വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ സംബന്ധിച്ച് കൂടുതലാണ്. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ പ്രായപൂർത്തിയായ പുരുഷന്മാരിലെ മരണകാരണങ്ങളിലൊന്ന് ഹൃദ്രോഗമാണ്. അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം ഈ പ്രായത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപെനീ നല്ലൊരു ആന്റി ഓക്സിഡന്റാണെന്നും ഇത് ആർട്ടറി ഭിത്തികൾ ക്ലീൻ ചെയ്യുന്നവയാണെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തക്കാളിയും തക്കാളി സോസും ഉപയോഗിക്കുന്നത് നല്ലതാണ്. ഏത്തപ്പഴം നിത്യവും കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. മുട്ടയിലെ മഞ്ഞക്കുരുവിനെ അടുത്തകാലം വരെ ഭയപ്പാടോടെയാണ് കണ്ടിരുന്നതെങ്കിലും ഇനിമുതൽ അതിനെ ഭയക്കേണ്ടതില്ലെന്നാണ് പഠനം പറയുന്നത്. വിറ്റമിനുകളും മിനറലുകളും അടങ്ങിയ മഞ്ഞക്കരു പ്രോട്ടീൻസമ്പുഷ്ടമാണ്. അതുകൊണ്ട് അതുകഴിക്കാൻ മടിക്കണ്ട.
ഇൻഫെക്ഷൻ പിടികൂടാൻ കൂടുതൽ സാധ്യത ഈ പ്രായത്തിനുള്ളതിനാൽ ആന്റി ബാക്ടീരിയ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണമെന്ന് ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. ട്രെഡ്മിൽ പോലെയുള്ളവ കൂടാതെ കാർഡിയോ യോഗയും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലുണ്ടാകുന്ന വേദനയെക്കുറിച്ച് ബോധവാന്മാരായിരിക്കുക. വായുടെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടത്രെ. അതുകൊണ്ട് വായ് വൃത്തിയായി സൂക്ഷിക്കണം. ഫ്ളോസ് ചെയ്യാനും ക്ലീനിങ്ങിനും മറക്കരുത്. സോഡിയം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ കാര്യത്തിൽ നിയന്ത്രണമുണ്ടായിരിക്കണം.
ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പരിശോധിച്ചറിയുന്നത് നല്ലതാണ്. സ്വന്തം സ്ട്രെസുകളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. കുടുംബത്തിൽ ഹൃദ്രോഗികളായി ആരെങ്കിലും ഉണ്ടോ പാരമ്പര്യം ആ വഴിക്കുണ്ടോ എന്ന് മനസ്സിലാക്കുന്നതും നല്ലകാര്യമാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റൊരാളുടെ പുകവലിയിൽ മാറിനില്ക്കുന്നതും.
പച്ചക്കറികളും മത്സ്യവും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പഞ്ചസാരയ്ക്ക് നിയന്ത്രണവും വേണം. അതുപോലെ നേരം വൈകി ഭക്ഷണം കഴിക്കരുത്. സെക്സ് ആണ് മറ്റൊരു ഘടകം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കില്ലെങ്കിലും സ്ട്രസ് ഉല്പാദിപ്പിക്കുന്ന എൻഡോർഫിൻസിന്റെ റീലിസ് സെക്സിലൂടെ സാധിക്കുന്നുണ്ട്. ബ്ലഡ് പ്രഷർ കുറയാനും ഇതു കാരണമാകുന്നു. അതുകൊണ്ട് ആഴ്ചയിൽ രണ്ടുതവണയെങ്കിലും സെക്സും പ്രയോജനം ചെയ്യും. ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിനെക്കാളും നിന്നുകൊണ്ട് ജോലി ചെയ്യാൻ ശ്രദ്ധിക്കുക.
പുരുഷന്മാരിലെ വിഷാദം, ലക്ഷണങ്ങൾ
ഉത്കണ്ഠ, ശൂന്യമായ മനസ്സ് നിരാശ, പ്രതീക്ഷകൾ ഇല്ലാതായ അവസ്ഥ കുറ്റബോധം, നിസ്സഹായത, വിലയില്ലാത്തവനാണെന്ന തോന്നൽ ഒരിക്കൽ സന്തോഷം കണ്ടെത്തിയിരുന്ന പലതും വിരസമായി തോന്നുന്നു, സെക്സ് ഉൾപ്പെട പലതും. ശക്തിക്ഷയം, ബോധക്കേട്, തളർച്ച തീരുമാനമെടുക്കാനോ ശ്രദ്ധിക്കാനോ ഓർമ്മിക്കാനോ ഉള്ള കഴിവില്ലായ്മ ഉറക്കത്തിലുള്ള പലതരം ബുദ്ധിമുട്ടുകൾ, ഉറക്കമില്ലായ്മയും അമിതമായ ഉറക്കവും വിശപ്പ്, ശരീരഭാരത്തിലുണ്ടാകുന്ന മാറ്റം മരണത്തെക്കുറിച്ചുള്ള ചിന്ത, ആത്മഹത്യാശ്രമങ്ങൾ തലവേദന, ദഹനസംബന്ധമായ പ്രശ്നങ്ങൾ, തുടർച്ചയായ ശാരീരിക വേദന
സന്തോഷത്തിന്റെ പ്രായം
ഒരു പുരുഷനെ സംബന്ധിച്ച് ഏറ്റവും അധികം സന്തോഷം അനുഭവിക്കാൻ കഴിയുന്ന പ്രായം ഏതാണ് എന്നതിനെക്കുറിച്ച് എന്തെങ്കിലും ഊഹമുണ്ടോ? അധികം തലപുകയ്ക്കണ്ടാ. അമ്പത് എന്നാണ് അതിന് ഉത്തരം. അമ്പതിലേക്ക് കടക്കുന്നതോടെ നിങ്ങൾ യഥാർത്ഥ സന്തോഷത്തിലേക്ക് പ്രവേശിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. അമ്പതുവയസാകുന്നതോടെ പല പുരുഷന്മാരും മാനസികമായ സ്വസ്ഥത കൈവരിച്ചതായും കുടുംബത്തോടൊപ്പം കൂടുതൽസമയം ചെലവഴിക്കാൻ സന്നദ്ധതയുള്ളവരായതായും സർവ്വേ പറയുന്നു. മക്കളുടെ ബാലാരിഷ്ടതകൾ ഒക്കെ മാറി അവർ അവരുടേതായ ജീവിതം കൊണ്ട് മുന്നോട്ടുപോകുന്നതും കാരണമായി പറയുന്നുണ്ട് ചിലർ. സാമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽ മുഴുകുന്നതും ഈ പ്രായത്തിലാണത്രെ.
ഇക്കാര്യങ്ങൾ അറിയാമോ?
ആത്മഹത്യ ചെയ്യുന്നവരിൽ 76% പുരുഷന്മാരാണ്
ഭവനരഹിതരിൽ 85% പുരുഷന്മാരാണ്
കൊല്ലപ്പെടുന്നവരിൽ 70% പുരുഷന്മാരാണ്
ഗാർഹിക പീഡനങ്ങളുടെ ഇരകളിൽ 40%
പുരുഷന്മാരാണ് കൂടുതലായും അക്രമങ്ങൾക്ക് വിധേയമാകുന്നതും സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള കുറ്റങ്ങളിൽ സ്ത്രീകളെക്കാൾകൂടുതൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നതും പുരുഷന്മാരാണ്. എന്നിട്ടും ഭൂരിപക്ഷവും വിരൽ ചൂണ്ടുന്നത് പുരുഷന് നേരെ….
സ്‌പെയിനിലും പ്രശ്‌നം!
സ്പെയ്നിലെ 30 ശതമാനം യുവാക്കളും മാനസികപ്രശ്നം നേരിടുന്നവരാണെന്ന് റിപ്പോർട്ട്. 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കൾക്കിടയിലാണ് മാനസിക പ്രശ്നം കൂടുതലുള്ളത്.