വെയിലേറ്റും തണൽ നല്കുന്നവരാണ് പുരുഷന്മാർ. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്വയം ചുമലിലേറ്റുന്നവർ. എന്നിട്ടും അവർ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ? സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അവൻ ചിലപ്പോഴെങ്കിലും പ്രതിക്കൂട്ടിലാകാറുണ്ട്. നിയമങ്ങളും അധികാര
വ്യവസ്ഥയും പലപ്പോഴും അവനെതിരെയാണ് കുറ്റം വിധിക്കുന്നതും.
ഒന്നോ രണ്ടോ അല്ലെങ്കിൽ അതിലേറെയോ പുരുഷന്മാരുടെ ഏതെങ്കിലും ഒരു മോശം പ്രവൃത്തിയുടെ പേരിൽ പരിഹസിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യേണ്ടവരുമല്ല അവർ. പുരുഷന്മാരെ പ്രത്യേകമായി ഓർമ്മിക്കാനും അവരെ സമൂഹത്തിൽ റോൾ മോഡലുകളായി ഉയർത്തിപ്രതിഷ്ഠിക്കാനുമായി ഒരു ദിവസം അന്താരാഷ്ട്രതലത്തിൽ മാറ്റിവച്ചിട്ടുണ്ട്-നവംബർ 19. പുരുഷന്മാരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ലിംഗ തുല്യത, വിരുദ്ധലിംഗത്തിൽ പെട്ടവർ തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അന്താരാഷ്ട്ര പുരുഷ ദിനം കൊണ്ടാടുന്നത്.
1960 മുതൽ ഇങ്ങനെയൊരു ആചരണം നിലവിലുണ്ടെങ്കിലും 1990 വരെ ഈ വിഷയത്തിൽ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് മിസൗറി സെന്റർ ഫോർ മെൻസ് സ്റ്റഡീസിന്റെ ഡയറക്ടർ തോമസ് ഓസ്റ്റർ അന്താരാഷ്ട്ര പുരുഷദിനാഘോഷങ്ങൾക്ക് ചെറിയതുടക്കമെന്ന നിലയിൽ ഓരോരോ പ്രോഗ്രാമുകൾ സംഘടിപ്പിച്ചുതുടങ്ങിയത്. 1993 ലും 1994 ലും ഇതുസംബന്ധിച്ച ആഘോഷങ്ങൾ നടന്നുവെങ്കിലും ആർക്കും ഇക്കാര്യത്തിൽ അധികം താല്പര്യമൊന്നും തോന്നിയില്ല. പക്ഷേ 1999 ആയപ്പോൾ സ്ഥിതി മാറി.
ലോകത്തിലെ വിവിധ സംഘടനകൾ അന്താരാഷ്ട്ര പുരുഷദിനത്തിന് പിന്തുണ നല്കിയതോടെയാണ് ഇതിന് മാറ്റമുണ്ടായത്. അങ്ങനെ 1999 നവംബർ 19 മുതൽ അന്താരാഷ്ട്ര പുരുഷദിനത്തിന് പരക്കെ അംഗീകാരം ലഭിച്ചുതുടങ്ങി. ഇന്ന് ലോകത്തിലെ 70 രാജ്യങ്ങളിൽ അന്താരാഷ്ട്ര പുരുഷദിനം ആഘോഷിക്കുന്നുണ്ട്. ഓരോ വർഷവും വ്യത്യസ്തവിഷയം സ്വീകരിച്ചുകൊണ്ടാണ് ഈ ആഘോഷങ്ങളെല്ലാം നടക്കുന്നത്. പോസിറ്റീവ് മെയിൽ റോൾ മോഡൽസ് എന്നതാണ്ഈ വർഷത്തെ വിഷയം. സെമിനാറുകൾ, പാനൽ ഡിസ്‌ക്കഷനുകൾ, പ്രസംഗങ്ങൾ, അവാർഡ് ചടങ്ങുകൾ, ആർട്ട് എക്സിബിഷനുകൾ തുടങ്ങിയവയെല്ലാം ഇന്നേ ദിവസംസംഘടിപ്പിക്കാറുണ്ട്.
സേവ് ഇന്ത്യൻ ഫാമിലി എന്ന സംഘടനയാണ് ഇന്ത്യയിൽ പ്രസ്തുത ആഘോഷം സംഘടിപ്പിക്കുന്നത്. 2007 മുതലാണ് ഇവിടെ ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പുരുഷന്മാരിൽ പൊതുവെ കാണപ്പെടുന്ന ചില ഗുണഗണങ്ങളെക്കുറിച്ച് കൂടി പരാമർശിക്കുന്നത് നന്നായിരിക്കും. പ്രായം ചെന്നവരോടുള്ള ബഹുമാനമാണ് അതിൽ പ്രധാനം. അതുപോലെ അവർ പാരമ്പര്യമൂല്യങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. കുടുംബത്തോടും ബന്ധങ്ങളോടും പ്രതിബദ്ധതയുള്ളവരുമാണ് ഇന്ത്യയിലെപുരുഷന്മാർ. പുരുഷന്മാരെക്കുറിച്ച്, അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും സമൂഹത്തിൽ പുരുഷനുള്ള സ്ഥാനം എടുത്തുകാണിക്കാനും വേണ്ടിയുള്ള ദിനം തന്നെയാണ് ഇത്.