”നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന് നൽകുന്ന മുന്നറിയിപ്പുകൾ നിങ്ങൾക്ക് ലഭിക്കാറുണ്ടോ? അതുപോലെ അവർ ശൂന്യതയിലേക്കായിരിക്കില്ല നോട്ടമയയ്ക്കുന്നത്, ഒന്നുമില്ലായ്മയോടാവില്ല സംവദിക്കുന്നത്. അവർ കാണുന്നതും കേൾക്കുന്നതും കാണുവാനും കേൾക്കുവാനും നിങ്ങൾക്ക് കഴിയുന്നുണ്ടാവില്ല, അത്രമാത്രം.” രസകരമെന്ന് തോന്നാവുന്ന ഈ നിരീക്ഷണം നടത്തിയത്, ശ്രി. എം. അഥവാ ഹിമാലയൻ മാസ്റ്റർ എന്ന് പ്രസിദ്ധനായ മുംതാസ് അലി ഖാൻ ആണ്. മനുഷ്യന് പ്രാപ്യമായ ശബ്ദ വീചികൾ 20 Hz to 20,000 Hz (20 kHz) നും ഇടയ്ക്കുള്ളതാണല്ലോ. അപൂർവ്വം ചിലരിൽ ചില വ്യതിയാനങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, ഇതാണ് പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതകൾ. ജന്തുജാലങ്ങളുടെയും കടൽ ജീവികളുടെയും ശബ്ദ പരിധികൾ ഇതല്ല എന്ന് നമുക്കറിയാം, ഡോൾഫിനുകളും, മറ്റ് കടൽജീവികളിലും കണ്ണ് കെട്ടിയിട്ട് നടത്തിയ പരീക്ഷണങ്ങളിൽ പോലും അവരുടെതായ ശബ്ദതരംഗങ്ങളാൽ പരസ്പരം സംവേദനം ചെയ്യുന്നതും തടസ്സങ്ങൾ മറികടക്കുന്നതും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾക്ക് മുമ്പായി ഭൂമിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടും കേട്ടും മൃഗങ്ങൾ ജാഗരൂകരാകുന്നതും നമുക്കറിയാം. നമുക്ക് കേൾക്കാൻ സാധ്യമല്ലാത്തതുമായ ചില പ്രത്യേക ശബ്ദങ്ങളോട് മൃഗങ്ങൾ അസഹിഷ്ണുത കാണിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.
നമുക്ക് പരിചിതമല്ലാത്ത എന്തിനെയും ഭ്രാന്തെന്ന് വിളിക്കരുത് എന്ന് പറയാനാണ് ഇത്രയും വളഞ്ഞ് മൂക്ക് പിടിച്ചത്.
വിർജീനിയ വുൾഫ് എന്ന വിശ്രുത ആംഗലേയ എഴുത്തുകാരിയുടെ ജീവിതം വായിച്ചു തീരുമ്പോൾ, വായനക്കാരൻ കടന്നുപോകാൻ ഇടയുള്ള ചില ചുഴികളുണ്ട്. ജീവിതത്തിന്റെ നോൺ-ലീനിയർ സ്വഭാവത്തോട് അത്രമേൽ അടുത്ത് നിൽക്കുന്ന എഴുത്തും സ്വജീവിതവും അവർ ജീവിച്ചു തീർത്ത് അതിനൊരു വിരാമതിലകം സ്വയം നിശ്ചയിച്ചപ്പോഴും അവരെ കാലമോ സാഹിത്യചരിത്രമോ ദയവോടെ ചേർത്ത് നിർത്തിയില്ല. ആദ്യം അമ്മയേയും പിന്നെ സഹോദരിയേയും അതിന് ശേഷം അച്ഛനേയും മരണം കൂട്ടിക്കൊണ്ടുപോയപ്പോൾ അപരിഹാര്യമായ മാനസിക ദുരന്തത്തിലേക്ക് അവർ വീണുപോയി. മാനസിക വിഭ്രമങ്ങൾ ആദ്യം ശബ്ദങ്ങളായും ഢീശരല െപിന്നെ കാഴ്ചകളായും അവരെ പൊതിഞ്ഞു. 1895, 1904, 1912-15,1941 ലുമെല്ലാം അവർ ഭ്രാന്തിന്റെയും വേദനയുടെയും ഒറ്റപ്പെടലിന്റെയും സങ്കടക്കടൽ നീന്തിക്കടന്നു. ഈ വേദനകൾക്കിടയിലും സ്ത്രീജീവിതങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മാഗ്‌നാകാർട്ട എന്ന് വിളിക്കാവുന്ന “A Room of One’s Own’ എന്ന കൃതിയും അവരുടെ മാസ്റ്റർ പീസുകളായ Mrs. Dalloway, To the Light House’ എന്നീ വിഖ്യാത കൃതികളും എഴുതി തീർത്തു. അവരെ നിരന്തരം വേട്ടയാടിയ മാനസിക വിഭ്രാന്തികളുടെ ‘ശബ്ദങ്ങളി’ൽ നിന്നുമാണ് അവർ തന്റെ സർഗ്ഗാത്മകതയ്ക്ക് തീ പിടിപ്പിച്ചത്. സ്ത്രീകളുടെ ആന്തരിക സ്വാതന്ത്ര്യത്തെ കുറിച്ച് അവർ നിരന്തരം എഴുതി. ഒരു സ്ത്രീക്ക് അവളുടേത് മാത്രമായ ഇടങ്ങൾ ആവശ്യമാണെന്ന് അവർ വിളിച്ചുപറഞ്ഞു. അങ്ങനെ അനേകം സ്ത്രീ ജീവിതങ്ങൾക്ക് വെളിച്ചവും പ്രത്യാശയും നൽകാൻ അവർക്ക് സാധിച്ചു. ഫെമിനിസ്റ്റ് എഴുത്തുകൾക്ക് വിത്ത് പാകാനും ദിശാബോധം നല്കാനും അവർക്ക് കഴിഞ്ഞു എന്നുള്ളത് ചെറിയ കാര്യമല്ലല്ലോ. സാഹിത്യത്തിന്റെ ‘ആധുനിക’ (Modernism) ബോധത്തിലേക്ക് കാലത്തെ കൈപിടിച്ചു നടത്തിയവരിൽ വൂൾഫ് വഹിച്ച പങ്ക് വലുതാണ്. ‘ബോധധാരയുടെ’ (Stream of Consciounsess) അജ്ഞാത വഴികളിലൂടെ ജീവിതാനുഭവങ്ങൾ കൊണ്ട് തീർത്ത ചില്ല് കൂടാരത്തിലേക്ക് അവർ അവരുടെ ആത്മാവിനെ പ്രതിഷ്ടിച്ചു. ഒടുക്കം ഊസ് നദിയുടെ ആഴങ്ങളിലേക്ക് സ്വയം നിക്ഷേപിക്കുമ്പോഴേക്കും അടുക്കളയിലെ കരിപുരണ്ട ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ ഒരു കിളിവാതിൽ അവർ തുറന്നുക്കഴിഞ്ഞിരുന്നു. നമുക്ക് കാണാൻ കഴിയാത്തവ കണ്ടും കേൾക്കാൻ കഴിയാതിരുന്നവ കേട്ടും അവർ ജീവിതത്തിന്റെ വേറിട്ട ഭൂപടങ്ങളിൽ സ്വയം കണ്ടെത്തി.
ദസ്തയെവസ്‌കിയും സിൽവിയാ പ്ലാത്തും ബോദ്‌ലെയരും തുടങ്ങി, ഇങ്ങേ അറ്റത്ത് നമ്മുടെ ബേപ്പൂർ സുൽത്താൻ വരെയുള്ളവർ കടന്നുപോയ ഉന്മാദത്തിന്റെ സഹനപർവ്വങ്ങളെ ‘അല്പം ഭ്രാന്തില്ലാത്തവർ ആരാണ്’ എന്ന ലളിത ഹാസ്യം കൊണ്ടാണ് നമ്മൾ അവഗണിച്ചതും ആക്ഷേപിച്ചതും. എന്നാൽ അവരോ തങ്ങളുടെ മനസിലാക്കാതെപോയ ജീവിതങ്ങളുടെ മജ്ജയും മാംസവും രക്തവും വിരുന്ന് നൽകി വായനക്കാരനെ ഊട്ടി.
”അറിഞ്ഞതിൽ പാതി പറയാതെ പോയി
പറഞ്ഞതിൽ പാതി പതിരായും പോയി
പകുതി ഹൃത്തിനാൽ പൊറുക്കുമ്പോൾ നിങ്ങൾ
പകുതി ഹൃത്തിനാൽ വെറുത്തുകൊൾക
ഇതെന്റെ രക്തമാണിതെന്റെ
മാംസമാണെടുത്തുകൊൾക” – ചുള്ളിക്കാട്
പറഞ്ഞതിൽ തെല്ലും പതിരില്ലാതെ, ഭ്രാന്തന്മാരുടെ നാട്യങ്ങളിൽ നിന്നും അവർ പരിചിതമായ മൗനങ്ങളിലേക്ക് പതിയെ സ്വയം പറിച്ചുനട്ടു.
ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ!
സന്തോഷ് ചുങ്കത്ത്
Leave a Reply