ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി അതെല്ലാം വച്ചുവിളമ്പുന്നതും.
രുചിയുടെ ലോകമാണ് അടുക്കളയുടേത്. നമ്മുടെ ചില രുചികളും അരുചികളും രൂപപ്പെട്ടത് അവിടെ നിന്നാണ്. അതുകൊണ്ടാണ് ഒരു വീടിന്റെ ഹൃദയം അടുക്കളയാവുന്നത്. ഒരു വീടിന്റെ മറ്റേതെങ്കിലുമൊക്കെ ഇടങ്ങള്‍ നിനക്ക് ഉപേക്ഷിക്കാനാവും, അവഗണിക്കാനാവും. പക്ഷേ അടുക്കളയെ… എന്തോ എനിക്ക് തോന്നുന്നില്ല.
ഒരു വീട്ടിലെ, ഏറ്റവും ഒടുവില്‍ ഉറങ്ങുകയും ഏറ്റവും ആദ്യം ഉണരുകയും ചെയ്യുന്ന സ്ഥലമേതാണ്? അടുക്കള… ഭര്‍ത്താവിനും മക്കള്‍ക്കും ജോലിക്കും പഠനത്തിനുമായി ഭക്ഷണമൊരുക്കാനായി ഉറക്കത്തിന്റെ ആലസ്യമോ രോഗത്തിന്റെ വല്ലായ്മയോ കാലാവസ്ഥയുടെ വ്യതിയാനമോ നോക്കാതെ അടുക്കളയിലെത്തുന്നവള്‍… ഭര്‍ത്താവും മക്കളും ഉറക്കത്തിലായിരിക്കും. പിന്നെ വളരെ വൈകിയും രാത്രികാലങ്ങളില്‍ എച്ചില്‍പ്പാത്രങ്ങള്‍ക്കിടയില്‍ അവയുമായി അനുരഞ്ജനത്തിലേര്‍പ്പെടുന്നവള്‍.. അപ്പോഴും അവളുടെ പ്രിയപ്പെട്ടവര്‍ ഉറക്കത്തിലായിരിക്കും. ഇതുകൊണ്ടാവും അടുക്കളയെ സ്ത്രീയുടെ ലോകമായി നമ്മള്‍ തീറെഴുതിമാറ്റിയത്.
ഭര്‍ത്താവിന്റെ അവഗണനയും സ്‌നേഹരാഹിത്യവും വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുവളുടെ കണ്ണീരുവീണല്ലേ അവളുടെ അടുക്കളയിലെ വിറക് പുകയുന്നത്? പൂമുഖങ്ങളോ കിടപ്പറയോ അല്ല അവളുടെ ലോകം. അടുക്കളയാണ്.. അവളുടെ ഗദ്ഗദങ്ങളും നെടുവീര്‍പ്പുകളും ഏറ്റല്ലേ അടുക്കളച്ചുമരുകള്‍ക്ക് മങ്ങലേറ്റിരിക്കുന്നത്? ആരും മിണ്ടാനില്ലാത്തവിധം തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഒരുവള്‍ക്ക് കലമ്പാനുള്ളത് അഴുക്കുപിടിച്ച അടുക്കളപാത്രങ്ങളോടല്ലേ?
ഊണുമുറികള്‍ രൂപപ്പെടുകയും വിനോദത്തിനും വര്‍ത്തമാനം പറയാനുമായി സ്വീകരണമുറികള്‍ ഒരുങ്ങുകയും ചെയ്തിരുന്നതിന് മുമ്പ് കുടുംബത്തിലെ ചര്‍ച്ചാവേദി അടുക്കളയായിരുന്നു. അവിടെ അപ്പനും അമ്മയും മക്കളും ഒരുമിച്ച്കൂടുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
പക്ഷേ നമ്മുടെ അടുക്കളകള്‍ ഇന്നെത്രയോ മാറിപ്പോയി. ഇന്നവ എത്രയോ വികസിച്ചുപോയി. അരകല്ല്, ആട്ടുകല്ല്, ഉരല്‍, ഉലക്ക.. ചിരട്ടത്തവികള്‍, വിറകടുപ്പുകള്‍, മണ്‍പാത്രങ്ങള്‍,.കൊരണ്ടിപ്പലകകള്‍…എല്ലാം ഇന്നെവിടെപ്പോയി? അതിരാവിലെ അരകല്ലില്‍ മുളകും തേങ്ങയും മറ്റും അരച്ചിരുന്ന നമ്മുടെ നാട്ടിന്‍പ്പുറങ്ങളിലെ അമ്മച്ചിമാര്‍, അവര്‍ പോലുമറിയാതെ വ്യായാമം ചെയ്യുകയായിരുന്നു, അതുവഴിയെന്ന് ഇന്നെത്ര പേര്‍ക്കറിയാം? എല്ലാം മിക്‌സിയും ഗ്രൈന്‍ഡറും ചെയ്യുമ്പോള്‍ നന്നായിട്ടൊന്ന് അദ്ധ്വാനിക്കാനുള്ള സാഹചര്യം കൂടി ഇല്ലാതാവുകയാണ്. അടുക്കളത്തോട്ടം, അടുക്കളമുറ്റം തുടങ്ങിയവയും പ്രയോഗത്തിലുണ്ടായിരുന്നു. ഒരു ചുവട് പയറ്, രണ്ടുവള്ളി കോവല്‍, പാവല്‍ അതൊക്കെ അന്ന് അടുക്കളമുറ്റം അലങ്കരിച്ചിരുന്നു. അത്താഴത്തിന് ഉപദംശമാക്കിയിരുന്നത്, സാമ്പത്തികച്ചെലവ് ഇല്ലാത്ത ഇത്തരം ചില മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു. പാത്രം കഴുകുന്ന വെള്ളമൊഴിച്ച് കൂടുതല്‍ അദ്ധ്വാനമില്ലാതെയായിരുന്നു ഈ കൃഷികളെല്ലാം. വയറിന് പ്രശ്‌നവുമില്ല, വായ്ക്ക് രുചിയുമുണ്ട്. ഒന്ന് കൈയോ കാലോ മുറിഞ്ഞാലോ ഒരു പനിക്കോ ഒക്കെ മരുന്നായി ഉപയോഗിക്കാനും ഈ തോട്ടങ്ങളില്‍ ചില ചെടികളുണ്ടായിരുന്നു…അടുക്കളയെ സ്ത്രീയുടെ ലോകമായി നമ്മള്‍ പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു അടുത്തകാലം വരെ. അസ്വാതന്ത്ര്യത്തിന്റേതായിരുന്നു ആ ലോകം. അതുകൊണ്ടാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് അവര്‍ വരണമെന്ന് ചില കൂട്ടായ ശബ്ദങ്ങള്‍ ഉയര്‍ന്നത്. 1930 കളിലായിരുന്നു ആ വിപ്ലവം. വിടിയുടെയും മറ്റും നേതൃത്വത്തില്‍. ചുറ്റിവരിയപ്പെട്ടിരിക്കുന്ന ഒരു പാട് ചുറ്റുപാടുകളില്‍ നിന്നൊരു മോചനം അന്നത്തെ സ്ത്രീക്ക് ആവശ്യമായിരുന്നു. പക്ഷേ ഇന്ന് കാലം മാറി. പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്, ഇത് സ്ത്രീവിരുദ്ധമല്ല.. സ്ത്രീകള്‍ നമ്മുടെ അടുക്കളയിലേക്ക് തന്നെ തിരിച്ചുവരണം. കാരണം അതവളുടെ സാമ്രാജ്യമാണ്. അവിടെ എങ്ങനെ ഭരിക്കണമെന്ന്, എങ്ങനെ പട പൊരുതണമെന്ന് അവളാണ് തീരുമാനിക്കുന്നത്. അവളുടെ പാദം അവിടെ ഉറയ്ക്കണം. വെറുമൊരു പാചകക്കാരിയുടെയോ ജോലിക്കാരുടെയോ റോളല്ല അവള്‍ക്കവിടെയുണ്ടാവേണ്ടത്. താക്കോല്‍ക്കൂട്ടം അരയില്‍കെട്ടി വീടും നാടും ഭരിച്ച് നടന്നിരുന്ന ചില പഴയകാല നായികമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അടുക്കളയുടെ ഭരണം അവരായിരുന്നു, അതോടൊപ്പം വീട് മുഴുവന്‍ നിയന്ത്രിച്ചിരുന്നതും അവരായിരുന്നു. അടുക്കളപ്പെണ്ണ് എന്നൊന്നും വില കുറച്ച് വിളിക്കണ്ട. അടുക്കള തീരെ മോശം സ്ഥലവുമല്ല. എന്നാല്‍ അതുമാത്രവുമല്ല അവളുടെ ലോകം. അതൊടൊപ്പം അടുക്കള പെണ്ണുങ്ങള്‍ക്ക് തീറെഴുതിക്കൊടുത്ത് ആണുങ്ങള്‍ പൂമുഖത്ത് ഉപവിഷ്ടരാകണ്ട. അത് പെണ്ണിന്റെ മാത്രം ലോകമല്ല, ചുരുങ്ങിയ പക്ഷം മാറിയ ചുറ്റുപാടിലെങ്കിലും. ഭാര്യക്കൊപ്പം കിടക്ക മാത്രമല്ല ഭാര്യയും ഭര്‍ത്താവും ഉദ്യോഗസ്ഥരാകുന്ന നമ്മുടെ ചുറ്റുപാടില്‍ അടുക്കളയും പങ്കിടേണ്ടവനാണ് പുരുഷന്‍. നമ്മുടെ ചോറ് വെന്ത് അധികമാകുന്നതും അല്ലെങ്കില്‍ വേവാത്തതും പിന്നെ കരിഞ്ഞമണങ്ങളും പുളിമണങ്ങളും എല്ലാം അവിടെ നിന്ന് ഉയരുന്നതും പരസ്പരമുള്ള സ്‌നേഹബന്ധങ്ങള്‍ക്ക് കുറവ് വരുമ്പോഴോ അത് ഒരാളുടെ മാത്രം ഉത്തരവാദിത്തമാകുമ്പോഴോ ആണ്. ഓര്‍മ്മയില്ലേ, അമ്മ അടുക്കളയ്ക്കു പുറത്തേക്കിറങ്ങുമ്പോള്‍ അടുപ്പിലെ തീ ഉന്തിവക്കാനോ അത് കുറയ്ക്കാനോ അല്ലെങ്കില്‍ പാല്‍ തിളച്ചുവരുന്നുണ്ടോ എന്ന് നോക്കാനും ഒന്നിലധികം മക്കളുള്ളതുകൊണ്ട് ഏതെങ്കിലുമൊരുവനെ അതേല്പിച്ചിരുന്നു.
അതുകൊണ്ടൊക്കെയാവാം അടുക്കളയില്‍ എന്തൊക്കെയാണ് വേവുന്നതെന്നും പാകമാവുന്നതെന്നും അമ്മയ്ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അറിയാമായിരുന്നു. ഇന്ന് വച്ചുവിളമ്പി മുമ്പില്‍ കിട്ടുന്നതിലേക്ക് മാത്രമായി നമ്മുടെനോട്ടം. അടുക്കളയില്‍ എന്തുണ്ട്, ഇല്ല എന്നൊന്നും നോക്കാന്‍ നമുക്ക് മനസ്സ് നഷ്ടപ്പെട്ടിരിക്കുന്നു. നല്ല അടുക്കള നല്ല കുടുംബമാണ്: നല്ല ജീവിതവും.
വിനായക് നിര്‍മ്മല്‍