സ്വവർഗ ലൈംഗികത ഒടുവിൽ കുറ്റകൃത്യമല്ലാതായി. നാട്ടുകാർക്കു മുന്നിൽ അഭിമാനത്തോടെ പറയാവുന്ന കൃത്യമായി മാറാൻ പക്ഷേ, ഇത്തിരി വൈകും. എങ്കിലും 2018 സെപ്റ്റംബർ ആറാം തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെ ലോകത്ത് സ്വവർഗരതി നിയമവിധേയമാക്കിയ 26-ാമത്തെ രാജ്യമായി ഇന്ത്യ മാറി. കുറ്റകൃത്യം, മനോരോഗം, ലൈംഗിക വൈകൃതം, പാപം എന്നീ വാക്കുകളിൽ കുരുങ്ങിക്കിടക്കുന്നതിനിടെയാണ് കോടതി സ്വവർഗരതിയെ നിയമവിധേയമാക്കിയത്. സ്വവർഗ പ്രേമികൾക്കെതിരേയുള്ള വിവേചനങ്ങൾക്കും കൈയേറ്റങ്ങൾക്കും ഇതു വിരാമമിടും. കാരണം ഇത്തരം വിവേചനങ്ങൾ ഇനി കുറ്റകൃത്യമായി മാറും. ഭരണഘടനയുടെ 377-ാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണെന്നു ചൂണ്ടിക്കാട്ടി കോടതി അതു ഭാഗികമായി റദ്ദാക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെ അല്ലാത്തതും പ്രകൃതിവിരുദ്ധവുമായ ലൈംഗികത കുറ്റകരമായി തുടരുകയും ചെയ്യും. സമൂഹത്തിന്റെ മൂല്യങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും ഒരാൾ എന്താണോ അതുപോലെ ജീവിക്കാനാകണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ഭയത്തോടുകൂടി ജീവിക്കുക എന്നതല്ല, സ്വതന്ത്രമായി ജീവിക്കുക എന്നതാണ് ഒരു ജീവിതത്തിന്റെ അർഥം എന്നും കോടതി വിധിയിൽ പറഞ്ഞു.
വിധി വന്നതിനു പിന്നാലേ നിരവധി വ്യാഖ്യാനങ്ങളും ഉണ്ടായിക്കഴിഞ്ഞു. അതിൽ പ്രധാനം ധാർമിക പശ്ചാത്തലമാണ്. മതങ്ങൾ പ്രത്യേകിച്ചു കത്തോലിക്കാ സഭ സ്വവർഗ രതിയെ പാപമായി തന്നെയാണ് കാണുന്നത്. സ്വവർഗ പ്രേമികളോട് സഭ അനുഭാവപൂർണമായ നിലപാടുതന്നെയാണ് പുലർത്തുന്നത്. അവരെ ഒറ്റപ്പെടുത്തില്ല. മതപരമായ ജീവിതത്തിനു തടസമുണ്ടാകില്ല. യാതൊരു വിവേചനവും ഉണ്ടാകില്ല. അതേസമയം സ്വവർഗഭോഗത്തോടും അത്തരം വിവാഹങ്ങളോടും സഭയുടെ എതിർപ്പിൽ യാതൊരു മാറ്റവുമില്ല. സഭയുടെ കുടുംബ സങ്കല്പത്തെ അത് അട്ടിമറിക്കുന്നു എന്നതാണ് കാരണം. കുടുംബത്തിന്റെ പാവനതയ്ക്കു വിഘാതമാകുന്ന ഒന്നിനെയും സഭ അംഗീകരിക്കില്ല.
സ്വവർഗപ്രേമികളുടെ ജീവിതത്തിൽ ഇതു മാറ്റമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. അവരുടെ ജീവിതം ഇനി ഒളിച്ചുകളിയുടെ തലത്തിൽനിന്നു മുഖ്യധാരയിലേക്കു കടക്കും. 2012ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയിൽ 25 ലക്ഷം എൽ.ജി.ബി.റ്റിക്കാരുണ്ട്. (Lesbian, Gay, Bisexual, Transgender). ഇപ്പോൾ സ്വാഭാവികമായും എണ്ണം കൂടിയിട്ടുണ്ടാകും. വലിയ വർധനയെന്നു പറയാനാകില്ല. കാരണം അവർ കുടുംബം പോലെ ജീവിക്കുന്നുണ്ടെങ്കിലും കുടുംബമല്ല. സന്താനോല്പ്പാദനം നടക്കുന്നില്ല. സ്വവർഗ വിവാഹത്തിൽ ഒന്നിച്ചുള്ള ജീവിതവും ലൈംഗിക ബന്ധവും മാത്രമാണ് ഉള്ളത്. സാധാരണ കുടുംബങ്ങളിലേതുപോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കലോ അവരുടെ പരിപാലനമോ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വങ്ങളോ അതിന്റെ സന്തോഷ സന്താപങ്ങളോ പ്രതീക്ഷകളോ സ്വപ്‌നങ്ങളോ ഇല്ല. പക്ഷേ, ഇനി ഒരു കുടുംബത്തെപ്പോലെ അവർക്കു ജീവിക്കാം. അത്തരം ജീവിതത്തിൽ അനാവശ്യമായി ഇടപെടാനോ അവരെ അവമതിക്കാനോ സമൂഹത്തിന് ഇനി സാധിക്കില്ല.
എൽ.ജി.ബി.റ്റിക്കാരിൽ ട്രാൻസ്ജെൻഡർ മാത്രമാണ് ശാരീരിക വ്യതിയാനമുള്ളത്. അതുകൊണ്ട് അവർ മൂന്നാം ലിംഗക്കാരായി അറിയപ്പെടുന്നു. മറ്റുള്ളവരുടേത് മാനസിക പ്രശ്നമാണെന്നും ലൈംഗിക വൈകൃതമാണെന്നും അഭിപ്രായമുണ്ട്. 1973ൽ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ അതിന്റെ കൺവെൻഷനിൽ പങ്കെടുത്തവരോട് സ്വവർഗപ്രേമം മാനസിക വൈകല്യമണോ അല്ലയോ എന്ന് വോട്ടെടുപ്പിലൂടെ ചോദിച്ചു. 5954 പേർ വൈകല്യമല്ലെന്നു പറഞ്ഞപ്പോൾ 3810 പേർ അത് മാനസിക വൈകല്യമെന്നുതന്നെ പറഞ്ഞു.
ട്രാൻസ്‌ജെൻഡർ ഒഴിച്ചുള്ളവരുടെ കാര്യത്തിൽ ഇതു ചികിത്സിച്ചു ഭേദപ്പെടുത്താമെന്നു കരുതുന്ന സൈക്യാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും വലിയൊരു വിഭാഗം ഇപ്പോഴുമുണ്ട്. കുട്ടികളോടുള്ള ലൈംഗിക അഭിനിവേശം (Pedophilia) പോലെ സ്വർഗപ്രേമത്തെയും വൈകൃതമായി നിരീക്ഷിക്കുന്നവരുമുണ്ട്. ഭാവിയിൽ പീഡോഫീലിയയെയും നിയമവിധേയമാക്കേണ്ടി വരില്ലേ എന്നാണ് അവരുടെ ചോദ്യം. മാത്രമല്ല കൗൺസിലിംഗിലൂടെ പിന്തിരിപ്പിക്കുന്നതിനു പകരം നിയമപരിരക്ഷ നല്കി ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് യഥാർഥ ലൈംഗികതയുടെയും കുടുംബജീവിതത്തിന്റെയും ആനന്ദത്തിൽനിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുകയാണെന്നും അഭിപ്രായമുണ്ട്.
സ്വവർഗ പ്രേമികളോടുള്ള സമൂഹത്തിന്റെ എതിർപ്പും പരിഹാസങ്ങളും ആക്രമണങ്ങളും കുറയുമെന്നതു വാസ്തവമാണ്. കാരണം ഇനി അവർക്കു നിയമപരിരക്ഷയുണ്ട്. എന്നാൽ സമൂഹത്തിന്റെ മനോഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടാകാൻ സമയമെടുക്കും. ആളുകളുടെ വ്യക്തിപരമായ ബന്ധങ്ങൾ പരിമിതമായ നഗരങ്ങളിൽ സ്വവർഗപ്രേമികൾ ഒന്നിച്ചു ജീവിക്കുന്നത് വലിയ സംഭവമാകില്ല. എന്നാൽ ഗ്രാമങ്ങളിൽ അങ്ങനെയാവില്ല. അപരിചിതമായ ഈ കുടുംബസംവിധാനത്തെ അവർക്ക് അത്ര പരിചിതമാകില്ല.
ജോസ് ആൻഡ്രൂസ്