ശക്തമായ വേനല്‍ച്ചൂടില്‍ ഉരുകുകയാണ് മനുഷ്യര്‍. ഈ വേനല്‍ക്കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപിടി കാര്യങ്ങളുണ്ട്. അവ ഏതൊക്കെ അറിഞ്ഞിരിക്കുന്നതും അതനുസരിച്ച് ജീവിതചര്യ ക്രമപ്പെടുത്തുന്നതും വേനലിനെ സുഗമമായി നേരിടാന്‍ ഏറെ സഹായിക്കും.
വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടവയാണ് ശീതളപാനീയങ്ങളും സോഫ്റ്റ് ഡ്രിംഗ്‌സും. ഇതിന് പകരം ചെയ്യേണ്ടത് നല്ലതുപോലെ തിളപ്പിച്ച് ആറിച്ച വെള്ളം കുറച്ചുവീതം ഇടവിട്ട് കുടിക്കുന്നതാണ്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ആഹാരവും വെള്ളവും ഉപയോഗിക്കരുത്. എന്നാല്‍ സംഭാരം, പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, പാല്‍ എന്നിവ ഇടനേരങ്ങളില്‍ കുടിക്കുകയും വേണം. മദ്യപാന ശീലമുള്ളവര്‍ വേനല്‍ക്കാലത്ത് അത് പാടെ ഉപേക്ഷിക്കണം. അതുപോലെ വറുത്തതും പൊരിച്ചതും മസാല, എരിവ്, പുളി എന്നിവ ചേര്‍ന്നതുമായ ഭക്ഷണപദാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. കൂടാതെ കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉപയോഗവും കഴിയുന്നത്ര കുറയ്ക്കണം. ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുന്ന വെള്ളരിക്ക, കക്കരിക്ക, പടവലങ്ങ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, ഓറഞ്ച്, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴങ്ങളും വേനല്‍ക്കാലത്ത് ഒഴിവാക്കരുത്.
അധികമായി വെയിലേല്ക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്നതിനാല്‍ വെയിലത്തുള്ള ജോലി പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് രാവിലെ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം. കൂടുതല്‍ വെയില്‍ കൊള്ളുന്ന ജോലിക്കാര്‍ പലരും ഇതനുസരിച്ച് അവരുടെ ജോലി സമയം ക്രമീകരിച്ചുവരുന്ന പതിവ് ആരംഭിച്ചിട്ടുമുണ്ട്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യം. ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കണം. കാല്‍നടയാത്രക്കാര്‍ കുട കൈയില്‍ ചൂടിയിരിക്കണം. പിണ്ഡതൈലം, ഏലാദികേരം, നാല്‍പ്പാമരാദി കേരം എന്നിവ തേച്ച് രാമച്ചം, വേപ്പിന്‍പട്ട, നാല്‍പ്പാമരപ്പട്ട, നെല്ലിക്കാത്തോട് ഇവയിലേതെങ്കിലും ഇട്ട് വെന്ത തണുത്തവെള്ളത്തില്‍ കുളിക്കുന്നതും അഭികാമ്യമാണ്. രണ്ടുനേരം തണുത്ത വെള്ളത്തില്‍ കുളിക്കണമെന്നതും ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രം കഴുകി ഉണക്കിയതിന് ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ എന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ?