അങ്ങനെ ചില കഥാപാത്രങ്ങള്‍ ചുറ്റിനുമുണ്ട്. ചിലപ്പോള്‍ ഇത് വായിക്കുകയും ഈ സിനിമ കാണുകയും ചെയ്യുന്നവരില്‍ തന്നെ അത്തരക്കാരുണ്ട്. പൊതുസമൂഹത്തിന്റെ മുമ്പില്‍ നല്ലപിള്ളമാരായി ചമയുകയും എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ആന്തരികജീവിതം നയിക്കുകയും ചെയ്യുന്നവര്‍. മാസ്‌ക്ക് അണിഞ്ഞുജീവിക്കുന്നവര്‍.പുറം പൂച്ചുകള്‍ കൊണ്ട് മറ്റുള്ളവരെ ഇംമ്പ്രസ് ചെയ്തിട്ട് രഹസ്യമായി മറ്റൊരു ജീവിതം നയിക്കുന്നവര്‍.. അത്തരക്കാരിലൊരാളാണ് ജോണി.
അതുപോലെ അങ്ങനെ ചില കുടുംബങ്ങളുമുണ്ട് കുടുംബനാഥന് ഒന്നിലധികം മക്കളുണ്ടായിട്ടും അതില്‍ ഏതെങ്കിലും ഒരാളോട് മാത്രം കൂടുതല്‍ അടുപ്പം കാണിക്കുകയും മറ്റ് മക്കളെ അകറ്റിനിര്‍ത്തുകയും ചെയ്യുക. ജോണിജോണിയെസ് അപ്പായിലെ ആ കുടുംബസാഹചര്യവും പ്രേക്ഷകര്‍ക്ക് പരിചയത്തിലുള്ളത് തന്നെ. പ്രത്യേകിച്ച് കേരളത്തിന്റെ മതസാമൂഹികപശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ക്രൈസ്തവ കുടുംബത്തില്‍.
ഇങ്ങനെ മേല്പ്പറഞ്ഞ രണ്ടു ഘടകങ്ങള്‍ കൊണ്ടും വളരെ സ്വഭാവികതയോടെ പറഞ്ഞുപോരുന്ന കഥയും സംഭവങ്ങളും ശുദധ ഹാസ്യവും കൊണ്ട് പ്രേക്ഷകരെ ഇത്തിരിയൊക്കെ സന്തോഷിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രം ഇടവേളയ്ക്ക് ശേഷം മലയാള സിനിമ പലപ്പോഴായി സ്വീകരിച്ചുപോരുന്ന ക്ലീഷേകള്‍ കൊണ്ട് സമ്പുഷ്ടമാകുകയും തുടങ്ങിവച്ച പലതിനും വിശദീകരണമോ വ്യാഖ്യാനമോ നല്കാതെ അവസാനിക്കുകയും ചെയ്യുന്ന കാഴ്ച വളരെ ഹൃദയഭേദകമായി തോന്നി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാര്‍ത്താണഡനും വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജിതോമസും ചേര്‍ന്നൊരുക്കിയ ഈ ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് വളരെ കൂടുതലായിരുന്നു. പക്ഷേ..ക്ഷമിക്കണം മാര്‍ത്താണ്ഡന്‍, ക്ഷമിക്കണം ജോജി.
ജോണി ഭയങ്കരനായ ഒരു മോഷ്ടാവായി മാറുന്നത് എന്തുകൊണ്ടാണെന്നോ എങ്ങനെയാണെന്നോ എന്നതിന് വ്യക്തമെന്ന് പോട്ടെ ഒരുചെറിയ വിശദീകരണശ്രമം പോലും ചിത്രം നല്കുന്നില്ല. മാതൃകാഅധ്യാപകരുടെ മകന്‍. പള്ളിയും പ്രാര്‍ത്ഥനയുമായി ജീവിക്കുന്നവന്‍. അവനാണ് റോബിന്‍ഹുഡിനെ വെല്ലുന്ന രീതിയില്‍ പ്രഫഷനല്‍ കള്ളന്മാരുടെ സകല ശീലങ്ങളോടെ മോഷണം നടത്തുന്നത്. എന്തിന്.. ആ പണമൊക്കെ എവിടെ ചെലവഴിക്കപ്പെടുന്നു. ചിത്രത്തില്‍ അതിന് മറുപടിയില്ല.
പച്ച മനുഷ്യനായി ജീവിക്കാന്‍ വേണ്ടിയാണെന്നോ മറ്റോ ഒരു ഡയലോഗ് ജോണി പറയുന്നുണ്ട് എന്നാണോര്‍മ്മ. ഇമേജുകളുടെ ഭാരങ്ങളുമായി ജീവിക്കുന്ന ഒരാള്‍ക്ക് പൊതുലോകം അറിയാത്ത സ്വകാര്യതകളുണ്ടാവാം. ബലഹീനതകളുണ്ടാകാം.. വൈകല്യങ്ങളുമുണ്ടാകാം. അതു സമ്മതിച്ചു. മോഷണം പോലെയുള്ള ക്രിമിനല്‍ സ്വഭാവമോ അധോലോകമോ കണ്ടേക്കാം.അതും സഹിക്കാം. പക്ഷേ ഏതിനും വിശദീകരണമുണ്ടല്ലോ അവിടെയാണല്ലോ കഥാപാത്രത്തിന്‍റെ വ്യക്തിത്വം പൂര്‍ണ്ണമാകുന്നത്. ഉദാഹരണത്തിന് ഉസ്താദ്, റണ്‍വേ എന്നീ ചലചിത്രങ്ങളിലെ നായകന്മാര്‍ അത്തരക്കാരാണല്ലോ. അന്യന്‍ സിനിമയില്‍ വിക്രമിന്റെ കഥാപാത്രം സൈക്കിക്ക് ആണ്. അല്ലെങ്കില്‍ ഡ്യുവല്‍ പേഴ്‌സണാലിറ്റിയാണ്. അതിന് ചിത്രത്തില്‍ വിശദീകരണമുണ്ട്. അയാള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സിംങുമാണ്. റോബിന്‍ഹുഡ് എന്ന ജോഷി -പൃഥിരാജ് സിനിമ തന്നെ നോക്കൂ. അതില്‍ ഹൈടെക് രീതിയില്‍ പൃഥിയുടെ കഥാപാത്രം മോഷണം നടത്തുന്നുണ്ട്. അത് എന്തിന് വേണ്ടിയുള്ള പ്രതികാരമാണെന്ന് പ്രേക്ഷകന് മനസ്സിലാവും. സമാനമായ മറ്റ് പല കഥകളും ഓര്‍മ്മവരുന്നു. പക്ഷേ അങ്ങനെയൊന്നും ഇവിടെ സംഭവിക്കുന്നില്ല.
സമ്പന്നഗൃഹങ്ങളില്‍ കയറി മോഷണം നടത്തുന്നതിനോ. കാമുകിയുടെ അപ്പന്റെ ബാങ്കില്‍ നിന്ന്- അതും പരിചിതനായ സെക്യൂരിറ്റിയും പരിചിതമായ നാട്ടിന്‍പുറവും- അഞ്ചുലക്ഷം രൂപയും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണാഭരണവും കവര്‍ന്നെടുക്കുന്നതിനോ ജോണിക്ക് എവിടെയാണ് ന്യായീകരണം. അയാള്‍ എങ്ങനെയാണ് അത്രയ്ക്കും ധൈര്യത്തോടെ ഒറ്റയ്ക്ക് മോഷണം നടത്തുന്നത്.അവനെ എവിടെ, എങ്ങനെയാണ് തിരക്കഥാകൃത്ത് കുറ്റവിമുക്തനാക്കുന്നത്? ജോണി നല്ലവനാണ് അപ്പാ എന്നാണ് ഫിലിപ്പ്് പറയുന്നത്.ജോണിയെങ്ങനെയാണ് നല്ലവനാകുന്നത്? ചെയ്യുന്ന മോഷണമൊക്കെ നല്ലകാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയോ അല്ലെങ്കില്‍ അതിനൊക്കെ ന്യായീകരണമോ ഉണ്ടെങ്കില്‍ സഹിക്കാം. ജോണിയെന്നത് വികലമായ പാത്രസൃഷ്ടിയാകുന്നത് അവിടെ അയാള്‍ക്ക് വേരുകളില്ലാതെ പോകുന്നു എന്നതുകൊണ്ടാണ്. അയാള്‍യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കികൊടുക്കാന്‍ തിരക്കഥാകൃത്തിന് കഴിയുന്നില്ല. ആദമിന് രക്ഷകനാകുക മാത്രമായിരുന്നോ ജോണിയുടെ മോഷണങ്ങളുടെയെല്ലാം ലക്ഷ്യം? അറിയില്ല. ജോണിയുടെ കാപട്യം തിരിച്ചറിയപ്പെടുന്ന ആ നിമിഷത്തെ ജോണിയും അപ്പനും തമ്മിലുള്ള വൈകാരികമായ ഒരു കണ്ടുമുട്ടല്‍ പോലും ചിത്രത്തില്‍ കാണിക്കുന്നില്ല. പകരം സഹോദരന്മാരുമായി മദ്യപിക്കുന്ന ജോണിയെയാണ് കാണാന്‍ കഴിയുന്നത്.
ഇടവേള വരെ കാണിക്കുന്ന കാര്യങ്ങളുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങളാണ് അതിന് ശേഷമുളളത്.കഥയുടെ രസചരട് മുഴുവന്‍ പൊട്ടുന്നത് അവിടെയാണ്. പോലീസുദ്യോഗസ്ഥര്‍ വരെയുള്ള നാലുപേരെ കൂളായി കൊല ചെയ്യുന്ന അമലയും അമലയുടെ വധശിക്ഷയും അമ്മയെ കാണാന്‍ ആഗ്രഹിക്കുന്ന ആദവും അമലയെയും ആദത്തെയും തമ്മില്‍ കാണിക്കില്ലെന്ന് വാശിപിടിക്കുന്ന കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ ജയില്‍സൂപ്രണ്ടായ ഭാര്യയും ആദമിന്‍റെ സ്കൂള്‍കാലത്തെ പ്രേമവും ആദത്തിന്റെ ഒളിച്ചോട്ടവും അഡ്രസ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും ജയില്‍ സൂപ്രണ്ടിന്റെ വീട് മാറിപ്പോകുന്നതും എന്റമ്മോ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ രണ്ടുസിനിമയ്ക്കുള്ള കോപ്പുണ്ടല്ലോ സുഹൃത്തുക്കളേ. പല തവണ പലപ്പോഴായി നാം മലയാള സിനിമയില്‍ കണ്ടിട്ടുള്ളവ തന്നെ.
ആദവും ജോണിയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഇനി പുതിയതായി എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ധാരണയുണ്ടായിരുന്നു. എവിടെ? ഒന്നും അസാധാരണമായി സംഭവിക്കുന്നില്ല എന്നുമാത്രമല്ല കണ്ടുമുട്ടാതിരുന്നുവെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുപോവുക പോലും ചെയ്തു,പിന്നീട്. അങ്ങനെയെങ്കില്‍ കഥ എത്ര രസകരമായി മുന്നോട്ടുപോകുമായിരുന്നുവെന്നും..
ചിത്രത്തിന്റെ ഒരു ഉറപ്പ് ഇനി അബുസലീമിന്റെ കാലമാണ് വരാന്‍ പോകുന്നത് എന്നാണ്. ഇടി കൊള്ളാനും കൊടുക്കാനും മാത്രമായി ഇക്കണ്ടവര്‍ഷം മുഴുവന്‍ സിനിമയില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇപ്പോഴിതാപതിവുവേഷങ്ങളില്‍ നിന്ന് മോചനം ലഭിച്ചിരിക്കുന്നു മുഴുനീളവേഷം എന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന അബുസലീം തന്റെ വേഷം കൊണ്ട് നന്നായി ചിരിപ്പിച്ചിട്ടുണ്ട്.ബാബുരാജിനും സ്ഫടികം ജോര്‍ജിനും മറ്റും കിട്ടിയതുപോലെയുള്ള ഒരു ശാപമോക്ഷമാണത്. അതുപോലെ വികാരിയച്ചന്മാര്‍ എന്നാല്‍ സിനിമാക്കാരുടെ പൊതുധാരണ പ്രായം ചെന്നവര്‍ എന്നാണ്. ആ ധാരണയും പ്രശാന്തിനെപോലെയുള്ള നടന് ആ വേഷം കൊടുത്ത് തിരുത്തിയിട്ടുണ്ട്. അതും നന്നായി.
ഷറഫദീനും ടിനിടോമും വീണനായരും സ്വഭാവികമായി അഭിനയിച്ചു. സാധാരണമനുഷ്യരുടെ വികാരവിചാരങ്ങളൊക്കെ അവര്‍ നന്നായി ചെയ്തിട്ടുമുണ്ട്. പഴയകാല നായിക ഗീതയും ചിത്രത്തിലുണ്ട്. പ്രത്യേകമായി ഒന്നും ചെയ്യാനില്ലെങ്കിലും. പക്ഷേ ഒട്ടും ചെയ്യാനില്ലാത്തത് അഭിനയിക്കാനറിയാവുന്ന ലെനയ്ക്കും മംമ്തയ്ക്കും നെടുമുടി വേണുവിനുമാണ്. ഏറെനാള്‍ കൂടി ലെനയെ കണ്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും നിരാശയായിരുന്നു ഫലം. അമലയെ തൂക്കിക്കൊല്ലുന്നതുകാണാന്‍ പ്രതികാരത്തോടെ കാത്തിരുന്ന ജയില്‍സൂപ്രണ്ടിന് എങ്ങനെയാണാവോ പെട്ടെന്നൊരു മാനസാന്തരം വന്നത്? അത്തരമൊരു മാനസാന്തരമാണല്ലോ സിനിമയുടെ പതിവു വഴി അല്ലേ? നാലു പോലീസുദ്യോഗസ്ഥരെ അമല ഒറ്റയടിക്കാണോ കൊലപ്പെടുത്തിയത്?എങ്ങനെ? ആര്‍ക്കറിയാം?
അമ്മയും മകനും എന്ന സബ്ജക്ട് മാര്‍ത്താണ്ഡന് പ്രിയപ്പെട്ടതാണെന്ന് തോന്നുന്നു. പാവാടയിലെ അമ്മയും മകനും തമ്മിലുളള പുനസമാഗമത്തെ ഓര്‍മ്മിപ്പിച്ചു ജോണിയിലെ ചില രംഗങ്ങളും. വെള്ളിമൂങ്ങയിലെ തിരക്കഥയുടെ കരുത്തും സ്വഭാവികതയും ജോജിയിലെ തിരക്കഥാകൃത്തിന് ഇടവേളയ്ക്ക് ശേഷം ജോണിയില്‍ നഷ്ടമായത് വേദനിപ്പിക്കാതെയുമിരുന്നില്ല. എങ്കിലും പ്രേക്ഷകര്‍ ഈ ചിത്രത്തോട് യെസ് പറയട്ടെ എന്ന് തന്നെ ആശംസിക്കുന്നു. അമിതമായ പ്രതീക്ഷകളില്ലാതെ കയറിയാല്‍ ഇത്തിരി ഫ്രഷാകാനുള്ള ചില കോപ്പുകളൊക്കെ ജോണിയിലുണ്ട് എന്ന് പറയാതിരിക്കാനുമാവില്ല.
വിനായക് നിര്‍മ്മല്‍