പടയോട്ടം 

Date:

spot_img
പേരു. കേള്‍ക്കുമ്പോഴും പോസ്റ്ററുകള്‍ കാണുമ്പോഴും  ഗുണ്ടാവിളയാട്ടത്തിന്റെയും പോരാട്ടത്തിന്റെയും തീപാറുന്ന കഥയായിരിക്കും പടയോട്ടം സിനിമ എന്ന് തോന്നിപ്പോകും.( നസീറും മമ്മൂട്ടിയും മോഹന്‍ലാലും ലക്ഷ്മിയുമൊക്കെ കുതിരക്കുളന്പടിയൊച്ച കേള്‍പ്പിച്ച് ഫ്ലാഷ് ബാക്കിലൂടെ കടന്നുപോകാനും ചാന്‍സുണ്ട്. മലയാളത്തിലെ ആദ്യത്തെ 70MM  സിനിമയായിരുന്നുവല്ലോ നവോദയായുടെ പടയോട്ടം)പക്ഷേ പുതിയ പടയോട്ടത്തില്‍ പഴയ പോരാട്ടമോ വീരസ്യമോ ഇല്ല. ഗുണ്ടാ പശ്ചാത്തലത്തിലുള്ള, വീരസ്യം പ്രകടിപ്പിക്കാനറിയാത്ത ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. അങ്ങനെ  പാവത്താന്മാരായ ഗുണ്ടകളെ അവതരിപ്പിച്ചുകൊണ്ട് ചിരി പരത്താന്‍ ശ്രമിക്കുന്നസിനിമയാണ് പടയോട്ടം. എത്രമാത്രം ചിരിക്കണം എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത് വേറെ കാര്യം.
ആറ്റുകാല്‍ അമ്മയുടെയും പെറ്റമ്മയുടെയും ആരാധകനായ ചെങ്കല്‍ രഘു  എന്ന പേരുകേട്ട ഗുണ്ടയാണ് നായകന്‍.ആ ഗുണ്ടയെ തങ്ങളുടെ ഒരു പ്രതികാരനിര്‍വഹണത്തിലേക്ക് സേനനും കൂട്ടരും വിളിക്കുന്നതും തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡു വരെ അവര്‍ യാത്ര നടത്തുന്നതും അതിനിടയില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ ഉണ്ടാകുന്നതുമൊക്കെയാണ് സിനിമ. എന്തായാലും സിനിമയുടെ അവതരണത്തില്‍ പുതുമയുണ്ട്. അത് സമ്മതിക്കാതെ വയ്യ, ദ്വയാര്‍ത്ഥപ്രയോഗങ്ങളില്ലാത്ത ശുദ്ധമായ ഹാസ്യവും അഭിനന്ദനാര്‍ഹം തന്നെ. സുധി കോപ്പയും ബേസില്‍ ജോസഫും ഹരീഷ് കണാരനും അതില്‍ തങ്ങളുടേതായ സംഭാവന നല്കുന്നുണ്ട്. എന്തിനേറെ ചെങ്കല്‍ രഘുവായി വേഷമിട്ട ബിജുമേനോനും. അവയൊക്കെ സ്വഭാവികമായി വന്നുചേരുന്ന തമാശയുമാണ്.
ഉദാഹരണത്തിന് ബസ് യാത്രയില്‍ ഛര്‍ദ്ദിയും വയറിളക്കവും പിടിക്കുന്ന രഘു  അതിനെ മറച്ചുവയ്ക്കുന്നതും പിന്നീട് അത് അബദ്ധത്തില്‍ പുറത്തുവരുന്നതുമായ രംഗം. പുറമേയ്ക്ക് എത്ര കരുത്തരെന്ന് ഭാവിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ എല്ലാവരും ഏതൊക്കെയോ കാരണങ്ങളാല്‍ ദുര്‍ബലര്‍ തന്നെ. അത്തരമൊരു ചിന്ത ഉണര്‍ത്താന്‍ രഘുവിന്റെ നിസ്സഹായതയുടെ പല ചിത്രങ്ങളും കാരണമായി.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള പ്രദേശങ്ങളുടെ ഭാഷാവൈവിധ്യം അവതരിപ്പിക്കുന്നതും ചിത്രത്തിലെ പുതുമയാണ്.  വിവിധ പ്രദേശങ്ങളിലൂടെയും പ്രദേശവാസികളിലൂടെയും കടന്നുപോകുമ്പോള്‍ ഒരു ദേശത്ത് പറയുന്ന വാക്കിന്റെ അര്‍ത്ഥം മറ്റൊരു ദേശവാസിക്ക് മനസ്സിലാകാതെ പോകുന്നതും ഓരോരുത്തരും തങ്ങളുടെ ഭാഷയില്‍ ഊറ്റം കൊള്ളുന്നതുമായ ഭാഷാവൈവിധ്യങ്ങള്‍ കൊണ്ടുള്ള രംഗങ്ങളും ചിരിയില്‍ പൊതിഞ്ഞതുതന്നെ.
ഇങ്ങനെയൊക്കെയാണെങ്കിലും ഷാജിപാപ്പന്റെയും( ആട് സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം) അയാളുടെ കൂട്ടാളികളുടെയും സ്മരണ ഉണര്‍ത്തുന്നുണ്ട് പടയോട്ടം. വടംവലി മത്സരത്തില്‍ ജയിച്ച് വരുന്ന വഴി പിങ്കി എന്ന ആടുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നുവല്ലോ ആട് ഒന്നാം ഭാഗം പറഞ്ഞത്. സമാനമായ രീതിയില്‍ പിങ്കു എന്ന കഥാപാത്രം വരുത്തിവയ്ക്കുന്ന ഏടാകൂടങ്ങളാണ്  രഘുവിന്‍റെയും കൂട്ടാളികളുടെയും പടയോട്ടമായി മാറുന്നത്.
കാള പെറ്റന്ന് കേട്ടതേ കയറെടുക്കരുത് എന്ന് പറയാറില്ലേ..അതുതന്നെയാണ് ചിത്രത്തിന്‍റെ സാരാംശവും. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെയും മുന്‍പിന്‍നോക്കാതെയും എടുത്തുചാടി പുറപ്പെട്ടാല്‍ അത് ദോഷമേ ചെയ്യൂ .  ഇതാണ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ മനസ്സിലാക്കേണ്ടത്. ഇത്രയും ചെറിയൊരു കാര്യത്തിനാണോ രഘുവേട്ടനെ ബുദ്ധിമുട്ടിക്കുന്നത് എന്ന പിങ്കുവിന്‍റെ ചോദ്യത്തിന്‍റെ അര്‍ത്ഥം അവസാനഭാഗത്ത് തെളിഞ്ഞുകിട്ടുന്പോള്‍ ചെറുതായിട്ടാണെങ്കിലും ഒരു ചിരി വരാതിരിക്കില്ല. ആ ചിരി തന്നെയാണ് കഥയിലെ ട്വിസ്റ്റും.
മലയാളത്തിലെ പ്രശസ്തരായ ചില സംവിധായകര്‍ അഭിനേതാക്കളായി ഇതില്‍ അവതരിച്ചിട്ടുണ്ട്  എന്നതും പുതുമയാണ്. ലിജോ ജോസ് പല്ലിശ്ശേരി, ദിലീഷ്പോത്തന്‍, ബേസില്‍ ജോസഫ് എന്നിവരാണിവര്‍. ഇതില്‍ പിങ്കു ആയി വന്ന ബേസില്‍ ശരിക്കും കൊഴുപ്പിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍  നല്ലൊരു അഭിനേതാവായികൂടി ബേസിലിനെ കാണാന്‍ കഴിയുമെന്നത്  ഉറപ്പാണ്.അരുണ്‍ എആര്‍, അഭയ് രാഹൂല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റഫീക്ക് ഇബ്രാഹിം ആണ് സംവിധായകന്‍.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!