പ്രായം ചെന്നു കഴിയുമ്പോള്‍ അവിവാഹിതരെക്കാള്‍ വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കാണ് ശാരീരികവും മാനസികവുമായ ആരോഗ്യം കൂടുതലായി കാണപ്പെടുന്നത് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിഎന്‍എന്‍ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരായവര്‍ക്ക് അവിവാഹിതരെക്കാള്‍ പ്രായം ചെന്നുകഴിയുമ്പോള്‍ മെച്ചപ്പെട്ട ആരോഗ്യവും വേഗത്തില്‍ നടക്കുക ഉള്‍പ്പടെയുള്ള പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിലെ നടാഷ വുഡ് ആണ് പഠനം നടത്തിയത്. വൃദ്ധരുടെ നടത്തം, ഗ്രിപ്പ് സ്‌ട്രെങ്ത് എന്നിവ അടിസ്ഥാനമാക്കിയാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവിവാഹിതരായി കഴിയുന്നവര്‍ പ്രായം ചെന്നു കഴിയുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് അവിവാഹിതരായി കഴിയുന്നത് വ്യക്തികളുടെ ശാരീരികാരോഗ്യവുമായി ബന്ധിപ്പിച്ചുനോക്കുമ്പോള്‍ പ്രധാനപ്പെട്ട കാര്യമല്ലെന്നും പഠനം വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തികം ആരോഗ്യസുസ്ഥിതിയുടെ കാര്യത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുവെന്ന് പറയാതിരിക്കാനുമാവില്ല. സമ്പന്നരായ വ്യക്തികള്‍ പ്രായം ചെന്നുകഴിഞ്ഞിട്ടും ആരോഗ്യത്തോടെ ഇരിക്കുന്നത് കണ്ടുവരാറുണ്ട്. അവര്‍ നല്ല പരിസരങ്ങളില്‍ ജീവിക്കുന്നുവെന്നതാണ് ഇതിന് കാരണം. പോഷകാഹാരം കഴിക്കാനുള്ള സാധ്യതകള്‍ അവര്‍ക്കുണ്ട്. അനുദിനജീവിതത്തില്‍ പണം എങ്ങനെ കണ്ടെത്തും എന്നോര്‍ത്തുള്ള ടെന്‍ഷനുകളും ഇവര്‍ക്കില്ല. അതും സമ്പന്നരുടെ ആരോഗ്യകാര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നടാഷ വുഡ് വ്യക്തമാക്കുന്നു.