എട്ടാം ക്ലാസുകാരിയായ അമ്മ

Date:

spot_img

കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. വിവരങ്ങൾ കേട്ടപ്പോൾ നടുങ്ങിപ്പോയി.  എട്ടാം ക്ലാസുകാരിയായ മകൾ ഗർഭിണിയാണ്.  അമ്മ ഇളംമുള കീറും പോലെ കരഞ്ഞുകൊണ്ട് പറഞ്ഞു. ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്  മകൾ പീഡനത്തിന് ഇരയായതാണ്. പാവം പെൺകുട്ടി.അവളുടെ മനസ്സോ ശരീരമോ അതിൽ പങ്കുചേർന്നിട്ടില്ല. പക്ഷേ ഇപ്പോൾ അമ്മയായിരിക്കുന്നു. എന്നാൽ വീട്ടിൽ അപ്പനോ ആങ്ങളമാർക്കോ ഈ വിവരം അറിയില്ല.  കുട്ടിയെ പ്രസവിക്കുകയും വളർത്തുകയും ഒക്കെ ചെയ്യാമെന്ന് വച്ചാൽ മകളുടെ ഭാവി.. സമൂഹത്തിൽ കുടുംബത്തിനുണ്ടാകുന്ന അപമാനം.. അബോർഷൻ തെറ്റാണെന്നറിയാം. പക്ഷേ ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല. അമ്മയും മകളും കൂടി രഹസ്യമായി മെഡിക്കൽ കോളജിൽ വന്നിരിക്കുന്നത് അബോർഷൻ ചെയ്യാൻ വേണ്ടിയാണ്. മകൾക്ക് മറ്റെന്തോ അസുഖമാണെന്നാണ് വീട്ടിൽ ധരിപ്പിച്ചിരിക്കുന്നത്. കണ്ണീരു തുടച്ചുകൊണ്ട് അമ്മ പറഞ്ഞു.

നിസ്സഹായതയും കുറ്റബോധവും പശ്ചാത്താപവും എല്ലാം ആ സത്രീയുടെ മുഖത്തുണ്ടായിരുന്നു. മകളുടെ മുഖത്താകട്ടെ ഒരുതരം മരവിപ്പായിരുന്നു. തന്റേതല്ലാത്ത കുറ്റം കൊണ്ട് തന്റെ ജീവിതം വഴിമാറിപോകുന്നതിലെ എല്ലാ നിസ്സഹായതയും അവളുടെ മുഖത്തുണ്ടായിരുന്നു. ലോകത്ത് നിരപരാധികൾക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചോർത്ത് മനസ്സ് അസ്വസ്ഥമായി. ഈ കുടുംബത്തെ രക്ഷിക്കണമെന്നും മകളുടെ ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്നും മനസ്സ് പറഞ്ഞു.  തെറ്റ് ചെയ്തത് ആ പുരുഷൻ മാത്രമാണ്. കുഞ്ഞ് എന്ത് പിഴച്ചു.. ആ കുഞ്ഞിന് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലേ?പക്ഷേ പെൺകുട്ടിയുടെ ഭാവി.. എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.
സാധാരണ ഇത്തരത്തിലുള്ള അബോർ ഷൻ കേസുകൾ വരുമ്പോൾ അവിടെ ജോലി ചെയ്യുന്ന ജീസസ് യൂത്തായിട്ടുള്ള നേഴ്‌സുമാർ ഞങ്ങൾ വിവരം പറഞ്ഞുതരാറുണ്ട്. നേഴ്‌സുമാർക്ക് നേരിട്ട് ഇത്തരം കേസുകളിൽ ഇടപെടാൻ പറ്റില്ല. കാരണം അത് അവരുടെ ജോലിയുടെ നിലനില്പിനെ ബാധിക്കും. അതുകൊണ്ട് അവർ ഞങ്ങളെ ഇക്കാര്യം അറിയിക്കും. ഇന്ന വാർഡിൽ ഇന്ന അടയാളങ്ങളുള്ള ഇന്ന വ്യക്തി അബോർഷന് വേണ്ടി വന്നിരിക്കുന്നതാണ് എന്ന മട്ടിൽ…

ഇത്തരം വിവരം കേട്ടയുടനെ ഞങ്ങൾ വേഗം തന്നെ അവിടെയെത്തും. നേരിട്ട് ചോദിക്കാൻ പറ്റില്ലല്ലോ. അപ്പോൾ എങ്ങനെയാണ് വിവരം അറിഞ്ഞതെന്ന ചോദ്യം വരും. നേഴ്‌സുമാരുടെ ജോലിയെ ഒരുതരത്തിലും ഇതൊന്നും ബാധിക്കാൻ പാടില്ല. അതുകൊണ്ട് പലതവണ പലവിധത്തിൽ സൂത്രത്തിൽ വിവരങ്ങളൊക്കെ ചൂണ്ടിയെടുക്കും. പിന്നെ അവരെ പരമാവധി ആ മഹാപാപത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിക്കും.

ദൈവത്തിന് മുമ്പിൽ നമ്മൾ ചെയ്യാൻ പോകുന്ന കുറ്റകൃത്യത്തിന്റെ ക്രൂരത.. മനുഷ്യന്റെ രക്തത്തിന് വേണ്ടി പ്രതികാരം ചെയ്യുന്ന ദൈവത്തിന്റെ കോപം. കുഞ്ഞിന്റെ നിഷ്‌ക്കളങ്കത..അതിന്റെ ദയനീയത.നിസ്സഹായത..മനുഷ്യജീവന്റെ വില..വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികളുടെ സങ്കടങ്ങൾ..അബോർഷൻ ചെയ്തതിന് ശേഷം ഉണ്ടാകുന്ന കുറ്റബോധം..ഭാവിയിലെ പ്രശ്‌നങ്ങൾ..ശാരീരിക ബുദ്ധിമുട്ടുകൾ..ഇങ്ങനെ  പല കാര്യങ്ങൾ പറഞ്ഞ്അബോർഷൻ ചെയ്യാൻ വരുന്ന സ്ത്രീകളുടെ മനസ്സ് മാറ്റിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങൾ പറയുന്നത് കേട്ട് മനസ്സ് മാറി ചില സ്ത്രീകളോ അവരുടെ ബന്ധുക്കളോ ഞങ്ങളോട് കരഞ്ഞുകൊണ്ട് ചോദിക്കും, പിന്നെ ഞങ്ങൾ എന്നാ ചെയ്യണമെന്നാ ചേച്ചി പറയുന്നെ? ആ ചോദ്യം നല്ലൊരു സൂചനയാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് മനസ്സിലായിട്ടുണ്ട്. നമ്മൾ പറയുന്ന പോലെ അനുസരിക്കാൻ സന്നദ്ധമാണ് എന്നതിന്റെ അടയാളമാണത്.

അപ്പോഴാണ് ഞങ്ങൾ അടുത്ത പരിഹാരം നിർദ്ദേശിക്കുന്നത്. നിങ്ങൾ ഒന്നും അറിയണ്ട.ഇന്നുമുതൽ പ്രസവം വരെനിങ്ങളുടെ എല്ലാ കാര്യവും നവജീവൻ ഏറ്റെടുത്തോളും. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ വേണ്ടെങ്കിൽ ഞങ്ങളതിനെ വല്ല അനാഥാലയത്തിനും കൊടുത്തോളാം.. നിങ്ങൾക്ക് പ്രസവം കഴിഞ്ഞ് വീട്ടിലേക്കും പോകാം. ഇപ്പോൾ മേൽപ്പറഞ്ഞ എട്ടാം ക്ലാസുകാരിയുടെ ജീവിതത്തിലും എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. ഞാൻ അവരോട് മറ്റുള്ളവരോട് പറയുന്നതുപോലെയെല്ലാം പറഞ്ഞു..പരിശുദ്ധാത്മാവ് അവരുടെ തീരുമാനങ്ങളെ മാറ്റിയെടുത്തു. ഞാൻ പറയുന്നതുപോലെ അനുസരിക്കാമെന്ന് ഒടുവിൽ അമ്മയും മകളും തീരുമാനിച്ചു. ഞാൻ വിവരം നവജീവനിൽ അറിയിച്ചു. പ്രസവം കഴിഞ്ഞപ്പോഴല്ലേ അടുത്ത സംഭവവികാസം? കുട്ടിയെ ഏതെങ്കിലും അനാഥാലയത്തിന് കൈമാറാനായിരുന്നു വീട്ടുകാരുടെ തീരുമാനം. പക്ഷേ കുട്ടിയെ കണ്ടതോടെ ആ എട്ടാം ക്ലാസുകാരി ശരിക്കും അമ്മയായി..തന്റെ കുഞ്ഞിനെ ആർക്കും വിട്ടുകൊടുക്കാൻ അവൾ തയ്യാറായില്ല. അവനെ ഉപേക്ഷിക്കാനും അവൾ തയ്യാറായില്ല. വീട്ടുകാർ വീണ്ടും വിഷമസന്ധിയിലായി. മകളുടെ ഭാവിയെക്കുറിച്ചാണ് ആ മാതാപിതാക്കൾ ആകുലരായത്. അത് സ്വഭാവികവുമാണല്ലോ?

പക്ഷേ മകനെ കൂടാതെ ഒരു ഭാവിയെക്കുറിച്ച് ആ എട്ടാംക്ലാസുകാരി അമ്മ ആലോചിച്ചില്ല. നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ പൊയ്‌ക്കോളൂ.. ഞാനും എന്റെ മകനും എങ്ങനെയും ജീവിച്ചോളാം.. അവൾ വീട്ടുകാരോട് കണ്ണീരോടെ കുഞ്ഞിനെ നെഞ്ചത്തടുക്കിപിടിച്ച് പറഞ്ഞു. ഇന്നലെ പ്രസവിച്ച കുഞ്ഞിനെ അവൾക്ക് ഉപേക്ഷിക്കാൻ വയ്യെങ്കിൽ ഇത്രടം വരെ അവളെയെത്തിച്ച അവളുടെ മാതാപിതാക്കൾക്ക് അവളെ ഉപേക്ഷിക്കാൻ കഴിയുമോ? അതാണ് ശരിയായ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം. ഒടുവിൽ വീട്ടുകാർ സമ്മതിച്ചു, എന്തുവേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ..നാട്ടുകാരുടെ മുമ്പിലെ സകല അപമാനവും അനുഭവിച്ചുകൊള്ളട്ടെ.. അങ്ങനെ മകളെയും അവൾ പ്രസവിച്ച കുഞ്ഞിനെയും കൂട്ടി അവർ വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. ഏറെ വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തെക്കുറിച്ച് സന്തോഷകരമായ ഒരു വാർത്ത കേൾക്കാനിടയായി. നവീകരണാനുഭവത്തിലേക്ക് കടന്നുവന്ന നല്ലൊരു ചെറുപ്പക്കാരൻ എല്ലാം അറിഞ്ഞുകൊണ്ട് അവളെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറായെന്നും അവർ ഇപ്പോൾ എവിടെയോ സുഖമായി ജീവിക്കുന്നുണ്ടെന്നും.

അച്ചാമ്മ ജോർജ് വടക്കേടം

(കോട്ടയം നവജീവൻ ശുശ്രൂഷയുമായി ബന്ധപ്പെട്ട് മെഡിക്കൽകോളജിൽ കാൽനൂറ്റാണ്ടിലേറെ രോഗീശുശ്രൂഷയുമായി  പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ലേഖിക)

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!