സോഷ്യല്‍ മീഡിയാ ഉപയോഗം വഴിയുള്ള വിഷാദരോഗം കൂടുതലായും ബാധിക്കുന്നത് ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഹരാസ്‌മെന്റുകള്‍ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെയും ശരീരത്തെക്കുറിച്ചുള്ള ഇമേജുകളെയും ബാധിക്കുന്നുവെന്നും ഇത് ക്രമേണ അവരെ ഉറക്കമില്ലായ്മയിലേക്കും പതുക്കെ വിഷാദരോഗത്തിലേക്കും നയിക്കുന്നുവെന്നുമാണ് പഠനം. ആണ്‍കുട്ടികളെക്കാള്‍ ഇത്തരം അവസ്ഥയിലേക്ക് വഴുതിവീഴുന്നത് പെണ്‍കുട്ടികളാണത്രെ. ബ്രിട്ടനില്‍ അടുത്തയിടെ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 11000 ചെറുപ്പക്കാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അതില്‍ 14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മൂന്നു മണിക്കൂര്‍ കൂടുതല്‍ സോഷ്യല്‍മീഡിയായില്‍ സമയം ചെലവിടുന്നവരായിരുന്നു. പന്ത്രണ്ട് ശതമാനം മാത്രമേ മിതമായ തോതില്‍ സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്നവരായിട്ടുണ്ടായിരുന്നുള്ളൂ. 38 ശതമാനം അധികസമയവും അതായത് അഞ്ചു മണിക്കൂറിലേറെ സോഷ്യല്‍ മീഡിയായില്‍ ചെലവഴിക്കുന്നവരായിരുന്നു. അവരിലാണ് വിഷാദരോഗം പ്രകടമായി കണ്ടത്. സോഷ്യല്‍ മീഡിയാ വഴിയുള്ള വിഷാദരോഗം ആണ്‍കുട്ടികളില്‍ 25 ശതമാനമാണെങ്കില്‍ പെണ്‍കുട്ടികളില്‍ അത് 40 ശതമാനത്തോളമുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 28 ശതമാനം ആണ്‍കുട്ടികളെ ബാധിക്കുമ്പോള്‍ പെണ്‍കുട്ടികളില്‍ 40 ശതമാനത്തിലും സോഷ്യല്‍മീഡിയാ വഴിയുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ഉത്കണ്ഠയും ഉറക്കമില്ലായ്മയുമാണ് വിഷാദത്തിലേക്ക് നയിക്കുന്നത്.
സോഷ്യല്‍ മീഡിയാ നല്കുന്ന ഇമേജുകളിലൂടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അബദ്ധധാരണകളിലെത്തുന്നതാണ് ഈ പെണ്‍കുട്ടികളെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. കൗമാരക്കാര്‍ തങ്ങളുടെ മൊബൈല്‍ ബെഡ്‌റൂമിലേക്ക് കൊണ്ടുപോകുന്നത് മാതാപിതാക്കള്‍ നിരോധിക്കണമെന്നും മക്കളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതുണ്ടെന്നും ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡിമിയോളജി ആന്റ് ഹെല്‍ത്ത് കെയര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ കെല്ലി അഭിപ്രായപ്പെടുന്നു.