ഇത് ഒരു ചലച്ചിത്രാസ്വാദനമല്ല, മറിച്ച് മുറിവേറ്റ ജീവിതങ്ങളുടെ വക്കില്‍ നിന്ന് ചോര പൊടിയുന്നതുകാണുമ്പോഴുണ്ടാകുന്ന നടുക്കവും വേദനയും ഉണര്‍ത്തിയപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാതെ പോകുന്ന എത്രയോ ജീവിതങ്ങളാണ് ചുറ്റുപാടുകളിലുള്ളത് എന്ന തിരിച്ചറിവിന്റെ പ്രകടനമാണ്.
പേരന്‍പ് കാണാന്‍ തീയറ്ററിലെത്തുന്ന ഭൂരിപക്ഷവും ശാരീരികവും മാനസികവുമായ തകരാറുകളില്ലാത്തവരുടെ ബന്ധുക്കളോ മാതാപിതാക്കളോ ആയിരിക്കും. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുഴുവന്‍ ചങ്ക് കീറിപ്പൊളിക്കുന്നത്? പാപ്പായുടെയും അപ്പായുടെയും നിസ്സഹായതയും ദയനീയതയും കണ്ണ് നനയിക്കുന്നത്? അതില്‍ ആവിഷ്‌കൃതമായിരുന്ന മനുഷ്യാവസ്ഥകളുടെ ഹൃദയവര്‍ജ്ജകമായ ചിത്രീകരണം കൊണ്ടുതന്നെ.
സിനിമയുടെ കണ്ടുപരിചയിച്ച ഫ്രെയിമുകള്‍ക്ക് വ്യത്യസ്തമായി ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ജീവിതക്കാഴ്ചകള്‍ പകര്‍ന്നുനല്കുന്നതുകൊണ്ട്.
നമ്മുടെയിടയില്‍ തന്നെയുള്ള ബന്ധങ്ങളുടെ പൊള്ളത്തരങ്ങളെ എത്ര മേല്‍ സ്വഭാവികതയോടെയാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്. ഇത്രയും കാലം ഞാന്‍ മകളെ നോക്കി ഇനി നിങ്ങള്‍ നോക്കിക്കോളൂ എന്ന് പറഞ്ഞു വൈകല്യമുള്ള മകളെ ഉപേക്ഷിച്ച് ഭര്‍ത്താവിന് കത്തെഴുതിവച്ച് അന്യപുരുഷനൊപ്പം ഇറങ്ങിപ്പോകുന്ന അമ്മ. തന്റെ മകള്‍ പാപ്പയെ അനുകരിച്ച് അവളും അംഗവൈകല്യമുള്ളവളായി മാറുമോയെന്ന് ഭയന്ന് അവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന അമുദവന്റെ സഹോദരി. ആര്‍ദ്രതയും സ്‌നേഹവും നടിച്ച് അമുദവനെ പെരുവഴിയിലാക്കുന്ന വിജയലക്ഷ്മി. അംഗവൈകല്യമുള്ള കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന സ്ഥാപനാധികാരികള്‍.
ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാകുമ്പോഴും പ്രതീക്ഷയ്ക്ക് വക നല്കുന്ന മീരയെ പോലെയുള്ള ചിലരെയും ചിത്രം കാണിച്ചുതരുന്നുണ്ട്. ലൈംഗികാഭിമുഖ്യങ്ങളുടെയോ ശാരീരികമാനസികവൈകല്യങ്ങളുടെയോ പേരില്‍ നാം മാറ്റിനിര്‍ത്തിയിരിക്കുന്നവരുടെ നന്മകളെ എഴുതിത്തള്ളരുതെന്ന പാഠവും പേരന്‍പ് നല്കുന്നു.
മനുഷ്യന്റെ വെറുപ്പിനോ വിദ്വേഷത്തിനോ ജീവിതത്തില്‍ തെല്ലും സ്ഥാനമില്ലെന്നാണ് അമുദവന്റെ ജീവിതം പറയുന്നത്. തന്നെ ചതിച്ചവരോടു പോലും ചിരിച്ചുകൊണ്ടു യാത്ര പറയുന്ന അയാളെ കാണുമ്പോള്‍ കരഞ്ഞുപോകുന്നത് വീഴ്ചയ്ക്ക് കാരണക്കാരായവര്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടിയാണ്. അല്ലെങ്കില്‍ അവരെങ്ങനെ കരയാതിരിക്കും? അതുപോലെ കൈനോട്ടക്കാരിയുടെ ഭാവിപ്രവചനം കേള്‍ക്കുമ്പോഴും അതെല്ലാം വിശ്വസിച്ചുകൊണ്ട് അവരെ സന്തോഷിപ്പിച്ചുകൊണ്ട് തല കുലക്കുന്ന അമുദവനെ കണ്ടപ്പോഴും കരയാതിരിക്കാനാവില്ല. ഒന്നുംപ്രത്യേകമായി സംഭവിക്കില്ല എന്ന് അറിവുണ്ടായിരുന്നിട്ടും സ്വയം വേദനിച്ചാലും ആരെയും വേദനിപ്പിക്കില്ല എന്ന അയാളുടെ സ്വഭാവപ്രത്യേകതയാണ് അതിന് പിന്നിലുള്ളത്.
സ്ത്രീയുടെ സഹനങ്ങളുടെയും ത്യാഗങ്ങളുടെയും പേരിലുള്ള കൊട്ടിഘോഷിക്കലുകള്‍ എന്നും ഉണ്ടാകുമ്പോഴും പുരുഷന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും നിസ്സഹായതകളെയും പകര്‍ത്തുന്ന അധികം ചിത്രങ്ങളൊന്നും ഉണ്ടാകാറില്ല. ഭൂമിയോളം താണുനില്ക്കുന്ന, എല്ലാത്തരം അനീതികള്‍ക്കും വിധേയപ്പെട്ട് നില്ക്കുന്ന പുരുഷന്മാരുടെ ആഗോളപ്രതിനിധിയായി അമുദവന്‍ മാറുമ്പോള്‍ അത് ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളയുന്ന അസാധാരണമായ അനുഭവമായി മാറുകയാണ് ചെയ്യുന്നത്. മകള്‍ പോലും അയാള്‍ കൊടുക്കുന്ന സ്‌നേഹത്തിന് അനുസരിച്ച് അയാളോട് പ്രതികരിക്കുന്നില്ലെന്നറിയണം.
അതുപോലെ അയാള്‍ ആരെയെല്ലാം സ്‌നേഹിച്ചോ അവരെല്ലാം അയാള്‍ക്ക് മുറിവു മാത്രമേ സമ്മാനിച്ചിട്ടുള്ളൂവെന്നും. സാധാരണക്കാരിയും മുന്‍ വേശ്യയുമായിരുന്ന ഒരുവളുടെ കരണത്തടി അമുദവന്‍ ഏറ്റുവാങ്ങിയപ്പോള്‍ അപ്രതീക്ഷിതമായ ആ അടിയുടെ ആഘാതത്തില്‍ പ്രേക്ഷന്‍ കൂടിയാണ് പകച്ചുപോയത്. .
പ്രിയപ്പെട്ട മമ്മുക്ക, ആരാധകര്‍ വിഡ്ഢികളാണെന്ന സരോജ് കുമാറിന്റെ( ഉദയനാണ് താരം) ഡയലോഗ് കടമെടുത്ത് പറയട്ടെ, ആരാധകര്‍ക്ക് വേണ്ടി താങ്കള്‍ കോമാളി വേഷങ്ങള്‍ കെട്ടുന്ന പതിവ് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ?. എന്നിട്ട് ഇതുപോലെയുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങള്‍ക്കായി താങ്കള്‍ സമയവും ജീവിതവും മാറ്റിവയ്ക്കണം. താങ്കളെ കണ്ട് കൊതിതീരാത്തവരുടെയെല്ലാം ആഗ്രഹവും അതുതന്നെയാണ്. ഇത്രയും നാള്‍ താങ്കള്‍ എവിടെയായിരുന്നു എന്ന് മറ്റാരോ ഫേസ്ബുക്കില്‍ കുറിച്ചത് ഓര്‍മ്മവരുന്നു. അതെ അടുത്തകാലത്ത് താങ്കള്‍ എത്രയോ തവണയാണ് ഞങ്ങളെ വെറുതെ വെറുപ്പിച്ചത്? താങ്കള്‍ എന്തുകൊണ്ടാണ് പന്നികള്‍ക്ക് മുമ്പില്‍ മുത്തുകള്‍ വിതറിയത്?താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നത് എന്ന് അടിവരയിട്ട് പറയാന്‍ കഴിയുന്ന കഥാപാത്രം തന്നെയായിരുന്നു അമുദവന്‍. നിസ്സഹായനും നിശ്ശബ്ദനുമായി തീവ്രവേദനയിലൂടെ കടന്നുപോകുന്ന ആ അച്ഛനെ ഇതിലും ഹൃദ്യമായി അവതരിപ്പിക്കാന്‍ മറ്റേതൊരു നടനാണ് കഴിയുക?
മകളെ സന്തോഷിപ്പിക്കാനായി ആടുകയും പാടുകയും അഭിനയിക്കുകയും ചെയ്ത ആ നിമിഷങ്ങളെ, മകള്‍ക്ക് വേണ്ടി ലോഡ്ജ് മുറിയിലെ ബാത്ത് റൂം വൃത്തിയാക്കുന്ന നിമിഷങ്ങളെ, ടിവി സ്‌ക്രീനില്‍ സൂര്യയുടെ മുഖത്ത് ഉമ്മ വയ്ക്കുന്ന മകളെ കണ്ട് കരയാന്‍ പോലും കഴിയാതെ ഞെട്ടിത്തരിച്ച് നില്ക്കുന്ന നിമിഷങ്ങളെ ഹോ,ആ കാഴ്ചയുടെ അനുഭവങ്ങളെ എത്രകാലം കൊണ്ടുനടക്കാനാണ് ഓരോ പ്രേക്ഷകനും വിധിക്കപ്പെട്ടിരിക്കുന്നത്!
താങ്കളുടെ എത്രയോ ചിത്രങ്ങള്‍ ഇതിനകം കണ്ടിരിക്കുന്നു. പക്ഷേ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയിട്ടില്ല. അതൊരു അത്യാഗ്രഹമായി തോന്നിയതുകൊണ്ടാവം. പക്ഷേ ഇപ്പോള്‍ തോന്നുന്നു അങ്ങനെയൊരാഗ്രഹം. കരയാതെ കരയാതെ എന്ന് പാപ്പായെ ആശ്വസിപ്പിക്കുന്ന സ്‌നേഹനിധിയായ ആ അച്ഛന്റെ മാറോട് ചേര്‍ന്നുനില്ക്കാന്‍ വല്ലാത്തൊരു കൊതിതോന്നുന്നു,ഒരിക്കല്‍ പോലും താങ്കളുടെ അരികിലെത്താന്‍ കഴിയില്ലെങ്കിലും ,
സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിരകരോഗത്തിന്റെ വല്ലായ്മകളെ അത്രമേല്‍ സ്വഭാവികതയോടെ അവതരിപ്പിച്ച സാധനയാണ് ചിത്രത്തിലെ മറ്റൊരു അത്ഭുതം. മമ്മൂട്ടി ഭാവതീവ്രത കൊണ്ട് ജീവിച്ചപ്പോള്‍ അഭിനയം മറന്ന് കഥാപാത്രമായി തന്നെ മാറുകയായിരുന്നു സാധന. മകളുടെ ശാരീരികചലനങ്ങള്‍ അതേപടി അനുകരിക്കാന്‍ ശ്രമിച്ച് അമുദവന്‍പരാജയപ്പെടുന്നുണ്ട്. വീട്ടിലെത്തി അതേപടി ഒന്ന് നടക്കാനും പെരുമാറാനും ശ്രമിക്കുമ്പോഴറിയാം പണി പാളിയെന്ന്. അവിടെയാണ് സിനിമയിലൂടനീളം സാധന തന്റെ താളം നിലനിര്‍ത്തി പാപ്പയായി മാറിയത്. അസാമാന്യമെന്നേ പറയാനാവൂ.
പ്രിയപ്പെട്ട റാം, വ്യക്തികള്‍ക്ക് കുറവുകളും ബലഹീനതകളുമുണ്ടാകാം. എങ്കിലും നന്മയും കരുണയും സ്‌നേഹവും അടിസ്ഥാനഭാവമായിട്ടുള്ള ഒരു മനസ്സിന് മാത്രമേ ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിക്കാനാവൂ. ഇങ്ങനെ ചില ജീവിതങ്ങളിലേക്ക് കാഴ്ചതിരിക്കാനാവൂ. താങ്കളുടെ മനസ്സിന്റെ നന്മയും നേരുമാണ് പേരന്‍പ്. ആ മനസ്സിന് സ്തുതി.. വന്ദനം .
ജീവിതം ഇപ്പോള്‍ പേരന്‍പിന് മുമ്പും ശേഷവും എന്ന് പറയാന്‍ തോന്നുന്ന വിധത്തിലായിരിക്കുന്നു എന്ന് കൂടി പറഞ്ഞുകൊണ്ട്..
വിനായക് നിര്‍മ്മല്‍.