എനിക്കു വേണ്ടി ജീവിക്കുന്ന ഞാന്‍

Date:

spot_img

തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില്‍ അതില്‍ എന്താണ് തെറ്റ്? നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള്‍ നിങ്ങളോട് തന്നെ ആത്മാര്‍ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?

കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി..ജീവിക്കുന്നതിന്റെ കാരണങ്ങള്‍ ഇങ്ങനെ പലതുമാകാം. ഇങ്ങനെ പറയുന്നവരാണ് ഭൂരിപക്ഷവും.

പക്ഷേ ഒന്നു ചോദിക്കട്ടെ..മറ്റുള്ളവര്‍ അതാരുമാകാം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നുണ്ടോ? നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നത് എപ്പോഴാണ്?

  നിങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കാത്തതാണ് നിങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. നിങ്ങളുടെ സന്തോഷങ്ങള്‍ ഇല്ലാതാക്കുന്നതും അതുതന്നെ.

സമൂഹത്തിന്റെയും കുടുംബത്തിന്റെയും മറ്റുള്ളവരുടെയും മുമ്പില്‍ നല്ല പിള്ള ചമയാന്‍ നിങ്ങള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. എന്റെ ത്യാഗത്തെയും കഷ്ടപ്പാടിനെയും കുറിച്ച് ഞാന്‍ വാചാലനാകുന്നു

രാവും പകലും ഭേദമില്ലാതെ ഞാന്‍ ജോലി ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ് നിനക്കും പിള്ളേര്‍ക്കും വേണ്ടി..

നേരം വെളുക്കുമ്പോള്‍ മുതല്‍ പാതിരാത്രിവരെ അടുക്കളയിലെ പുകയുന്തിയും വിഴുപ്പലക്കിയും പാത്രം കഴുകിയും ഞാന്‍ കഴിയുന്നത് എന്തിനാ നിങ്ങള്‍ക്കും പിള്ളേര്‍ക്കും വേണ്ടി..

ഇതാണ് ഒരു സാധാകുടുംബത്തിലെ കുടുംബനാഥന്മാരുടെയും നാഥമാരുടെയും സര്‍വ്വസാധാരണമായ പ്രതികരണം.

മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്നതാണ് നമ്മെ ക്ലേശപ്പെടുത്തുന്നത്. എന്നാല്‍ ഞാന്‍ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്താല്‍, കഷ്ടപ്പെട്ടാല്‍ അതില്‍ എനിക്ക് പരാതിപ്പെടാന്‍ വകുപ്പില്ല. നമ്മുടെ വീട്ടമമ്മാര്‍ ഒരിക്കലും അവസാനിക്കാത്ത പരാതിക്കാരുടെ ക്യൂവില്‍ നില്ക്കുന്നവരാണ്. വീട്ടുപണി ചെയ്യുന്നതെല്ലാം അവര്‍ മറ്റാര്‍ക്കോ വേണ്ടി ചെയ്യുന്നതാണ് എന്നതാണ് അവരുടെ ധാരണ.

അത് തനിക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് വിശ്വസിക്കാന്‍ മാത്രം പലപ്പോഴും അവരുടെ ഹൃദയങ്ങള്‍ തുറക്കപ്പെടുന്നില്ല.  അതുകൊണ്ട് തങ്ങള്‍ ചെയ്യുന്നതില്‍ അവര്‍ക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഇത് തനിക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുകയും വിശുദ്ധമായുള്ള കൂദാശകളില്‍ ഏര്‍പ്പെടുന്നതുപോലെ അതിനെയെല്ലാം നോക്കിക്കാണുകയും ചെയ്യുമ്പോള്‍ എല്ലാറ്റിന്റെയും നിറം തന്നെ മാറിപോകുന്നു. അപ്പോള്‍ അവരുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം കിട്ടുന്നു. തന്റെ ജീവിതത്തിന്റെ അര്‍ത്ഥങ്ങളിലൊന്ന് ഇതു കൂടിയാണെന്ന് അവര്‍ തിരിച്ചറിയുന്നു.

അപ്പോള്‍ ഭര്‍ത്താവ് ഭക്ഷണം കഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. കുഞ്ഞുങ്ങള്‍ ഭക്ഷണമേശയ്ക്കല്‍ കലമ്പല്‍ കൂട്ടുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരുകയില്ല. കാരണം നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ഇവയെല്ലാം ചെയ്തത്.. നിങ്ങളുടെ തന്നെ ഉടലിന്റെയും ജീവിതത്തിന്റെയും ഭാഗമാണ് ഇവരെല്ലാം. അതുകൊണ്ട് അതില്‍ വ്യത്യാസം നിങ്ങള്‍ക്കനുഭവപ്പെടുന്നില്ല.
പുരുഷന്റെ കാഴ്ചപ്പാടുകളിലും മാറ്റം വരണം.  ഇരുകൈയിലും സാധനങ്ങള്‍ തൂക്കിപിടിച്ച് ഞാന്‍ നടന്നുവരുന്നത്, ഞാന്‍ വിയര്‍പ്പൊഴുക്കുന്നത്, ഇതെല്ലാം എനിക്ക് വേണ്ടിയാണ്.. എല്ലാം എനിക്കുവേണ്ടിയാകുമ്പോള്‍ ഇവിടെ ഞാനാണ് ജീവിക്കുന്നത്. മറ്റൊരാളല്ല.

വിദേശങ്ങളില്‍ ജോലി നോക്കുന്ന നമ്മുടെ നേഴ്‌സുമാരുടെയും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലിയുള്ള സാധാരണക്കാരുടെയും അവസ്ഥ ഇതുപോലെയാണ്. തങ്ങളുടെ ജീവിതത്തിന്റെ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു..  മറ്റുള്ളവര്‍ക്ക വേണ്ടി ജീവിച്ച് സ്വയം ജീവിക്കാന്‍ മറന്നുപോകുന്ന ത്യാഗമനസ്‌ക്കൊരൊന്നും ആകേണ്ട ഒരുകാര്യവുമില്ല. കാരണം നമ്മുക്കുള്ളത് നമ്മുടെ ജീവിതം മാത്രമാണ്.  ആ ജീവിതത്തിന്റെ കണക്ക് കൊടുക്കാനുള്ളത് നമ്മള്‍ മാത്രമല്ല. ദൈവം ഓരോരുത്തരെയും സരളഹൃദയരായിട്ടാണ് സൃഷ്ടിച്ചത്. പക്ഷേ നാം അതിനെ സങ്കീര്‍ണ്ണമാക്കി മാറ്റിയിരിക്കുന്നു.

ഇനി ഇപ്രകാരം ജീവിക്കുന്നതിന് മറ്റൊരുവശം കൂടിയുണ്ട്. സന്തോഷം കണ്ടെത്താനും സ്വയം ജീവിക്കാനുമുള്ള ചെറിയൊരു എളുപ്പവഴിയാണത്.  24 മണിക്കൂറിലെ ചില നിമിഷങ്ങളെങ്കിലും നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായി നീക്കിവയ്ക്കുക. അവിടെ ഇണ വേണ്ട..മക്കള്‍ വേണ്ട.. മാതാപിതാക്കള്‍ വേണ്ട.. നിങ്ങള്‍ മാത്രം.

അത് ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രപോകുന്നതാകാം.. നല്ലൊരു ഗാനം  ഒറ്റയ്ക്കിരുന്ന് കേള്‍ക്കുന്നതാകാം. മഴയിലൂടെ നടന്നുപോകുന്നതാകാം.. ഒരു പുസ്തകം വായിക്കുന്നതാകാം. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ജീവിതത്തിനിടയില്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കൊച്ചുകൊച്ചുസന്തോഷങ്ങളാണിവയെല്ലാം.ജീവിതത്തില്‍ നിന്ന് കിട്ടുന്ന ഇത്തരം സന്തോഷങ്ങളുടെ ഓഹരികള്‍ക്ക് നാം പങ്കുകാരാണ്.

അതുകൊണ്ട് അത് നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുക. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്..ഇത് വായിക്കുന്ന വിവാഹിതരായവര്‍ ഒന്നാലോചിച്ചുനോക്കൂ.. വിവാഹാനനന്തരം അതിന് മുമ്പുണ്ടായിരുന്നതുപോലെ തീവ്രമായ സൗഹൃദങ്ങളില്‍ മുഴുകാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ.. സ്വസ്ഥമായി ഒരു പുസ്തകം വായിക്കാനോ പാട്ടുകേള്‍ക്കാനോ കഴിയുന്നുണ്ടോ.. ഒറ്റയ്‌ക്കൊരു യാത്ര പോകാന്‍ സാധിക്കുന്നുണ്ടോ.. പലരുടെയും ഉത്തരം ഇല്ല എന്നുതന്നെയാകാം. കാരണം. വിവാഹത്തോടെ പലര്‍ക്കും സുഹൃദ്ബന്ധങ്ങള്‍ നഷ്ടമാകുന്നു..അവരുടെ വായനകള്‍ നിലയ്ക്കുന്നു. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് ജീവിക്കേണ്ടതെന്നും അതാണ് നമ്മുടെ കടമയെന്നും നാം തെറ്റായി ധരിച്ചുവശായിരിക്കുന്നു.

കുടുംബം എന്നും കടം എന്നും ബാധ്യതയെന്നും തല പുകഞ്ഞ് എരിഞ്ഞുതീരേണ്ടതൊന്നുമല്ല നമ്മുടെ ജീവിതം.  ആരെയും മുറിപ്പെടുത്താതെയും ഒരു നിയമങ്ങളും ലംഘിക്കാതെയും നമുക്ക് ആസ്വദിക്കാന്‍ കൂടിയുള്ളതാണ് അത്. അതുകൊണ്ട് നിങ്ങളുടെ സന്തോഷങ്ങള്‍ നിങ്ങള്‍ വേണ്ടെന്ന് വയ്ക്കരുത്..

നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്‌പോള്‍ നിങ്ങളുടെ ജീവിതം ആരാണ് ജീവിക്കുന്നത്? അവിടെ നിങ്ങളുടെ ജീവിതം അനാഥമായിപോകും.

ആരെയും മുറിപ്പെടുത്താതെയും ഒരു നിയമലംഘനം നടത്താതെയും  എനിക്ക് വേണ്ടി തന്നെ ഞാന്‍ ജീവിക്കണം.  അതൊരു സ്വാര്‍ത്ഥതയല്ല. ഇന്നത്തെ സമൂഹത്തെ അപകടകരമാം വിധത്തില്‍ ബാധിച്ചിരിക്കുന്ന നിസ്സംഗതയുമല്ല. ചെയ്യുന്ന എല്ലാകാര്യങ്ങളും എനിക്ക് വേണ്ടി തന്നെയാണ് എന്ന തിരിച്ചറിവില്‍ ജീവിതത്തെയും കര്‍മ്മങ്ങളെയും ചിട്ടപ്പെടുത്തുന്‌പോള്‍ യാതൊന്നിനോടും പരാതിപ്പെടാത്ത ഒരു ജീവിതമാണ് നമുക്ക് കരഗതമാകുന്നത്.

വിനായക് നിര്‍മ്മല്‍

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!