ഡോക്ടറുടെ അടുക്കല്‍ പരിശോധനയ്ക്കായി എത്തുമ്പോള്‍ കണ്ണ് നോക്കുന്നത് വെറുതെ ഒരു രസത്തിനാണോ? ഒരിക്കലുമല്ല. കണ്ണില്‍ നോക്കിയാല്‍ ചില അസുഖങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ഡോക്ടേഴ്‌സിന് ലഭിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കണ്ണ് നോക്കുന്നത്.
കണ്ണ് ചിലപ്പോഴൊക്കെ ചുവന്നു കാണപ്പെടാറുണ്ട്. അതിന് കാരണമാകാവുന്നത് അലര്‍ജിയോ വിളര്‍ച്ചയോ അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സിന്റെ ഉപയോഗമോ എന്തെങ്കിലുമാവാം. അത് അത്രമേല്‍ പേടിക്കേണ്ട കാര്യവുമല്ല. എന്നാല്‍ കണ്ണില്‍ കാണപ്പെടുന്ന ഇരുണ്ട നിറത്തിലുള്ള ചുവന്ന പാടുകള്‍( dark red spost) അപകടകാരിയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രമേഹരോഗത്തിന്റെ സൂചനയായി ഇത് കണ്ടുവരാറുണ്ടത്രെ.ഇത്തരം അവസ്ഥയെ വിളിക്കുന്നത് ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ്. ഐറീസിന് ചുറ്റും കണ്ടുവരുന്ന വെളുത്ത വൃത്തം ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അടയാളവുമാകാമത്രെ. അറുപത് വയസില്‍ താഴെ പ്രായമുള്ളവരുടെ മിഴിപടലത്തില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള വെളുത്ത വൃത്തങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെയും ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുടെ സൂചനയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലും ശ്രദ്ധയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന് ഇടയ്ക്കിടെയുണ്ടാകുന്ന വേദനയും ഗൗരവത്തിലെടുക്കേണ്ടതാണ്. കണ്ണിന്റെ പുറകിലുള്ള ഓപ്റ്റിക് നേര്‍വ് തലച്ചോറുമായി നേരിട്ട് ബന്ധമുള്ളവയാണ്. അതുകൊണ്ട് കണ്ണിന് ചുറ്റുമുണ്ടാകുന്ന വേദനകള്‍ പലപ്പോഴും ന്യൂറോളജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
കണ്ണിലെ സമ്മര്‍ദ്ദം, വേദന തുടങ്ങിയവ ട്യൂമര്‍, ഇന്‍ഫെക്ഷന്‍, തുടങ്ങിയവയുടെ സൂചനയാകാനുള്ള ഇടയുണ്ട്. കണ്ണ് വരണ്ടിരിക്കുന്നത് കാലാവസഥ വ്യതിയാനം, പുകവലി എന്നിവ മൂലമായിരിക്കാം എന്നാല്‍ അതോടൊപ്പംതന്നെ സ്ത്രീകളില്‍ ഇത് തൈറോയ്ഡ് രോഗത്തിന്റെ മുന്നോടിയായും കണ്ടുവരാറുണ്ട്. അതുകൊണ്ട് കണ്ണിന്റെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ശ്രദ്ധ നല്‌കേണ്ടത് വളരെ അത്യാവശ്യമാണ്.