‘നദികൾക്കൊരിക്കലും അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാനാവില്ല. എന്നിട്ടും എല്ലാ നദികൾക്കും കൃത്യമായ ഒരു തുടക്കസ്ഥാനമുണ്ട്.’ എവിടെയോ പറഞ്ഞുകേട്ട ഒരു വാചകമാണ് ഇത്. ‘നന്നായി തുടങ്ങിയാൽ പാതിയോളമായി’ എന്ന് മറ്റൊരു ചൊല്ലും ഉണ്ട്. ഇതാ വീണ്ടും ഒരു പുതുവർഷം കൂടി. നന്നായി തുടങ്ങാനും സംഭവിച്ച പിഴവുകൾ തിരുത്താനും നമുക്ക് വീണ്ടും ഒരു അവസരം. ഓരോ പുതുവർഷത്തിലും സ്ഥിരമായി പുതുതീരുമാനങ്ങൾ എടുക്കുന്ന ഒരുപാടു പേരുണ്ട്. എന്നാൽ എടുത്ത തീരുമാനങ്ങൾ സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോകുന്നവർ വളരെ കുറവായിരിക്കും.
നന്നായി തുടങ്ങണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ട കാര്യമാണ് എടുത്ത നല്ല തീരുമാനങ്ങളെ എന്തുവില കൊടുത്തും നിലനിർത്തിക്കൊണ്ടുപോകണം എന്നത്. നല്ലതിന് വേണ്ടിയുള്ള ആഗ്രഹവും നന്മയ്ക്കുവേണ്ടിയുള്ള ശ്രമവും കൂടിചേരുമ്പോൾ നല്ല തുടക്കങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശക്തിയും സാഹചര്യവും പ്രേരണയും ഉണ്ടാകും.
നല്ലതിന് വേണ്ടി ശ്രമിക്കാനും നല്ലതിനെ നിലനിർത്തിക്കൊണ്ടുപോകാനുമുള്ള പുതുവർഷത്തിന് വേണ്ടിയുള്ള ചെറിയ കുറിപ്പുകളാണ് ഒപ്പത്തിന്റെ ഈ ലക്കത്തിന്റെ ഒരു പ്രത്യേകത. അവസാനം വായിച്ചുനിർത്തിയത് എവിടെയാണോ അത് ഒരിക്കൽകൂടി വായിച്ചുവെങ്കിൽ മാത്രമേ ജീവിതത്തിന്റെ അടുത്തപടി നല്ലരീതിയിൽ ആരംഭിക്കാനാകൂ എന്ന് ഈ ലക്കത്തിലെ ഒരു കുറിപ്പിൽ ഒരു വാചകമുണ്ട്. പിന്നിട്ടുപോയ വർഷങ്ങളിലെ കുറവുകളെയും പോരായ്മകളെയും പരാജയങ്ങളെയും മനസ്സിലാക്കി അവ കഴിയുന്നത്ര പരിഹരിച്ച് നല്ല തുടക്കമാകാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ.
ഒപ്പം മാസികയെ സംബന്ധിച്ച് ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ രീതിയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച ഈ മാസിക കൂടുതലാളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരി ക്കുന്നു. കൂടുതൽ ആളുകളിലേക്ക് ഒപ്പത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലുമാണ് ഞങ്ങൾ. എല്ലാറ്റിനും നിങ്ങൾ കൂടെയുണ്ടാവണമെന്ന അഭ്യർത്ഥനയോടെയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെയും പുതുവർഷാശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്