എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. ആത്മവിശ്വാസം വേണം. പക്ഷേ ആത്മവിശ്വാസം അമിതമായാലോ.. അപകടമാണ് എന്നാണ് മനശ്ശാസ്ത്ര- കൗണ്‍സലിംങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം അഭിപ്രായം. ആത്മവിശ്വാസവും അമിതമായ ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തികളുടെ സ്വഭാവപ്രത്യേകതകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. ഉദാഹരണത്തിന് അമിതമായ ആത്മവിശ്വാസമുള്ളവര്‍ ഒരു കാര്യത്തിലും പ്രത്യേകമായ ഒരുക്കങ്ങള്‍ നടത്താറില്ല.
എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നാണ് അവരുടെ മട്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ ഇത്തരക്കാര്‍ ഏതെങ്കിലും വിധത്തില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. എല്ലാവരും തന്നെ ശ്രദ്ധിക്കണം എന്നാണ് അവരുടെ ആഗ്രഹം. അവര്‍ക്ക് മറ്റുള്ളവരെ കളിയാക്കാം, താഴ്ത്തിക്കെട്ടാം, എന്നാല്‍ ആരെങ്കിലും തന്നെ താഴ്ത്തിക്കെട്ടാനോ തന്റെ കുറവ് പറയാനോ വന്നാല്‍ അവര്‍ സമ്മതിച്ചുതരില്ല. അവര്‍ പലപ്പോഴും ഒച്ച ഉയര്‍ത്തി സംസാരിക്കുന്നവര്‍ കൂടിയായിരിക്കും. മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍, നിശ്ശബ്ദരാക്കാന്‍ അവര്‍ കണ്ടെത്തുന്ന എളുപ്പമാര്‍ഗ്ഗം കൂടിയാണ് അത്. അവര്‍ക്ക് എല്ലാ കാര്യത്തിലും പരാതിയും പരിഭവവും ശൂന്യതാബോധവുമായിരിക്കും. എന്നാല്‍ ആത്മവിശ്വാസമുള്ളവരുടെ പ്രധാനഭാവം സന്തോഷവും സംതൃപ്തിയുമായിരിക്കും. അവര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ അറിയാമായിരിക്കും. പക്ഷേ ഒരുക്കത്തോടുകൂടി മാത്രമേ അവരതിന് പുറപ്പെടുകയുള്ളൂ.
മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനോ പരിഹസിക്കാനോ പോകാതെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ആത്മാഭിമാനമുള്ളവര്‍ ശ്രമിക്കുന്നത്. വിവേകപൂര്‍വ്വമായ സംസാരവും ആലോചനാശീലത്തോടെയുള്ളമറുപടികളും അവരുടെ പ്രത്യേകതകളായിരിക്കും. ആത്മവിശ്വാസമാണ് നമുക്കുണ്ടാവേണ്ടതെന്നും അമിതമായ ആത്മവിശ്വാസം അപകടമേ ചെയ്യൂ എന്നും ഇതില്‍ നിന്നും മനസ്സിലായല്ലോ. ഇനി എങ്ങനെയാണ് ആത്മവിശ്വാസം കൈവരിക്കാന്‍ കഴിയുന്നതെന്ന് നോക്കാം. തന്നോടുതന്നെ മതിപ്പും ബഹുമാനവും ഉണ്ടാവുകയാണ് അതിന്റെ ആദ്യത്തെപടി. സ്വയം മതിപ്പു തോന്നാത്ത ഒരാള്‍ക്ക് മറ്റുള്ളവരെയും ബഹുമാനിക്കാന്‍ കഴിയാത്തവരാണ്. അതുകൊണ്ട് നമുക്ക് ആത്മവിശ്വാസം കൈവരിക്കാം. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കുകയും ചെയ്യാം.