ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട്.. വൃദ്ധരായ അമ്മമാരുടെ ജീവിതങ്ങളെ പകര്‍ത്തിയ മലയാള സിനിമകളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങള്‍ ഇവയാണ്. വാര്‍ദ്ധക്യത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പേറുന്ന പാവം അമ്മക്കിളികളായിരുന്നു അതിലുണ്ടായിരുന്നത്. രണ്ടും വൃദ്ധമന്ദിരങ്ങളിലെ ജീവിതകഥയാണ് പറഞ്ഞതും.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് രാഹൂല്‍ റെജി നായര്‍ സംവിധാനം ചെയ്ത ഡാകിനി എന്ന ചിത്രം. നഗരത്തിലെ ഒരു ഫഌറ്റില്‍ താമസിക്കുന്ന സുഹൃത്തുക്കളായ നാലു വൃദ്ധസ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, പൗളി വിത്സണ്‍, സേതുലക്ഷ്മി എന്നീ നാലുപേരാണ് മുഖ്യകഥാപാത്രങ്ങള്‍. സരസയുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവ് മിലിട്ടറി്ക്കാരനായിരുന്നു, മരിച്ചുപോയി. സേതുലക്ഷ്മിയുടെ മകന്‍ വിദേശത്താണ്. യൗവനത്തിലെ നഷ്ടപ്രണയം ഉള്ളില്‍ കൊണ്ടുനടക്കുന്നതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് പൗളിവിത്സണ്‍റെ മോളിക്കുട്ടി. സാവിത്രീ ശ്രീധരന്റെ ഭര്‍ത്താവ് സീരിയല്‍ പ്രേമിയായി ജീവിച്ചിരിക്കുന്നു.
ഇവരെല്ലാം ഒരു ഫഌറ്റിലാണോ താമസിക്കുന്നത് അതോ അടുത്തടുത്ത ഫഌറ്റുകളിലാണോ എന്ന് വ്യക്തതയില്ല. കാണുമ്പോള്‍ എല്ലാവരും ഒരുമിച്ചാണ്..കരയാനും പിഴിയാനും തയ്യാറല്ലാത്ത ഇപ്പോഴും യൗവനത്തിന്റെ വീറും ചുറുചുറുക്കും കാണിക്കുന്ന, പാട്ട് പാടുന്ന,ഡാന്‍സ് കളിക്കുന്ന, മദ്യം കഴിക്കുകയും ചീട്ട് കളിക്കുകയും ചെയ്യുന്നവരാണിവര്‍.കിഴവിയെന്നും തള്ളയെന്നുമുളള സംബോധന പോലും കേള്‍ക്കാന്‍ ഇഷ്ടമാകാത്തവര്‍. വേഷമാവട്ടെ അടിപൊളി. മകന്‍ വിളിക്കുന്പോള്‍ പോലും സംസാരം നീട്ടിക്കൊണ്ടുപോകാന്‍ അത്രയധികം താല്പര്യം കാണിക്കാത്തവര്‍. വിഷാദഗ്രസ്തമായ ഗാനം കേള്‍ക്കുന്പോള്‍ അത് നിര്‍ത്തി അടിപൊളി ഡിസ്ക് പ്ലേ ചെയ്യുന്ന റോസ്മേരിയുടെ കഥാപാത്രത്തില്‍ തന്നെയുണ്ട് ചിത്രത്തിന്‍റെ ആകെത്തുകയും. അവര്‍ വൃദ്ധരോ സ്ത്രീകളോ ആയിരുന്നുകൊള്ളട്ടെ സ്വന്തം സന്തോഷങ്ങളെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തവരും മരണത്തെ പോലും പേടിയില്ലാത്തവരുമാണിവര്‍.
വെള്ളമടിച്ചും ചീട്ടുകളിച്ചും സാധാരണഗതിയില്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് മോളിക്കുട്ടിയുടെ പഴയകാമുകന്‍ കുട്ടന്‍പിള്ള കടന്നുവരുന്നതോടെ സിനിമ സംഘര്‍ഷഭരിതമാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവഗതികളെ പ്രായത്തെയും ആരോഗ്യത്തെയും വെല്ലുവിളിക്കുന്ന രീതിയില്‍ നാലു സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നു. ദീര്‍ഘദൂരയാത്ര,പാട്ട്, ഡാന്‍സ്, കാറോട്ടം ഒരു വീരനായകന് ചെയ്യാന്‍ കഴിയുന്നതെല്ലാം.ഈ വൃദ്ധര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലേക്ക് സംവിധായകന്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നുമുണ്ട്. ആരോഗ്യമുള്ള, ചെറുപ്പക്കാരായ പുരുഷന്മാര്‍ പോലും -സൈജുകുറുപ്പ്, അജുവര്‍ഗീസ്- വിചാരിച്ചാല്‍ നടക്കാത്തത് ബുദ്ധികൊണ്ടും കുബുദ്ധികൊണ്ടും സാധി്‌ച്ചെടുത്ത് കൊലകൊമ്പന്മാരായ ഹവാലഇടപാടുകാരെ- ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്- അതിശയോക്തിപരമായി കീഴടക്കുന്നതിലാണ് ചിത്രം അവസാനിക്കുന്നത്. ഹ്യൂമറിന്റെ അകമ്പടിയോടെ കാര്യങ്ങള്‍ പറയാനാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നതെങ്കിലുംഅതൊ ന്നും അത്രയ്ക്ക് ഏശുന്നില്ല എന്ന് പറയണം. എങ്കിലും ആകെക്കൂടി ഒരു റിലാക്സേഷനുണ്ട്.
ചിത്രത്തിന്റെ പേരു പോലെതന്നെ ഒരു ചിത്രകഥയുടെ പാറ്റേണിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്കാരണത്താല്‍ സംഭവഗതികളുടെ വിശ്വാസ്യതയെയോ നിലനില്പിനെയോ ഒന്നും ചോദ്യം ചെയ്യേണ്ടതില്ല. അതുകൊണ്ടുതന്നെ സംഭവം ഗ്രാന്റോ ഗ്രേറ്റ് എന്നതല്ല ഇവിടുത്തെ വിഷയം. നായികമാര്‍ കെട്ടുകാഴ്ചകളായി മാത്രം തുടരുന്ന പശ്ചാത്തലത്തില്‍ ഒരു ഫാന്‍സുമില്ലാത്ത നാലുവൃദ്ധരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം ഒരുക്കിയതിനാണ് കൈ കൊടുക്കേണ്ടത്. ഈ ചിത്രം കാണുന്ന വൃദ്ധര്‍ക്ക് ഇത്തിരിയൊക്കെ വീര്യം പകര്‍ന്നുകൊടുക്കാനും ചിത്രത്തിന് കഴിയുന്നുണ്ട്. അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നതുപോലെ വൃദ്ധര്‍ക്കും തന്നാലായത് എന്ന് പറഞ്ഞുകൊടുക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. പക്ഷേ ഇതൊക്കെ കാണാന്‍ എത്ര പേര്‍ തീയറ്ററിലുണ്ട് എന്നത്് വേറെ കാര്യം.
അതെന്തായാലും കൊള്ളാം രാഹൂല്‍, കരയാനും പിഴിയാനുമല്ലാത്ത ചില പ്രസാദവാര്‍ദ്ധക്യങ്ങളെ അവതരിപ്പിച്ചതിന്. അതോടൊപ്പം നാലു വൃദ്ധരെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ കാണിച്ച ധൈര്യത്തിന്. നടിമാര്‍ വെറും അലങ്കാരങ്ങള്‍ മാത്രമാണ് എന്നൊക്കെ പ്രമുഖ നടിമാര്‍ പോലും പത്രപ്രസ്താവന ഇറക്കുന്ന ഇക്കാലത്ത് ഈ വൃദ്ധകളെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറായതിന്
വാല്‍ക്കഷ്ണം: മായാവി( മമ്മൂട്ടിയുടെ ചിത്രം) വന്നു, ഇപ്പോള്‍ ഡാകിനിയും ഇനി കുട്ടൂസനും ലൂട്ടാപ്പിയും എന്നുവരുമോ ആവോ. കാത്തിരുന്ന് കാണാം. അല്ലേ?
വാല്‍ക്കഷ്ണം: മായാവി( മമ്മൂട്ടിയുടെ ചിത്രം) വന്നു, ഇപ്പോള്‍ ഡാകിനിയും ഇനി കുട്ടൂസനും ലൂട്ടാപ്പിയും എന്നുവരുമോ ആവോ. കാത്തിരുന്ന് കാണാം. അല്ലേ?
വിനായക് നിര്‍മ്മല്‍