ഒപ്പം ആദ്യമായും അവസാനമായും കുടുംബമാസികയാണ്. കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുമാണ് ഈ മാസിക അവതരിപ്പിക്കുന്നത്. എങ്കിലും കഴിഞ്ഞ ലക്കങ്ങളിലായി മറ്റ് സ്വഭാവത്തിലുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്ത് ഈ ലക്കം മാസിക അണിയിച്ചൊരുക്കിയിരിക്കുന്നത് ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ ചേർത്തുകൊണ്ടാണ്. കുടുംബവ്യവസ്ഥയെ തകരാറിലാക്കുന്ന പല ഇടപെടലുകളും നടന്നുവരുമ്പോൾ കുടുംബജീവിതം കൂടുതൽ ആസ്വാദ്യകരവും സന്തോഷപ്രദവുമാക്കാൻ ഓരോരുത്തർക്കും കടമയുണ്ട്. അതിലേക്കു പൊതുവായ ചില നിർദ്ദേശങ്ങൾ നല്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.
വരും ലക്കങ്ങളിൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി കൂടുതൽ പേജുകൾ നീക്കിവയ്ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഈ ലക്കത്തിന്റെ മറ്റൊരു പ്രത്യേകത പുരുഷന്മാർക്കായുള്ള പ്രത്യേക ദിനത്തിന്റെ ഓർമപ്പെടുത്തലാണ്.സ്ത്രീയും പുരുഷനും ഒരുപോലെ ഭാഗഭാക്കാകുന്ന കുറ്റകൃത്യങ്ങളിൽ പോലും പുരുഷൻ മാത്രമാണ് കുറ്റക്കാരനാകുന്നത് എന്നത് നമ്മളെ ഇരുത്തിചിന്തിപ്പിക്കേണ്ട വിഷയമാണ്. അതുപോലെ കൂടുതൽ ആത്മഹത്യകൾ ചെയ്യുന്നതും പുരുഷൻ തന്നെ. യു.
കെയിൽ ആത്മഹത്യകളെ പ്രതിരോധിക്കാനായി പ്രത്യേക വകുപ്പ് ആരംഭിച്ചതായും അടുത്തയിടെ വായിച്ചു. പുരുഷന്റെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനും ചർച്ചചെയ്യാനുമായി മലയാളത്തിൽ നല്ലൊരു പുരുഷ മാസിക ഇല്ലെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഫോൺവഴിയും ഇ മെയിൽ വഴിയും വായനക്കാരിൽ നിന്നുകിട്ടുന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും അനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ ഓരോ തവണയും ഞങ്ങൾ ശ്രമിക്കാറുണ്ട്. ക്രിയാത്മകമായ വിമർശനങ്ങളെ കൂടുതൽ സ്വാഗതം ചെയ്യുന്നു. കാരണം അത് തിരുത്താനും മാറിചിന്തിക്കാനും ഞങ്ങൾക്ക് പ്രേരണ നല്കുന്നു. വായക്കാരുടെ അഭിപ്രായങ്ങൾക്കൊപ്പം തുടർന്നും ഉള്ളടക്കത്തെ ചിട്ടപ്പെടുത്തുമെന്നുള്ള ഉറപ്പോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്