ഇങ്ങനെയും മക്കളെ സ്നേഹിക്കാം

Date:

spot_img
കുട്ടികളെ ചെറുപ്രായത്തിൽ തന്നെ നടക്കേണ്ട വഴികൾ ശീലിപ്പിച്ചാൽ അവർക്ക് വാർദ്ധക്യത്തിലും തെറ്റുപറ്റുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. അപ്പോൾ എങ്ങനെയാണ് കുട്ടികളെ നല്ല വഴികൾ പഠിപ്പിക്കേണ്ടത്?  അവരെ എങ്ങനെയാണ് നല്ല വഴിക്ക് നയിക്കേണ്ടത്? വാഷിംങ്ടൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രഫസറും സെന്റ് ലൂയിസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനുമായ ഡോ. കാത്ലീൻ നിർദ്ദേശിക്കുന്നത് പത്തുകാര്യങ്ങളാണ്.
1.  കണ്ണിൽ നോക്കുക
കുട്ടികളോട് അവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. അത് വാക്കുകൾ കൊണ്ട് സംസാരിക്കുന്നതിലേറെ ക്രിയാത്മകമായ പ്രതികരണം അവരിൽ സൃഷ്ടിക്കും. കംപ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് അലക്ഷ്യമായി മക്കളോട് സംസാരിക്കുന്നതിന് പകരം അവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. ആ മനോഹരമായ കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോൾ നമുക്കും അവർക്കും ഒരുപോലെ ആനന്ദം ഉണ്ടാകും. തീർച്ച
2 . കുട്ടികളെ സ്പർശിക്കുക
ശാരീരികമായ സ്പർശനം എല്ലാവരുടെയും  ആഗ്രഹമാണ്. കുട്ടികളെ ഇടയ്ക്കിടെ ആലിംഗനം ചെയ്യുക, അത് അവരെ നിങ്ങളുമായി അടുപ്പിക്കും. കുട്ടികളോട് സംസാരിക്കുമ്പോൾ അവരുടെ കരം കവരുക, നടന്നുപോകുമ്പോൾ കരം പിടിക്കുക. സ്നേഹപൂർവ്വവും ആരോഗ്യപരവുമായ ഇത്തരം സ്പർ
ശനങ്ങൾ മാതാപിതാക്കളിൽ നിന്ന് ലഭിക്കുമ്പോൾ അവർക്ക് ജീവിതത്തിൽ പിന്നീടെപ്പോഴെങ്കിലും ഉണ്ടാകാവുന്ന അനാരോഗ്യകരമായ സ്പർശനങ്ങളെയോ ലൈംഗികചുവയുള്ള സ്പർശനങ്ങളെയോ വേർതിരിച്ചറിയാൻ കഴിയും എന്ന പ്രയോജനം കൂടിയുണ്ട് ഇതിന്.
3 . മക്കളോട് പൊട്ടിത്തെറിക്കാതിരിക്കുക
പല കാര്യങ്ങളിലും കുട്ടികളോട് പൊട്ടിത്തെറിക്കുന്നവരാണ് മാതാപിതാക്കൾ. പക്ഷേ മക്കളോട് പൊട്ടിത്തെറിക്കരുത്, ദേഷ്യപ്പെടരുത്. കുട്ടികളുടെ തലച്ചോർ വികസിക്കുന്നതിന് അത്യാവശ്യമാണ് മാതാപിതാക്കളുടെ കോപനിയന്ത്രണം. മാതാപിതാക്കളുടെ കോപത്തിന് ഇരകളാകേണ്ടിവരുന്ന കുട്ടികളിൽ സ്ട്രെസ് ഉണ്ടാകുകയും അത് ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
4.  കുടുംബത്തോടൊപ്പം
        സമയം ചെലവഴിക്കുക
അവസാനമില്ലാതെ ജോലി ചെയ്യുന്നതും ഓഫീസ് വിട്ട് മറ്റെവിടെയെങ്കിലുമൊക്കെ സ്ഥിരമായി അലഞ്ഞുതിരിയുന്നതും അവസാനിപ്പിച്ച് കൂടുതൽ സമയം മക്കളോടൊപ്പം ചെലവഴിക്കാൻ സന്നദ്ധമാകുക.
5.  ക്രിയേറ്റീവ് പ്ലേ
 ക്രിയേറ്റിവിറ്റി വളർത്താൻ സഹായകമായ കളികൾ കുട്ടികൾക്ക് നല്കുക. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കണക്ക്,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മികവു തെളിയിക്കാനും ഇത്തരം കളികൾ കുട്ടികളെ സഹായിക്കും.
6. ഒരുമിച്ചു ഭക്ഷണം കഴിക്കുക
കുട്ടികൾക്ക് ഒറ്റയ്ക്കിരുത്തി ഭക്ഷണം കൊടുക്കുന്ന ഒരുപാട് അമ്മമാരുണ്ട്. ഭക്ഷണമേശയിൽ അവർക്ക് പ്രത്യേകമായ സ്ഥാനം കൊടുക്കുന്നവരുമുണ്ട്. ഇത് തെറ്റായ ശീലമാണ്. കുട്ടികളെ മാതാപിതാക്കൾക്കൊപ്പം ഭക്ഷണത്തിനിരുത്തുകയാണ് വേണ്ടത്. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികളിൽ അനാരോഗ്യകരമായ പല ഭക്ഷണശീലങ്ങളും ക്രമേണ രൂപപ്പെട്ടുവരും.
7.  മതിയായ ഉറക്കം നല്കുക
ഉറക്കമില്ലായ്മ ശരീരത്തിലും വ്യക്തിത്വത്തിലും പലപല അസ്വസ്ഥകളും സൃഷ്ടിക്കും. അതുകൊണ്ട് മക്കളെ അവർക്ക് ആവശ്യമായ വിധത്തിൽ ഉറങ്ങാൻ അനുവദിക്കുക.
8 . ആശുപത്രിസന്ദർശനത്തിന്
         കൂടെ കൂട്ടുക
 ആശുപത്രിയിൽ രോഗിയായി കഴിയുന്നവരെ സന്ദർശിക്കാൻ പോകുമ്പോൾ മക്കളെയും കൂടെ കൂട്ടുക. രോഗീപരിചരണവും സന്ദർശനവും മക്കളിൽ ചില മൂല്യങ്ങൾ വളർത്താൻ കാരണമാകും. രോഗികളെ എങ്ങനെ പരിഗണിക്കണമെന്നും ശുശ്രൂഷിക്കണമെന്നുമുള്ള പാഠങ്ങളാണ് ഇതിലൂടെ മക്കൾക്ക് പകർന്നുകിട്ടുന്നത്.
9.  നല്ല ശീലങ്ങൾ മക്കളെ
         കാണിച്ചുകൊടുക്കുക
നിങ്ങൾക്ക് നിങ്ങളോട് തന്നെ സ്നേഹമില്ലെങ്കിൽ മക്കളെയും സ്നേഹിക്കാനാവില്ല. അതിന് ആദ്യം നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കേണ്ടിയിരിക്കുന്നു. എപ്പോഴും ഉത്കണ്ഠാകുലരും കോപാകുലരും അസൂയാലുക്കളും ജീവിതപങ്കാളിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരുമാണെങ്കിൽ മക്കളും അതുതന്നെയാണ് മനസ്സിലാക്കുന്നതും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതും. അതുകൊണ്ട് ആദ്യം മാതാപിതാക്കൾ നല്ല ശീലങ്ങൾ ജീവിതത്തിൽ കാണിച്ചുകൊടുക്കുക. നല്ല ഭക്ഷണശീലം, മതിയായ ഉറക്കം, എക്സർസൈസ്, പ്രാർത്ഥന, സഹായ മനസ്ഥിതി എന്നിവയെല്ലാം മക്കൾക്ക് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുക.
10. ക്ഷമിക്കുക
 മക്കളെ അച്ചടക്കവും നല്ല ശീലങ്ങളും പഠിപ്പിക്കുന്നതിനിടയിൽ അവരുടെ ചെറിയ ചെറിയ കുറ്റങ്ങളും കുരുത്തക്കേടുകളും ക്ഷമിക്കാൻ മാതാപിതാക്കൾ ചിലപ്പോഴെങ്കിലും മറക്കാറുണ്ട്. മക്കളോട് ക്ഷമിക്കുമ്പോൾ മാത്രമേ അവർ മറ്റുള്ളവരോടും ക്ഷമിക്കുന്നവരായി മാറുകയുള്ളൂ.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!