സ്വപ്നങ്ങള്‍ക്ക് നേരെ പിടിക്കാനൊരു കണ്ണാടി അഥവാ ലോനപ്പന്റെ മാമ്മോദീസാ

Date:

spot_img

ഒരുമിച്ച് പഠിക്കുമ്പോഴൊക്കെ ഒരിക്കലും ഒരിടത്തും എത്തുകയില്ലെന്ന് കരുതിയവരൊക്കെ നമ്മെക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതിന്  പലരും സാക്ഷികളല്ലേ? കഴിവില്ലാത്തവനെന്നും സൗന്ദര്യമില്ലാത്തവരെന്നുമൊക്കെ കരുതിയവര്‍ കീഴടക്കിയ കൊടുമുടികള്‍ കാണുമ്പോള്‍ ഉള്ളില്‍ അപകര്‍ഷത അനുഭവിക്കാത്തവരും കുറവൊന്നുമല്ല. ഒരുപക്ഷേ അവരെക്കാളൊക്കെ കഴിവും സ്വപ്നങ്ങളും ഉണ്ടായിരുന്നിട്ടും ഒന്നുമായിത്തീരാത്തവര്‍.. ജീവിതം തന്നെ കൈമോശം വന്നവര്‍. നല്ല പ്രായം കഴിഞ്ഞുപോയവര്‍.. 

ഇത്തരക്കാര്‍ എല്ലായിടത്തുമുണ്ട്. നമ്മള്‍ തന്നെയും അവരില്‍ ഒരാളായിരിക്കും. അത്തരക്കാരുടെ പ്രതിനിധിയാണ് ലോനപ്പന്‍. ലിയോ തദേവൂസിന്റെ നാലാമത് ചിത്രമായ ലോനപ്പന്റെ മാമ്മോദീസ ഈ ലോനപ്പന്റെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും കഥയാണ് പറയുന്നത്. 
 ഇപ്പോള്‍ സിനിമകളൊക്കെ അല്പസ്വല്പം പോസിറ്റീവ് പറയുന്ന രീതിയിലാണെന്ന് തോന്നുന്നു. സമീപകാലത്തിറങ്ങിയ ഞാന്‍ പ്രകാശനും വിജയ് സൂപ്പറുമെല്ലാം  ഉള്ളിലേക്ക് തിരിച്ചുവച്ച കണ്ണാടികളാകാന്‍ ആഹ്വാനം ചെയ്യുന്ന, കാഴ്ചക്കാരനും ഒന്നുതിരുത്താനും അതിജീവിക്കാനുമൊക്കെ പ്രേരണ നല്കുന്ന ചെറിയ നല്ല സിനിമകളായിരുന്നുവല്ലോ? താരതമ്യപഠനം ആവശ്യമില്ലെങ്കിലും മേല്പ്പറഞ്ഞ സിനിമകളുടെ സിനിമാറ്റിക് ശൈലിയോ കഥാഗതിയുടെ ഒഴുക്കോ അവതരണത്തിലെ മികവോ ഒന്നും ലോനപ്പന്‍ കാഴ്ചവയ്ക്കുന്നില്ല.
എന്നാല്‍ ലോനപ്പന്‍ എന്നകഥാപാത്രത്തെ ഒറ്റയ്ക്ക് അടര്‍ത്തിയെടുത്തു ചിന്തിച്ചാല്‍ അയാളോട് നമുക്ക് അല്പമൊക്കെ സ്‌നേഹവും അയാളുടെ നഷ്ടസ്വപ്നങ്ങളോട് സഹതാപവും തോന്നും. അക്കാര്യം തീര്‍ച്ചയാണ്. 

ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായിരുന്നു ജയറാം. സത്യന്‍ അന്തിക്കാടിന്റെയും കമലിന്റെയും ചിത്രങ്ങളിലൂടെയാണ് ജയറാം ആ പരിവേഷം നേടിയെടുത്തത്. ആ പഴയകാല നായകന്റെ വിദൂരഛായ ലോനപ്പനിലും പടര്‍ന്നുകിടക്കുന്നുണ്ട്.. ഒന്നുമായിത്തീരാത്തവന്റെ അസൂയയും തന്നെ ഒന്നുമില്ലാതാക്കിയവരോടുള്ള വെറുപ്പും പകയും ഒക്കെ ഒരു സാധാരണക്കാരന്റ മട്ടില്‍ നാല്പതുകാരനായി ജയറാം ഒതുക്കത്തോടെ അവതരിപ്പിക്കുന്നുണ്ട്.എങ്കിലും പുതുതായ ഒരു വേഷപ്പകര്‍ച്ചയ്‌ക്കൊന്നും ഇവിടെ സ്ഥാനവുമില്ല. 

ഇടവേള വരെ  പിണ്ടിപെരുന്നാളും വാച്ചുകടയും ആശുപത്രിയുമായൊക്കെ എങ്ങും തൊടാതെ പോകുന്ന സിനിമ പ്രേക്ഷകരിലും യാതൊരു അനക്കവും സൃഷ്ടിക്കുന്നില്ല. തിരക്കഥയുടെ ശക്തമായ അടിയുറപ്പ് പലയിടത്തും ഇല്ലാത്തതും പ്രേക്ഷകന് കാണാന്‍ കഴിയും. കുറെയൊക്കെ ഒഴിവാക്കിയും കൂടുതല്‍ ഹൃദ്യമായും അവതരിപ്പിച്ച് അതിനെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് മറികടക്കാവുന്നതേയുണ്ടായിരുന്നുള്ളൂവെന്നും തോന്നി.  

ലോനപ്പനും പെങ്ങന്മാരുമായുള്ള ബന്ധമൊന്നും ആഴത്തില്‍ പതിപ്പിക്കാന്‍ വിധത്തില്‍ ചിത്രീകരിച്ചിട്ടുമില്ല. പിന്നെയും ഹൃദയത്തില്‍ പതിയുന്നത് വല്യേച്ചിയായി  വന്ന ശാന്തികൃഷ്ണ മാത്രമാണ്. ഏതു നല്ല കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും  സദ്ദുദേശ്യം കൊണ്ടും ശുദ്ധഗതി കൊണ്ടും പിറകോട്ട് വലിക്കുന്ന ഇത്തരം പെങ്ങന്മാര്‍ നാട്ടിന്‍പുറങ്ങളില്‍ സുലഭമാണല്ലോ? അതുപോലെ, ഇന്നേവരെ തന്നെക്കുറിച്ച് ആരും ഇത്രമേല്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥയോടെയും സംസാരിച്ചിട്ടില്ലെന്ന് ജോജുവിന്റെ കഥാപാത്രം പറയുമ്പോള്‍  അതും എവിടെയോ കൊള്ളുന്നുണ്ട്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള ചെറിയ പൊടിക്കൈകളും ലോനപ്പന്‍ നല്കുന്നുണ്ട്. നീരാവിയായി മാറാതെ മേഘമായിപെയ്യാന്‍ കഴിയില്ലെന്ന അത്തരമൊരു തിരിച്ചറിവും ഓരോരുത്തരുടെയും കയ്യിലും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടി വേണമെന്നുമുള്ള ആഹ്വാനവും..അങ്ങനെ ചില ചില്ലറ  പൊന്‍വെളിച്ചങ്ങളും കാണാതെ പോകുന്നില്ല.


 തന്റെ പഴയകാല സ്‌കൂള്‍ സുഹൃത്തുക്കളുമായുള്ള ബാച്ച് ഗാതറിങ് ആണ്  ലോനപ്പന്റെ അതുവരെയുള്ള ജീവിതത്തെ തകിടം മറിക്കുന്നത്. എല്ലാവര്‍ക്കും പറയാന്‍ നല്ല നല്ല ജീവിതവിജയങ്ങള്‍ ഉള്ളപ്പോള്‍ ലോനപ്പന് പറയാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല. ക്ലച്ച് പിടിച്ചില്ല അല്ലേ എന്ന ഒരു സഹപാഠിയുടെ പൊട്ടിച്ചിരി. അവിടം മുതല്ക്കാണ് ലോനപ്പന്റെ ജീവിതം രണ്ടായി കീറിമുറിയുന്നത്. തുടരെതുടരെയുള്ള പരാജയങ്ങള്‍ ആ മുറിവുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
ഒടുവില്‍ സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍ക്ക് അത് തിരിച്ചുകിട്ടുക അത്രമേല്‍ സാധാരണമല്ലെങ്കിലും. എന്തായാലും ശുഭപര്യവസായിയായിട്ടാണ് ചിത്രം അവസാനിക്കുന്നത്.


 മറ്റുള്ളവരെയെല്ലാം സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്ന നമുക്ക് എവിടെയാണ് നമ്മുടെ സ്വപ്നങ്ങള്‍ കൈമോശം വന്നുപോയത്? ഓരോരുത്തരും ചോദിക്കേണ്ട ഒരു ചോദ്യമാണിത്. കുഞ്ഞൂട്ടന്‍ എന്ന തെങ്ങുകയറ്റക്കാരന്റെ മകന് ആദ്യമായി ആത്മവിശ്വാസവും സ്വപ്നം കാണാന്‍ കഴിവും നേടികൊടുത്ത ലോനപ്പന് കാലക്രമേണ ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ തന്റെ സ്വപ്നം കൈമോശം വന്നുപോയി എന്നത് ഞെട്ടലുളവാക്കുന്നുണ്ട്. അത് ഓരോരുത്തരും ആത്മശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയം തന്നെയാണ്.  

അല്ലെങ്കില്‍ അതങ്ങനെയാണ് താനും. മറ്റുള്ളവരെ സ്വന്തം ചുവട് കണ്ടെത്താന്‍ പ്രേരണ നല്കുന്നവര്‍ക്കൊന്നും സ്വന്തമായി അടയാളപ്പെടുത്താന്‍ കഴിയാതെ പോകുന്നു.ഓരോരുത്തര്‍ക്കും സ്വന്തമായ സ്‌പെയ്‌സ് ഉള്ള ഭൂമിയാണിത്. ആ സ്‌പെയ്‌സ് കണ്ടെത്തണമെന്നും സ്വന്തം സ്വപ്നങ്ങളെ ഏതു പ്രായത്തിലും കൈവിടാതെ സൂക്ഷിക്കണമെന്നും അതിനെ സ്വന്തമാക്കാന്‍ ഏതുപ്രായത്തിലും ശ്രമിക്കണമെന്നുമുള്ള ആഹ്വാനമാണ് ലോനപ്പന്റെ മാമ്മോദീസാ നല്കുന്നത്.

വിനായക് നിർമൽ

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!