അടുക്കള ഒരു സാമ്രാജ്യമാണ്.
ചക്രവർത്തിക്ക് വേണ്ടാത്ത
ഒരേയൊരു സാമ്രാജ്യം
ജന്മാന്തരങ്ങളായി
ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം.
വെണ്ണക്കൽ മാളികകളില്ല,
കോട്ടകൊത്തളങ്ങളില്ല
ആനയും അമ്പാരിയും
തോഴികളും ഭടന്മാരും
ഇല്ലേയില്ല
എന്നിട്ടും അതൊരു സാമ്രാജ്യമാണ്.
ഒരു ഒറ്റയാൾ സാമ്രാജ്യം.
യുദ്ധം ചെയ്യുന്നതും
യുദ്ധം ജയിക്കുന്നതും
കാഹളം ഊതുന്നതും
ജയഭേരി മുഴക്കുന്നതും
ചക്രവർത്തിനി തന്നെ.
നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം
സ്‌നേഹിക്കാതിരിക്കാം
അനുസരിക്കാം
അനുസരിക്കാതിരിക്കാം….
പക്ഷേ
അടുക്കള സാമ്രാജ്യത്തിൽ നിന്ന്
ചക്രവർത്തിനിയെ പുറത്താക്കാനാവില്ല….
ചക്രവർത്തിനി പുറത്തായാൽ
നിങ്ങൾ ഒന്നുകിൽ അകത്ത് കയറേണ്ടി വരും
അല്ലെങ്കിൽ പുറത്താകേണ്ടി വരും.
അതിനാവത് നിങ്ങൾക്കില്ല തന്നെ
അതിനാൽ ചക്രവർത്തിനിയെ വെറുതെ വിടുക
അവളുടെ സാമ്രാജ്യത്തേയും !