കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ

കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല  അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ പഠിപ്പിക്കാനുള്ള കോപ്പുകളൊക്കെ ഓരോ കുട്ടികളിലുമുണ്ട്. കുട്ടികളെ നിരീക്ഷിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഇക്കാര്യം നമുക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കുട്ടികളുടെ കണ്ണിലൂടെ ഈ ലോകത്തെ കാണാൻ ശ്രമിക്കുന്നത് നല്ലതാണ്.

എങ്ങനെയാണ് ഇക്കാര്യം പഠിക്കുന്നത് എന്നല്ലേ,കുട്ടികളിൽ നിന്ന് പഠിക്കുന്ന കാര്യങ്ങളിലൊന്ന് അവരുടെ ആഗ്രഹസാധ്യത്തിന് വേണ്ടിയുള്ള ശ്രമവും പരാജയങ്ങളെ മറക്കാനുളള കഴിവുമാണ്.  ഒന്നരയോ രണ്ടോ വയസുകാരിലാണ് ഈപ്രത്യേകത കൂടുതലായി കാണാൻ കഴിയുന്നത്. അവർ ചിലതിന് വേണ്ടി കൈനീട്ടും. ഉദാഹരണത്തിന് വലുപ്പമുള്ള ഒരു പന്തിനെയായിരിക്കും അവർ കൈപ്പിടിയിൽ ഒതുക്കാൻ നോക്കുന്നത്. പന്ത് കൈകളിൽ നിന്ന് വഴുതിപ്പോയാലും അവർ വീണ്ടും അതിന്റെ പുറകെ പോകും. ചിലപ്പോൾ വലിയ ചില സ്വപ്നങ്ങളെയായിരിക്കും സ്വന്തമാക്കാൻ നാം ശ്രമിക്കുന്നത്. ആദ്യമാത്രയിൽ വഴുതിപോയതുകൊണ്ട് നാം നിരാശപ്പെട്ടേക്കാം. പിന്തിരിഞ്ഞേക്കാം. പക്ഷേ ആ കുഞ്ഞിനെ നോക്കൂ. അവൻ ആ പന്തിന്റെ പുറകെ തന്നെയുണ്ട്. തന്റെ പ്രായത്തിനും വലുപ്പത്തിനും മീതെ നില്ക്കുന്ന ആ പന്തിന്റെ പുറകെ തന്നെ. അതുകൊണ്ട് ചില ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നു കരുതി അവിടെ വച്ച് ഒന്നും അവസാനിപ്പിക്കേണ്ടതില്ല. വീണ്ടും തുടരുക. അല്ലെങ്കിൽ നോക്കൂ എത്രയോ വട്ടം വീണിട്ടാണ് അവർ നടന്നുതുടങ്ങുന്നത്. സത്യസന്ധതയും സുതാര്യതയുമാണ് മറ്റൊരു ഗുണം. അവർ തങ്ങളുടെ വികാരങ്ങളെ മറച്ചുവയ്ക്കുന്നില്ല. മാന്യതയ്ക്ക് വേണ്ടിയോ മറ്റുള്ളവരുടെ കൈയടികൾക്ക് വേണ്ടിയോ ഒന്നും ചെയ്യുന്നില്ല. നാം നമ്മുടെ പദവിക്ക് അനുയോജ്യമായ ബന്ധങ്ങൾ കണ്ടെത്താനും ലേബലുകൾ ഒട്ടിച്ച് വ്യക്തികളെ മാറ്റിനിർത്താനും ശ്രമിക്കുമ്പോൾ കുഞ്ഞുങ്ങൾ  മുൻധാരണകളോ മുൻവിധികളോ ഇല്ലാതെയാണ് എല്ലാവരെയും സമീപിക്കുന്നത്.  നമ്മുടെ കാപട്യങ്ങൾക്കും കൃത്രിമത്വങ്ങൾക്കുമുള്ള വീണ്ടുവിചാരമാണ് കുട്ടികളുടെ ഈ സമീപനം. അതുകൊണ്ട് മറവും തിരിവുമില്ലാതെ, കാപട്യമില്ലാതെ, പെരുമാറുക. ജീവിക്കുക.ചേറിൽ നിന്ന് കയറിവരുന്ന അമ്മയാണെങ്കിലും ഫാക്ടറിയിൽ നിന്ന് കരിപുരണ്ടുവരുന്ന അച്ഛനാണെങ്കിലും അവർ കൈനീട്ടുമ്പോൾ കുഞ്ഞ് ചാടിച്ചെല്ലുന്നു.

കാരണം അവർ അവന്റെ അച്ഛനാണ്/ അമ്മയാണ്. അതിനപ്പുറം അവരുടെ സൗന്ദര്യമോ ദുർഗന്ധമോ അവൻ പരിഗണിക്കുന്നില്ല. വ്യക്തികളെ സ്വീകരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് അവരുടെ കഴിവുകൾ നോക്കിയല്ല, അവരെ അവരായിരിക്കുന്ന അവസ്ഥയിൽ എല്ലാവിധ ദൗർബല്യങ്ങളോടും കൂടിയായിരിക്കണം. അപ്പോഴേ യഥാർത്ഥ സ്നേഹമാകൂ. ക്ഷമിക്കാനും സനേഹിക്കാനുമുള്ള കഴിവാണ് കുഞ്ഞുങ്ങൾ പകർന്നുനല്കുന്ന മറ്റൊരു പാഠം. ചിലപ്പോൾ വാശിപിടിച്ചുകരയുമ്പോഴോ കുസൃതി കാണിക്കുമ്പോഴോ മാതാപിതാക്കൾ അടിച്ചുവെന്നിരിക്കട്ടെ. എങ്കിലും കരച്ചിൽ ഒതുക്കി അവർ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ എത്ര് പെട്ടെന്നാണ് അവരുടെ പിണക്കം അലിഞ്ഞുതീരുന്നത്. കരഞ്ഞുകൊണ്ട് അവർ ചിരിക്കുന്നത്. ചെറിയ ചെറിയ വാശികളുടെയും ഈഗോയുടെയുമൊക്കെ പേരിൽ നമ്മളിൽ എത്രയോ പേരുണ്ട് അടുക്കാൻ കഴിയാത്തവരായിട്ട്. പഴയ കാലത്ത് കിട്ടിയ തിരിച്ചടികളെയോർത്ത് ക്ഷമിക്കാൻ കഴിയാത്തവരായി പകയോടെ ജീവിക്കുന്നവരായിട്ട്.

കുഞ്ഞുങ്ങളുടെ ഈ സത്ഗുണം മനസ്സിലേക്ക് കൊണ്ടുവന്നാൽ നമ്മുടെ വാശിയും പിണക്കങ്ങളുമൊക്കെ അതിർത്തികടന്നോടിപ്പോകും. ഉറപ്പ്. മാതാപിതാക്കളായിക്കഴിയുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ തിരിച്ചറിവ് മക്കൾക്ക് നമ്മെ ആവശ്യമുണ്ട് എന്നാണ്, ഞാൻ പ്രധാനപ്പെട്ട ആളാണ് എന്നാണ്.  ജീവിതത്തിൽ പലയിടങ്ങളിൽന ിന്ന് പലവിധത്തിലുള്ളതിരസ്‌ക്കരണങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തികളാകാം നമ്മൾ.ചിലപ്പോൾ ജീവിതപങ്കാളി  തന്നെ നമ്മെ തള്ളിപ്പറയുന്നുണ്ടാവാം, സ്നേഹത്തിൽ നിന്ന് അകറ്റിനിർത്തിയിട്ടുമുണ്ടാവാം. പക്ഷേ മക്കൾക്ക് തങ്ങളെ ആവശ്യമുണ്ടെന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദാമ്പത്യബന്ധം ശിഥിലമാണെങ്കിലും മക്കൾക്കുവേണ്ടി ജീവിക്കാനും ഒരുമിക്കാനും ഭാര്യാഭർത്താക്കന്മാർ തയ്യാറാകുന്നതുപോലും തങ്ങളെ മക്കൾക്ക് ആവശ്യമുണ്ട് എന്നതിന്റെ പേരിലാണ്. അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നും ഇതുതന്നെയാണ്. അതുകൊണ്ടാവാം മുതിർന്നുകഴിയുമ്പോൾ ഇതേ മക്കൾ  തങ്ങളെ പുറന്തള്ളിക്കളയുമ്പോൾ മാതാപിതാക്കൾക്ക് ഒരിക്കലും സഹിക്കാൻ കഴിയാതെ വരുന്നതും.

error: Content is protected !!