രണ്ടാമതൊരു കുഞ്ഞ് ആ കുടുംബത്തിൽ ജനിക്കുന്നതുവരെ അഞ്ചുവയസുകാരനായ മൂത്ത കുട്ടി മര്യാദക്കാരനായിരുന്നു. പക്ഷേ രണ്ടാമന്റെ വരവോടെ മൂത്തവന്റെ സ്വഭാവം അമ്പേ മാറി. പൊട്ടിത്തെറിക്കുക, അനുസരണക്കേട്, ഇളയകുട്ടിയെ തരംകിട്ടിയാൽ ഉപദ്രവിക്കൽ, അനാവശ്യമായ പിടിവാശി. മാതാപിതാക്കൾ ശരിക്കും പകച്ചുപോയി. എന്തുചെയ്യും? മാതാപിതാക്കൾ മകന്റെ സ്വഭാവപ്രത്യേകതയുടെ കാരണം അറിയാനായി ഡോക്ടറെ ചെന്നുകണ്ടു. കേസ് വിവരം വിശദമായി കേട്ടുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, രണ്ടാമത്തെ കുഞ്ഞിനെ അംഗീകരിക്കാൻ മൂത്ത മകന് സാധിക്കുന്നില്ല, അതാണ് അവന്റെ പ്രശ്നം. രണ്ടാമനെ തന്റെ പ്രതിയോഗിയായി അവൻ കാണുന്നു. അവൻ മൂലം തന്റെ സ്ഥാനം നഷ്ടമായെന്നും മാതാപിതാക്കളുടെ സ്നേഹം തനിക്ക് ലഭിക്കുന്നില്ലെന്നും അവന്റെ മനസ്സിൽ തെറ്റായ ധാരണകൾ കടന്നുകൂടിയിരിക്കുന്നു. അതിന്റെ സ്വാ ഭാവികമായ പ്രതികരണമാണ് അവന്റെ ബാഹ്യമായ പ്രകടനങ്ങൾ. പച്ചമലയാളത്തിൽ ഡോക്ടർ പറഞ്ഞു മൂത്തവന്റെ പ്രശ്നം അസൂയയാണ്. കൊച്ചുകുട്ടികൾക്ക് പോലും അസൂയയോ എന്ന് മാതാപിതാക്കൾ അമ്പരന്നുപോയി.
രണ്ടാമൻ ജനിക്കുമ്പോൾ ഒന്നാമനുണ്ടാകുന്ന മാനസികമായ ഭാവമാറ്റങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിൽ ബോബി- സഞ്ജയ്. അന്നുവരെ തനിക്ക് കിട്ടിയിരുന്ന സ്നേഹങ്ങൾ ഇളയവനിലേക്ക് വഴിമാറിപ്പോകുന്നുവെന്ന് മനസ്സിലാക്കുമ്പോൾ, അതുവരെയുള്ള തന്റെ കുറുമ്പുകൾക്ക് നേരെ സഹിഷ്ണുത പുലർത്തിയിരുന്ന മാതാപിതാക്കൾ പെട്ടെന്ന് തന്നോട് പ്രതികരിക്കുമ്പോൾ അത് സഹിക്കാനാവാതെ അവരെ വിഷമിപ്പിക്കാൻ വേണ്ടി ചെയ്യുന്ന കുരുത്തക്കേടാണ് അവനെ പിന്നീട് ദുർഗുണപരിഹാര പാഠശാലയിലെത്തിക്കുന്നത്.
മിക്ക കുടുംബങ്ങളിലെയും പ്രശ്നം തന്നെയാണ് ഇത്. ഇത്തരം ചില പ്രശ്നങ്ങളെക്കുറിച്ച കേട്ടറിവും അവയെ എങ്ങനെ നേരിടണം എന്ന് വായിച്ചറിവും ഉണ്ടായിരുന്നതുകൊണ്ട് രണ്ടാമതൊരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ആദ്യമകനെ ഒരുക്കിയെടുത്തിരുന്നു. രണ്ടുമക്കളും തമ്മിൽ അഞ്ചുവയസ് വ്യത്യാസവുമുണ്ടായിരുന്നു. അതുകൊണ്ട് ഒരുപക്ഷേ പറയുന്ന കാര്യങ്ങൾ മൂത്തവന് മനസ്സിലാകുകയും ചെയ്തിരുന്നു. അമ്മയുടെ വയറ്റിൽ നിനക്ക് കൂട്ടുകൂടാൻ ഒരു കുഞ്ഞുവാവയുണ്ടെന്ന് നേരത്തെ പറഞ്ഞുകൊടുക്കുകയും അമ്മയുടെ ഉദരത്തിൽ അവനെക്കൊണ്ട് ഉമ്മ കൊടുപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയൊരു പരിശീലനം കൊടുത്തതുകൊണ്ട് അവൻ രണ്ടാമനെ ആകാംക്ഷാപൂർവ്വമാണ് കാത്തിരുന്നത്. അവനെ കൈയിൽ കിട്ടിയപ്പോൾ ഏറ്റുവാങ്ങി മൂത്തവന് കൊടുക്കുകയും അവനെക്കൊണ്ട് ഉമ്മ കൊടുപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടാമതൊരു കുഞ്ഞിനെ സ്വീകരിക്കാൻ ദമ്പതികൾ ഒരുങ്ങുന്നതിനൊപ്പം മൂത്ത കുട്ടിയെയും ഒരുക്കേണ്ടത് അത്യാവശ്യമാണ്. സ്വാഭാവികമായും രണ്ടാമത്തെ കുഞ്ഞ് ജനിച്ചുകഴിയുമ്പോൾ അതിലേക്ക് നമ്മുടെ ശ്രദ്ധ കൂടുതലായി തിരിയും. പരിഗണന കൊടുക്കേണ്ടത് ഇളയതിന് തന്നെയാണല്ലോ. പക്ഷേ അങ്ങനെ കൊടുക്കുമ്പോൾ പോലും മൂത്തയാളെ അവഗണിക്കാതെയും അവന് മുറിവുണ്ടാക്കാതെയും ഇരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇളയവന് ഭക്ഷണം വാരിക്കൊടുക്കുമ്പോൾ ഒരു ഉരുള മൂത്തവന് കൂടി നല്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. എപ്പോഴും ഇളയവനെ എടുത്തുകൊണ്ടു നടക്കുമ്പോൾ ഇടക്കെങ്കിലും മൂത്തവനെയും ഒന്നെടുക്കുക. ഒരു മുത്തം അവനും നല്കുക. മാതാപിതാക്കൾക്ക് തന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ഇതിലൂടെയൊക്കെ അവന് ബോധ്യപ്പെട്ടോളും.
കമിഴ്ന്ന് കിടക്കുമ്പോഴും പിച്ചവെച്ച് നടക്കുമ്പോഴും ഇളയവനോടുള്ള കരുതലിനും വാത്സല്യത്തിനും മൂത്ത ആൾക്ക് കുറവില്ലാതെ വരുമ്പോഴും ഒപ്പത്തിനൊപ്പം നില്ക്കാറാകുമ്പോൾ മനോഭാവത്തിൽ മാറ്റം വരുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാലുവയസുകാരൻ ദേഷ്യംവന്നപ്പോൾ ഒമ്പതുവയസുകാരൻ ചേട്ടന് നേരെ കളിക്കിടയിൽ കൈവീശി. എന്തെങ്കിലും പറയുന്നതിന് മുമ്പ് ഒമ്പതുവയസുകാരൻ തിരിച്ചൊരു അടിയും കൊടുത്തു. കണ്ടുനിന്ന ഞാൻ മൂത്തവനിട്ട് ഒരടി നല്കി. നീയെന്തിനാടാ മോനേ അടിച്ചതെന്ന് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് മൂത്തമകന്റെ ചോദ്യം എനിക്ക് നേരെ വന്നത്. യോഹൻ എന്നെ അടിച്ചപ്പോൾ മിണ്ടാതിരുന്ന അപ്പയെന്തിനാ ഞാൻ യോഹനെ അടിച്ചപ്പോൾ എന്നെ അടിച്ചെ? എന്നോട് ദേഷ്യപ്പെട്ടെ? അപ്പയ്ക്കാദ്യം അവനോട് പറയാൻ മേലായിരുന്നോ?
സത്യമാണ്. മൂത്ത മകന്റെ ഭാഗം നോക്കുമ്പോൾ അവന് രണ്ടടി കിട്ടി. അനിയന്റെ കൈയിൽനിന്നും എന്റെ കൈയിൽ നിന്നും. മാത്രവുമല്ല ഞാൻ ദേഷ്യപ്പെടുകയും ചെയ്തു. സ്വാഭാവികമായി അവൻ വിചാരിച്ചു ഞാൻ ഇളയവന്റെ പക്ഷത്താണെന്ന്. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. മൂത്തവനും ഇളയവനും കൂടി വഴക്കുണ്ടാക്കുമ്പോൾ പരമാവധി ഇടപെടാതിരിക്കുക. ഇനി ഇടപെട്ടാൽതന്നെ നിഷ്പക്ഷത പാലിക്കുക. രണ്ടാളോടും ഒരുപോലെ പെരുമാറുക. സംഭവം കഴിഞ്ഞ് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് ചേട്ടനും അനിയനും കൂടി കൂട്ടുകൂടി കളിക്കുന്നതാണ്.
വെറുതെയല്ല അയൽപക്കത്തെ കുട്ടികൾ തമ്മിൽ വഴക്കുകൂടിയാലും മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ പക്ഷം പിടിച്ച് പോരടിക്കാൻ ഇറങ്ങിത്തിരിക്കരുതെന്ന് പറയുന്നത്.
വിനായക് നിര്‍മ്മല്‍