അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര് ഡോ. അഗനെസ്‌ക്കാ പിസൂല. അപ്പന്റെ പേര് ഡോ. ടോമാസ് ജിന്റർ. സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ. അഗനെസ്‌ക്കാ കഴിഞ്ഞവർഷം മാർച്ച് 27ന് ആയിരുന്നു കാൻസർ രോഗബാധിതയായി മരണമടഞ്ഞത്. അപ്പോൾ ഡോ. പിസൂലയ്ക്ക് നാല്പത്തിയഞ്ച് വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ. നാല് കുട്ടികളുടെ അമ്മയുമായിരുന്നു അവൾ. നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അവസരത്തിലായിരുന്നു അഗനെസ്‌ക്കോയുടെ രോഗം കണ്ടുപിടിക്കപ്പെട്ടത്. ഉപദ്രവകാരിയല്ലാത്ത ഒരു ട്യൂമർ എന്ന ധാരണയിൽ നിന്ന് സർക്കോമ കാൻസർ ആണെന്ന് കണ്ടെത്തിയപ്പോഴേക്കും ആ കുടുംബം തകർന്നുപോയിരുന്നു.
ചിറകുവിരിച്ച് പറക്കാൻ പോലും കരുത്തില്ലാത്ത മൂന്നു കുട്ടികൾ. ഭർത്താവ്. സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്. രോഗവിവരം അവരുടെ കുടുംബത്തെ മുഴുവൻ അസ്വസ്ഥതയിലാക്കി. മൂന്നു മക്കൾക്കും ഭർത്താവിനും വേണ്ടി ഉദരത്തിലെ കുഞ്ഞിനെ നശിപ്പിക്കാനും അങ്ങനെ കാൻസർ ട്രീറ്റ് മെന്റ് ആരംഭിക്കാനുമായിരുന്നു ഡോക്ടേഴ്സിന്റെ വിദഗ്ദ അഭിപ്രായം. ജീവനോടെ കൺമുമ്പിലുള്ള മൂന്നു കുഞ്ഞുങ്ങൾ അവൾക്ക് അമ്മയെന്ന നിലയിൽ വളരെ പ്രിയപ്പെട്ടതുതന്നെയായിരുന്നു. പക്ഷേ ഉദരത്തിലുള്ള താൻ ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ഞിന്റെ ജീവൻ അതിലേറെ അവൾക്ക് വലുതായിരുന്നു. ആ കുഞ്ഞിനെ ഇല്ലാതാക്കി സ്വന്തം കുടുംബജീവിതം സുരക്ഷിതമാക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് അബോർഷൻ എന്ന സാധ്യതയെ അവൾ തള്ളിക്കളഞ്ഞു.
ജീവന്റെ വില അവൾക്കറിയാമായിരുന്നു. ഭർത്താവ് അനുസ്മരിക്കുന്നത് അങ്ങനെയാണ്. എല്ലാവരും പതറിപ്പോകുമായിരുന്ന അവസരത്തിലും അവൾ ധൈര്യത്തോടെ നിലകൊണ്ടു. സ്വതസിദ്ധമായ പുഞ്ചിരിക്കുന്ന മുഖം അവൾക്ക് നഷ്ടമായതുമില്ല കുഞ്ഞിന് ദോഷം ചെയ്യുന്ന എല്ലാവിധ ചികിത്സകളോടും ഡോ. പിസൂല മുഖംതിരിച്ചുകളഞ്ഞു. ഗർഭാവസ്ഥയുടെ 31 ആഴ്ചകൾക്ക് ശേഷം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
പെൺകുഞ്ഞ്. ബോഗ്‌ന ജോവന്ന എന്നായിരുന്നു കുഞ്ഞിന് നല്കിയ പേര്. കുഞ്ഞ് ജീവിതത്തെ നേരിടുമെന്ന് തിരിച്ചറിവായ ആ സമയത്ത് പിസൂല ചികിത്സകൾക്ക് വിധേയയാവാൻ സന്നദ്ധത കാണിച്ചു. എങ്കിലും ചികിത്സകൾക്ക് അവളെ മക്കൾക്ക് മടക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മാർച്ച് 27 ന് പിസൂല ഈ ലോകത്തോട് യാത്രപറഞ്ഞു. സ്വന്തം ജീവിതം തന്നെ ബലിയായി സമർപ്പിച്ചുകൊണ്ട്…
അവൾക്ക് നിരാശയുണ്ടായിരുന്നില്ല. രോഗവിവരം അറിഞ്ഞിട്ടും അവൾ സ്വഭാവികമായി ജീവിച്ചു. സന്തോഷിച്ചു. രോഗവിവരം അറിഞ്ഞെത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷാദഭരിതമായ മുഖങ്ങളെ നോക്കിക്കൊണ്ട് പൊട്ടിചിരിക്കാൻ പോലും അവൾക്ക് സാധിച്ചിരുന്നു. കീമോ തെറാപ്പിക്ക് ശേഷം മുടി പൊഴിഞ്ഞു എന്നല്ലാതെ യാതൊരു മാറ്റവും വന്നതുമില്ല. ശാരീരികമായ അവശതയും ഉണ്ടായിരുന്നില്ല. ഡോ. ടോമാസ് ഓർമ്മിക്കുന്നു.
സാധാരണയായി രോഗാവസ്ഥകൾ പലരുടെയും ദൈവവിശ്വാസം നഷ്ടപ്പെടുത്തുന്നവയാണ്. ദൈവനീതിയെ ചോദ്യം ചെയ്യുന്നവരും ദൈവത്തെ തള്ളിപ്പറയുന്നവരും ഏറെ. പക്ഷേ അവിടെയും ഡോ. പിസൂല വേറിട്ടുനിന്നു. സ്വന്തം ജീവിതത്തെ അവൾ പൂർണ്ണമായും ദൈവകരങ്ങളിലേക്ക് വച്ചുകൊടുത്തു. ശവസംസ്‌കാരവേളയിൽ ആർച്ച് ബിഷപ് ഹോസർ ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുകയും ചെയ്തിരുന്നു.
”എന്നെ സംബന്ധിച്ച് ഭാര്യയുടെ രോഗവും മരണവും അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. വിശ്വസിക്കാൻ പ്രയാസവും. ഇളയമകന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ എനിക്ക് നല്കാൻ ഉത്തരം പോലുമില്ലായിരുന്നു. പക്ഷേ അവിടെയും അവൾ എന്നെ അത്ഭുതപ്പെടുത്തി. അവളുടെ വിശ്വാസവും ധൈര്യവും എനിക്കും പ്രചോദനമായി.” ഡോ. ടോമാസ് പറയുന്നു.
താൻ മരിക്കുമെന്ന് ഡോ. പിസൂല മക്കൾക്ക് അവസാനനിമിഷം വരെയും ഒരുസൂചനപോലും നല്കിയിരുന്നില്ല. അവൾ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തന്നെയായിരുന്നു ഭർത്താവും കരുതിയിരുന്നത്. പക്ഷേ…
ഇന്ന് ടോമാസിന്റെ കൈവിരലുകളിൽ രണ്ട് വിവാഹമോതിരങ്ങളുണ്ട്. ഒന്ന് തന്റെ വിരലിൽ വിവാഹ നിമിഷം ഭാര്യ പിസൂല അണിയിച്ച വിവാഹമോതിരം. മറ്റൊന്ന് താൻ അവളുടെ വിരലിൽ അണിയിച്ച വിവാഹമോതിരം. ഭാര്യ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് ആ മോതിരവിരൽ ഉയർത്തിക്കാണിച്ച് അദ്ദേഹം പറയുന്നു.
വിശുദ്ധ ജിയന്നയുടെ ജീവിതത്തോട് ഉപമിച്ചുകൊണ്ട് പല വാർത്തകളും ഡോ. പിസൂലയുടെ മരണവേളയിൽ പോളണ്ടിലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു നാളെ പിസൂല ജിയന്നയെപ്പോലെ അൾത്താരയിലേക്ക് ഉയർത്തപ്പെടുമോയെന്ന് തനിക്കറിയില്ലെന്ന് വ്യക്തമാക്കുന്ന ഭർത്താവ് ഒരുകാര്യം ഉറപ്പിച്ചുപറയുന്നു, ഞാൻ എന്റെ ജീവിതം പങ്കിട്ടത് ഒരു വിശുദ്ധയോടൊപ്പമായിരുന്നു. ദൈവത്തിന്റെ സ്നേഹത്തിൽ അലിഞ്ഞുചേർന്ന് അവിടുത്തെ കരങ്ങളിലാണ് അവൾ മരിച്ചതും.