരെ കൃത്യമായി പള്ളികളിലോ, അമ്പലത്തിലോ നിങ്ങൾ കണ്ടെന്നു വരില്ല. പക്ഷെ, ആത്മാവിന്റെ അകത്തളങ്ങകളിൽ ദൈവത്തെ കുടിയിരുത്തി, ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അപ്പുറം ദൈവത്തെ, യഥാർത്ഥ സ്‌നേഹത്തെ അന്വേഷിക്കുന്ന, അനുഭവിക്കുന്ന യുവജീവിതങ്ങൾ യാഥാർഥ്യം തന്നെയാണ്. ചട്ടങ്ങളിലോ, ചട്ടക്കൂടുകളിലോ ഒതുങ്ങിപ്പോയ മതസംസ്‌ക്കാരത്തിന്റെ അസ്ഥികൂടങ്ങളോട് അവർക്ക് ഏറെക്കുറെ പുച്ഛവുമാണ്. അനതിവിദൂരതയിൽ ഫോർമൽ സ്ട്രക്ച്ചറിൽ നിന്നു പുറത്തുകടന്ന മതവിശ്വാസം പരിപോഷിപ്പിക്കപ്പെട്ടേക്കാം. തനതായ, സുന്ദരമായ, ലളിതമായ, ആരാധനരീതികൾ അവലംബിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞു കാണുന്നത്. ഇത് ഇന്നത്തെ മതമേലാളന്മാർ ശ്രദ്ധിക്കേണ്ട ഘടകവുമാണ്.
ജീവിതത്തിൽ പുതിയ പരീക്ഷണങ്ങൾ ഇഷ്ട്ടപ്പെടുന്ന, പുത്തൻ സ്ഥലങ്ങളിലേക്ക് യാത്രപോകാൻ താല്പര്യപ്പെടുന്ന, കലയേയും സമൂഹത്തെയും നെഞ്ചേറ്റുന്ന, പഴമയുടെ സുകൃതങ്ങളെ അന്വേഷിച്ച് കണ്ടെത്തി അവതരിപ്പിക്കാനും അനുഭവിക്കാനും വെമ്പൽ കൊള്ളുന്ന ഒരു യുവതലമുറയെ ആണ് ഞാൻ ഇന്നിന്റെ ചുറ്റുവട്ടങ്ങളിൽ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത്