ഗർഭകാലം നിസ്സാരമാണെന്ന് അതിന് സാക്ഷ്യംവഹിച്ചിട്ടുള്ളവരും അതിലൂടെ കടന്നുപോയിട്ടുള്ളവരും ഒരിക്കലും പറയുകയില്ല. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം കൂടിയാണ് അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥ. കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒമ്പതുമാസത്തിനിടയിൽ അവൾ നിർബന്ധമായും ഒഴിവാക്കേണ്ട പല കാര്യങ്ങളുമുണ്ട്. അക്കാര്യം അറിഞ്ഞിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും.
എന്തൊക്കെയാണ് ഒരു ഗർഭിണി പൊതുവായി ഒഴിവാക്കേണ്ട കാര്യങ്ങൾഎന്നല്ലേ പറയാം. മദ്യം, കോഫി, കഫീനേറ്റഡ് ടീ (Caffeinated tea), ഹെർബൽ ടീ എന്നിവ നിർബന്ധമായും ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്. ഹെർബൽ ടീ നൂറു ശതമാനം ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും അത് ഗർഭിണികൾക്ക്ദോഷം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഗർഭഛിദ്രത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും എന്നതുകൊണ്ടാണ് കൂടിയ അളവിൽ ഗർഭിണികൾ കാപ്പി കുടിക്കരുതെന്ന് പറയുന്നത്. കുഞ്ഞിന് തലച്ചോറിന് ക്ഷതം വരുത്താനും വളർച്ച തടസപ്പെടുത്താനും മദ്യ ഉപയോഗം കാരണമാകും. ഡിസ്ബോസിബിൾ ബോട്ടിലുകളിലെ വെള്ളം കുടിക്കുന്നതും ഗർഭിണികൾ അവസാനിപ്പിക്കണം. ടാറ്റൂ ചെയ്യുക, മുടി ഡൈ ചെയ്യുക എന്നിവയിൽ നിന്നും ഗർഭിണികൾ ഒഴിഞ്ഞുനില്ക്കണം. ടാറ്റു ചെയ്യുമ്പോൾ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ്. ഇതുവഴി ഹെപ്പറ്റൈറ്റിസ് ബി, എച്ച് ഐ വി തുടങ്ങിയവ പകർന്നേക്കും. ഭാരമുള്ളവ ഉയർത്തരുതെന്ന് പോലെയുള്ള നിർദ്ദേശങ്ങൾ പൊതുവെ പറയപ്പെടുന്നതാണല്ലോ? കുഞ്ഞിനെ ഇത് ദോഷകരമായി ബാധിക്കും. മാസം തികയാതെ പ്രസവിക്കുന്നതിനോ തൂക്കം കുറയാനോ കാരണമാകും.
വിറകിന്റെ പുക, പൂച്ചകളുമായുള്ള സമ്പർക്കം, സൂര്യപ്രകാശം അമിതമായി ശരീരത്തിലേല്ക്കുന്ന വിധത്തിലുളള ജോലി, റോളർ സ്‌കേറ്റിംഗും ബംബർ കാർ ഡ്രൈവിംഗും പോലെയുള്ള വിനോദങ്ങൾ എന്നിവ പാടില്ല. ഉറക്കക്കുറവിന് ഒരിക്കലും ഗർഭിണികൾ ഉറക്കഗുളികകളെ ആശ്രയിക്കരുത്. കെമിക്കൽസ് അടങ്ങിയ ക്ലീനിങ് സാധനങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം. പെയ്ന്റിംങ്, പെഡിക്യൂർ, മാനിക്യൂർ എന്നിവയ്ക്ക് പ്രസവം കഴിയുന്നതുവരെ ഗർഭിണികൾ കാത്തിരിക്കണം. അമിതമായ ചൂടുവെള്ളത്തിൽ കുളിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഗർഭിണികൾ അമിതമായി ഭക്ഷണം കഴിക്കാനോ തീർത്തും ഭക്ഷണം കുറയ്ക്കാനോ പോകരുത്. അമിതഭക്ഷണം ബി.പിക്കും പ്രമേഹത്തിനും കാരണമാകും. അമ്മ ഭക്ഷണം കുറയ്ക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്ക് ദോഷം ചെയ്യും. ലേസർ ഉപയോഗിച്ചുള്ള രോമം നീക്കം ചെയ്യൽ ഗർഭിണികൾ നടത്തുന്നതിനോട് ഭൂരിപക്ഷം ഡോക്ടേഴ്സും വിയോജിക്കുന്നുണ്ട്. ഗർഭകാലത്ത് ഡോക്ടറുടെ വിദഗ്ദ അഭിപ്രായപ്രകാരം മാത്രമേ ആന്റിബയോട്ടിക്സ് കഴിക്കാവൂ. അമിതമായ ടെൻഷന് ഗർഭിണികൾ ഒരിക്കലും വിധേയമാകരുത്. ആന്റിബയോട്ടിക്സിന്റെ ദുരുപയോഗം കുഞ്ഞിന് ജനനവൈകല്യങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണ് ആന്റിബയോട്ടിക് ഉപയോഗത്തിൽ ഡോക്ടറുടെ ഉപദേശം വേണ്ടിവരുന്നത്. സ്ട്രെസ് ഹോർമോണുകൾ അകാലത്തിലുള്ള പ്രസവത്തിന് കാരണമാകും. സോഡയുടെ വിവിധ വകഭേദങ്ങളായ ഡയറ്റ് സോഡ, കഫിനേറ്റഡ് സോഡ തുടങ്ങിയവയും വർജ്ജിക്കണം.
എക്സറേ കിരണങ്ങൾ പതിയാതിരിക്കാനും ഗർഭകാലത്ത് സിഗററ്റ് വലിക്കാതിരിക്കാനും ശ്രദ്ധിക്കണം. പുകവലിക്കാതിരിക്കുക മാത്രമല്ല പുകവലിക്കുന്നവരുടെ അടുത്തുനില്ക്കാതിരിക്കാനും ശ്രദ്ധിക്കണം. രണ്ടിനും ഒരേ ദോഷം തന്നെയുണ്ട്. ഗർഭകാലത്ത് രക്തം ദാനം ചെയ്യാനോ വിമാനത്തിൽ സഞ്ചരിക്കാനോ പാടില്ല. രക്തദാനം വിളർച്ചയ്ക്ക് കാരണമാകും. ലിവർ, വേവിക്കാത്ത മുട്ട എന്നിവയും കഴിക്കാൻ പാടില്ല. സിറ്റ് അപ്പ് പോലെയുള്ള എക്സർസൈസുകൾ, കാതുകുത്തൽ തുടങ്ങിയവ ഗർഭകാലത്ത് പറഞ്ഞിട്ടുള്ളവയല്ല.
ജയാ വർഗീസ്