വിജയ് സൂപ്പറാ, പൗര്‍ണ്ണമിയും

Date:

spot_img

പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത് പുതിയകാലത്തിലെ പെണ്‍കുട്ടികളെയായിരുന്നു. അതിജീവിക്കാന്‍ കരുത്തും ആത്മധൈര്യവുമുള്ള പെണ്‍കുട്ടി. അതിനെ ഏറ്റവും നന്നായി ഐശ്വര്യക്ക് അവതരിപ്പിക്കാനും കഴിഞ്ഞു. 

ഇപ്പോഴിതാ  ഐശ്വര്യയുടെ നാലാമത് സിനിമയിലും അതാവര്‍ത്തിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇത് പൗര്‍ണ്ണമിയുടെ  സിനിമയാണ്. ഉദാഹരണം സുജാത പോലെയുള്ള ചില ഒറ്റപ്പെട്ട സിനിമകളില്‍ അല്ലാതെ നായികയുടെ പേരിലോ പേരു ചേര്‍ത്തോ അടുത്തകാലത്തൊന്നും ഒരു സിനിമയും പുറത്തുവന്നിട്ടില്ല എന്നാണ് ഓര്‍മ്മ . അവിടെയാണ് നായകനൊപ്പം നായികയുടെയും പേരുചേര്‍ത്തുള്ള വിജയ് സൂപ്പറും പൗര്‍ണ്ണമിയും ശ്രദ്ധേയമാകുന്നതും നായകനെക്കാള്‍ നായിക പ്രാതിനിധ്യം നേടുന്നതും.
 ദാമ്പത്യം പോലെയുള്ള ഒരു മഹാരഹസ്യത്തിലേക്ക് പേരുചേര്‍ക്കപ്പെടുന്നത് എല്ലായ്‌പ്പോഴും ഒരേ പോലെയുള്ള വ്യക്തികളല്ല. വ്യത്യസ്തമായ അഭിരുചികളും കഴിവുകളുമുള്ളവരായിരിക്കും. ഒരാള്‍ക്ക് ഇല്ലാത്ത കഴിവു മറ്റൊരാള്‍ക്കുണ്ടാവും. ഒരാളുടെ കുറവിനെ നികത്താന്‍ മറ്റേയാള്‍ക്ക് ദൈവം ആ കഴിവു കൊടുക്കുകയും ചെയ്യും. വിജയ് സൂപ്പറിലെ ദാമ്പത്യരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതും അതുതന്നെയാണ്. എന്നിട്ടും അതൊന്നും ഓര്‍ക്കാതെയല്ലേ ഇണയുടെ കുറവിനെ പ്രതി പലരും അസ്വസ്ഥരാകുന്നത്?
വിജയയുടെ ആത്മവിശ്വാസക്കുറവിനെ സ്വന്തം ആത്മവിശ്വാസം കൊണ്ട് പരിഹരിക്കുന്ന പൗര്‍ണ്ണമി, തനിക്കില്ലാത്ത കഴിവുകള്‍ അവനില്‍ കണ്ടെത്തി അതിനെ യൂട്ടിലൈസും  ചെയ്യുന്നു. ഏതൊരു ബന്ധത്തിലും രണ്ടുകൂട്ടര്‍ക്കും പ്രയോജനമുണ്ടാകുന്നതും ഇങ്ങനെയാണ്. ആരാണ് കേമം, ആരാണ് കൂടുതല്‍നല്ലത് എന്നൊക്കെുള്ള ബാലിശമായ പിടിവാശികള്‍ ആര്‍ക്കും ഗുണം ചെയ്യില്ല, പ്രയോജനവും. എവറസ്റ്റ് കീഴടക്കിയ ഹിലാരിയുടെയും ടെന്‍സിംങിന്‍റെയും കഥ ഉദാഹരിക്കപ്പെടുന്നത് ഈയൊരു സന്ദര്‍ഭത്തില്‍ കൂടുതല്‍ മാധുര്യമുള്ളതായി. 

വ്യക്തിബന്ധങ്ങള്‍,കുടുംബബന്ധങ്ങള്‍, ദാമ്പത്യബന്ധങ്ങള്‍, അയല്‍വക്ക ബന്ധങ്ങള്‍ എന്നിങ്ങനെ പലതരം ബന്ധങ്ങളെ രണ്ടര മണിക്കൂറില്‍ ഒതുങ്ങുന്ന സിനിമയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ജിസ് മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എല്ലാവരും നന്മയുള്ള കഥാപാത്രങ്ങള്‍. ഏറിയും കുറഞ്ഞും അതെല്ലാവരിലും ഉണ്ടെന്ന് തന്നെയാണെന്ന് തോന്നുന്നു അദ്ദേഹം പറയാന്‍ ശ്രമിക്കുന്നതും. സ്വന്തം ആഗ്രഹങ്ങളെ അനുധാവനം ചെയ്യാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറാനും ഈ ചിത്രം നല്കുന്ന  പ്രചോദനവും നിസ്സാരമല്ല. കുറിക്കുകൊള്ളുന്ന ചില ഡയലോഗുകള്‍ കേള്‍ക്കാന്‍ ചെവിയുള്ളവരെല്ലാം കേള്‍ക്കേണ്ടതുതന്നെയാണ്.

ആസിഫ് അലിയുടേത് അദ്ദേഹം ഇതിനകം പലതവണ ചെയ്തിട്ടുള്ളതിന്റെ തുടര്‍ച്ച പോലെയുള്ള കഥാപാത്രം തന്നെയാണ്. എങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാതെ വരികയും   ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില്‍ പോലും സ്വന്തം ഇഷ്ടങ്ങള്‍ തുറന്നുപറയാന്‍ കഴിയാതെ പോകുകയും ചെയ്യുന്ന ചെറുപ്പക്കാരനെ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ആസിഫ് അലിക്ക് സാധിച്ചു. വീരശൂരപരാക്രമിയായ നായകനൊന്നുമല്ല അയാള്‍. നാം തന്നെയോ  അല്ലെങ്കില്‍ നമുക്ക് അടുത്തുപരിചയമുള്ളതോ ആയ ആരെയൊക്കെയോ അയാള്‍ അനുസ്മരിപ്പിക്കുന്നുമുണ്ട്.

വ്യക്തിബന്ധം മുതല്‍ ദാമ്പത്യബന്ധം വരെയും വ്യക്തിപരമായ സ്വപ്‌നങ്ങളുടെ സാക്ഷാത്ക്കാരത്തിന് വേണ്ടിയുമുള്ള നിരവധി കാര്യങ്ങളെ സംബന്ധിച്ച് പോസിറ്റീവ് എനര്‍ജി നല്കാന്‍ കഴിയുന്ന ഒരു സിനിമ കൂടിയാണിത്. നിരാശാജനകമായ സാഹചര്യങ്ങളില്‍ പോലും ഉള്ളിലെ നന്മയും സത്യത്തോടുള്ള ചാ യ വും പുലര്‍ത്തിപ്പോരുന്ന സിദ്ധിഖിന്റേതുള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ പ്രസരിപ്പിക്കുന്ന നന്മയെ കാണാതെപോകുന്നതെങ്ങനെ?  പ്രധാന കഥയോട് യാതൊരു ബന്ധവുമില്ലെങ്കിലും അയല്‍വക്കത്തെ വൃദ്ധയായ സ്ത്രീയെയും അവരുടെ മകളുടെയും ചിത്രീകരണത്തിലൂടെ സംവിധായകന്‍ കാണിച്ചുതരുന്ന ജീവിതസത്യങ്ങളും ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. മനസ്സില്‍ നന്മയുള്ളവര്‍ക്ക് മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ സ്വാര്‍ത്ഥതയുടെ ചട്ടക്കൂടുകളില്‍ കഴിയുന്നവര്‍ക്ക് പുതിയ വെളിച്ചം നല്കിയേക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വിയോജിപ്പുകള്‍ കൂടി പറയേണ്ടതുണ്ട്. പുതുമയുള്ള പെണ്ണുകാണല്‍ ചടങ്ങായിരുന്നുവെങ്കിലും കൊച്ചുവര്‍ത്തമാനങ്ങളിലൂടെയുള്ള അവരുടെ മുറിയടച്ചിരുപ്പ്് ഇത്തിരി ലാഗ് ചെയ്തുപോയില്ലേ എന്നൊരു സംശയം. തേപ്പുകാരിയെ അതിനെക്കാള്‍ വലിയ തേപ്പുകാരന് കൂട്ടിചേര്‍ത്തുകൊടുത്തതുപോലെയുള്ള കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ സിനിമയിലെ ക്ലൈമാക്‌സ് ഒഴിവാക്കാമായിരുന്നുവെന്നും തോന്നി. സോഷ്യല്‍ മീഡിയായില്‍ ഏറെ ആരാധകരുള്ള ജോസഫ് അന്നംകുട്ടിക്ക്  അരങ്ങേറ്റ ചിത്രമായ ഇതില്‍ അധികമൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല.
 തിയറ്ററിലേക്ക് ആളുകള്‍ കൂടുതലായി വരുന്നില്ലെങ്കിലും കൃത്യമായ പ്രചരണങ്ങളിലൂടെ അവരെ കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പേരിലെ സൂപ്പര്‍ സിനിമയുടെ വിജയത്തിനും എഴുതിച്ചേര്‍ക്കാന്‍ കഴിയും. അതുകൊണ്ട് നന്മയുള്ള,  സ്‌നേഹമുള്ള, പോസിറ്റീവ് എനര്‍ജിന ല്കുന്ന ഈ കൊച്ചുസിനിമ എല്ലാവരും കാണുക തന്നെ ചെയ്യണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചുകൊണ്ട്

വിനായക് നിര്‍മ്മല്‍

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!