ഈ വാക്കുകളൊന്നും കുട്ടികൾ ഇഷ്ടപ്പെടുന്നില്ല

എല്ലാവരും കരയാറുണ്ട്, ഏതെങ്കിലുമൊക്കെ സമയങ്ങളിൽ. എന്നിട്ടും ആൺകുട്ടികൾ കരയുമ്പോൾ നാം അവരോട് പറയുന്നത് ‘അയ്യേ നീയിങ്ങനെ കരഞ്ഞാലോ നിനക്ക് നാണമില്ലേ നീയൊരു ആൺകുട്ടിയല്ലേ’ എന്നാണ്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നുണ്ടോ? ഒരിക്കലുമില്ല. ഡവലപ്പ്മെന്റൽ സൈക്കോളജി പ്രഫസർ ക്രിസ്റ്റിയ സ്പീയേഴ്സ് ബ്രൗൺ പറയുന്നത് ആൺകുട്ടികളോട് ഒരിക്കലും ഇങ്ങനെ പറയരുതെന്നാണ്. അതിന് രണ്ടുകാരണമമാണ് ക്രിസ്റ്റിയ പറയുന്നത്. ഒന്നാമത് എല്ലാവരും ചില നേരങ്ങളിൽ കരയും എന്നതു തന്നെ. രണ്ടാമത്തേത് നെഗറ്റീവായ ഇമോഷനുകളെ പുറന്തള്ളാൻ സഹായിക്കുന്ന ആരോഗ്യപരമായ പ്രതികരണമാണ് കരച്ചിൽ എന്നതാണ്. ആൺകുട്ടികളെ കരയാൻ അനുവദിക്കാതിരിക്കുമ്പോൾ  അവരുടെ വികാരം പ്രകടിപ്പിക്കാൻ അവസരം കിട്ടാതെയാകുന്നു. അത് പിന്നീട് കോപമായും അക്രമമായും  രൂപപ്പെടുന്നു. ക്രമേണ ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാൻ അവർക്കോ മറ്റുള്ളവർക്കോ കഴിയാതെ പോകുന്നു. അതുകൊണ്ട് ആൺകുട്ടികളെ കരയാൻ അനുവദിക്കുക.  നീ കരയരുത്  എന്ന് അവരോട് പറയാതിരിക്കുക. അത്തരം ചില വാചകങ്ങൾ കേൾക്കാൻ അവർ ഇഷ്ടപ്പെടുന്നുമില്ല. ആൺകുട്ടികൾക്ക് മാത്രമല്ല ഇത് ബാധകം. പെൺകുഞ്ഞുങ്ങളോടും നാം കരയരുത് കരച്ചിൽ നിർത്തൂ എന്നൊക്കെ പറയാറില്ലേ? കരയാതിരിക്കുന്നതാണ് പ്രശ്നമെന്നാണ് കുട്ടികളുടെ മനഃശാസ്ത്രവിദഗ്ദർ പറയുന്നത്. ഒരു പ്രശ്നത്തിന്റെയോ സംഭവത്തിന്റെയോ പേരിൽ കരയാതിരിക്കുന്നത് നിഷേധാത്മകമായ ഫലങ്ങൾ സൃഷ്ടിക്കുമത്രെ. അതുകൊണ്ട് കുട്ടികൾ കരയട്ടെ.
 കുട്ടികൾ കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന ചില വിഷയങ്ങളുണ്ട്. സെക്സ്, മരണം, രോഗം, ഡിവോഴ്സ് എന്നിവ അവയിൽ ചിലതാണ്. മാതാപിതാക്കൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കടന്നുവരുന്ന മക്കളോട് അവർ ഉടനെ പറയുന്നത് ഇതാണ് നീയിത് കേൾക്കണ്ടാ, പുറത്തേക്ക് പൊയ്ക്കോ. ഇങ്ങനെ കേൾക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നില്ലെന്നാണ് ഓസ്ട്രേലിയയിലെ ചില പേരന്റിംങ് എക്സ്പേർട്സ് പറയുന്നത്. പ്രായത്തിന് അനുസരിച്ചും അനുകൂലമായ രീതിയിലും സൗമ്യമായ ഭാഷയിലും ഈ വിഷയങ്ങളെക്കുറിച്ച് കുട്ടികളോട് പറയേണ്ടതാണ്. തങ്ങളെ ഒഴിച്ചുനിർത്തിയും മാറ്റിനിർത്തിയും അവഗണിച്ചും മാതാപിതാക്കൾ സംസാരിക്കുന്നതോ തങ്ങളോട് അങ്ങനെ പറയുന്നതോ മക്കൾ ഇഷ്ടപ്പെടുന്നില്ല. ‘നൂറുതവണ നിന്നോട് ഞാൻ ഇത് പറഞ്ഞിട്ടില്ലേ, ചെയ്യരുതെന്ന്… എന്നിട്ടും…’ മക്കളുടെ കുരുത്തക്കേടുകൾ അതിരുവിടുമ്പോൾ പല മാതാപിതാക്കളുടെയും സ്ഥിരം ദേഷ്യപ്പെടലാണ് ഇത്. ചൈൽഡ് സൈക്കോളജിസ്റ്റായ അലൻ കാസ്ദിൻ പറയുന്നത് ഇത്തരം വാക്കുകൾ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്നാണ്.
കുട്ടികൾ ആദ്യമായി എഴുതുകയോ വരയ്ക്കുകയോ ചെയ്യുമ്പോൾ മാതാപിതാക്കൾ പറയുന്നത്, നീ ചെയ്യുന്നത് ശരിയായില്ല ഇങ്ങ് തരൂ ഞാൻ കാണിച്ചുതരാം എന്നല്ലേ. കുട്ടികളുടെ പ്രവൃത്തിയെ നിയന്ത്രിക്കുകയാണ് ഇവിടെ മാതാപിതാക്കൾ ചെയ്യുന്നത്. ഇത് കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്ന് പ്യൂർഡ്യൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. മാതാപിതാക്കളുടെ ഇത്തരം വാക്കുകൾ കുട്ടികളുടെ ആത്മാഭിമാനത്തിന് കുറവുവരുത്തുന്നു.
നീ നിന്റെ ചേട്ടനെ കണ്ടുപഠിക്ക്, ചേച്ചിയെ നോക്കി പഠിക്ക് എന്നൊക്കെ പല മാതാപിതാക്കളും മക്കളോട് പറയാറുണ്ട്. ഈ താരതമ്യപ്പെടുത്തൽ കേൾക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല. പേരന്റിംങ് എക്സ്പേർട്ടായ റേച്ചൽ റേയ്ബിൻ പറയുന്നു.
അതുപോലെ മക്കളോട് മാതാപിതാക്കൾ ഒരിക്കലും പറയരുതാത്ത ഒരു കാര്യമുണ്ട്- ഞാൻ നിന്റെ ഫ്രണ്ടല്ലേ എന്നതാണ് അത്. ഇത് പലതരത്തിലുള്ള തെറ്റുകളും വിളിച്ചുവരുത്തും എന്ന കാര്യം മറക്കരുത്. മാതാപിതാക്കൾ തങ്ങളുടെ ഉത്കണ്ഠകളും വിഷമങ്ങളും മക്കളോട് പങ്കുവയ്ക്കുമ്പോൾ കുട്ടികളിലേക്കു കൂടി ആ ടെൻഷനും പേടിയും കടന്നുചെല്ലുകയാണ് എന്ന കാര്യവും മറക്കരുത്.
error: Content is protected !!