ഇവരെ സഹിക്കാനാകുമോ?

മനുഷ്യൻ ഒരു സാമൂഹികജീവിയായതുകൊണ്ട് പലതരം ആളുകളുമായി സഹവസിക്കുകയും ഇടപെടുകയും ചെയ്യേണ്ടതായിവരും. അതിൽ ചിലരെ നമുക്ക് ഇഷ്ടമാകും. മറ്റു ചിലരെ നമുക്ക് ഇഷ്ടമാകുകയില്ല. വേറെ ചിലരുമായി ഒത്തുപോകാൻ ശ്രമിക്കും. മറ്റുചിലരെ പൂർണ്ണമായും അവഗണിച്ചുകളയും. ആരെ സ്വീകരിക്കണം, ആരെ ഉപേക്ഷിക്കണം എന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്.

 ഇങ്ങനെ പലതരം ആളുകളുണ്ടെങ്കിലും പലർക്കും സഹവസിച്ചുപോകാനോ സഹകരിച്ചുപോകാനോ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം ആളുകളാണ് ആത്മരതിക്കാർ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ Narcissistic personality Disorder ഉള്ള വ്യക്തികൾ. NPD എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഒരു പ്രത്യേകതരം മാനസികാവസ്ഥയുള്ളവരാണ് ഇക്കൂട്ടർ. സഹപ്രവർത്തകരോ സഹപാഠികളോ സുഹൃത്തുക്കളോ ഇത്തരക്കാരായുണ്ടെങ്കിൽ വേണമെങ്കിൽ അവരിൽ നിന്ന് വിട്ടുനില്ക്കാൻ കഴിയും. പക്ഷേ ജീവിതപങ്കാളി അത്തരമൊരു മാനസികാവസ്ഥയുള്ള ആളാണെങ്കിൽ തുടർന്നുള്ള ജീവിതം വളരെ ദുഷ്‌ക്കരമായിരിക്കും.

പ്രത്യേകതകൾ

നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഒരു മാനസികാവസ്ഥയാണ്. അത്തരമൊരു മാനസികാവസ്ഥയുള്ള വ്യക്തികൾ സ്വന്തം പ്രാധാന്യത്തെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. തനിക്കുള്ളസ്ഥാനം,ബഹുമാനം ഇതിലാണ് അവരുടെ മുഴുവൻ ശ്രദ്ധയും. ഇത് ചിലപ്പോഴെങ്കിലും യുക്തിരഹിതവുമായിരിക്കും. വളരെയധികം ശ്രദ്ധപിടിച്ചുപറ്റാനാണ് ഇവരുടെ ശ്രമം. മറ്റുള്ളവർ തങ്ങളെ പ്രശംസിക്കണമെന്ന് അവരാഗ്രഹിക്കുന്നു. എന്നാൽ മറ്റുള്ളവരെക്കുറിച്ച് അവരൊരു നല്ലവാക്കും പറയുകയുമില്ല. അതായത് താനൊഴികെയുള്ള ആരെയും അംഗീകരിക്കാൻ അവർക്ക് സാധിക്കുകയില്ല. തീരെ ചെറിയ കാര്യങ്ങളിൽ പോലും പ്രശ്നം കണ്ടെത്തി പ്രശ്നം വലുതാക്കാൻ ശ്രമിക്കുന്നവരാണ് ഇവർ,  പങ്കാളിയെ വില കുറച്ചുമാത്രമേ കാണുകയും സംസാരിക്കുകയും ചെയ്യൂ. മറ്റുള്ളവരുടെ മുമ്പിൽ വച്ച് പങ്കാളിയെ ഇകഴ്ത്തി സംസാരിക്കുന്നത് ഇക്കൂട്ടരുടെ വിനോദമാണ്. മാന്യമല്ലാത്ത വാക്കുകളും മ്ലേച്ഛമായ പ്രയോഗങ്ങളും പലപ്പോഴും സംസാരത്തിൽകടന്നുവരാറുണ്ട്. ആരോടും പ്രതിബദ്ധതയോ സ്നേഹമോ ഇവർക്കുണ്ടായിരിക്കുകയില്ല. ആത്മാർത്ഥമായ ബന്ധങ്ങളും ഇവർക്കുണ്ടായിരിക്കുകയില്ല. വ്യക്തികളുടെയോ സംഭവങ്ങളുടെയോ  നന്മ കാണുന്നതിന് പകരം തിന്മ കാണുന്നതിലാണ് അവർക്ക് ഉത്സാഹം. ആത്മവിശ്വാസമുള്ളവരായിട്ടാണ് കാണപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇവർക്ക് ആത്മവിശ്വാസം തീരെ കുറവായിരിക്കും. അതുകൊണ്ടാണ് തീരെ ചെറിയ വിമർശനം പോലും താങ്ങാനാവാതെ വരുന്നത്. മറ്റുള്ളവരോട് അസൂയ തോന്നുന്നതും മറ്റുള്ളവർക്ക് തന്നോട് അസൂയയാണെന്ന് വിശ്വസിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. സഹാനുഭൂതിയോ അനുകമ്പയോ ഇവരുടെ നിഘണ്ടുവിലില്ല.

എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?

മരുന്നുകൊണ്ടോ തെറാപ്പികൊണ്ടോ പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയുന്ന മാനസികാവസ്ഥയല്ല ഇത് എന്നതാണ് ആദ്യമേ മനസ്സിലാക്കേണ്ടത്.കാരണം ഇക്കൂട്ടർക്ക് തങ്ങളുടെ മാനസികാവസ്ഥ കൊണ്ട എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉളളതായി സ്വയം അനുഭവപ്പെടുന്നില്ല. 

വായ്‌നാറ്റം പോലെയാണല്ലോ ചില കാര്യങ്ങൾ.വഹിക്കുന്നവർക്കറിയില്ല സഹിക്കുന്നവർക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്ന്. അതുപോലെയാണ് ഈ മാനസികാവസ്ഥ. തങ്ങൾ നൂറുശതമാനം പൂർണ്ണരാണെന്ന് കരുതുന്നതിനാൽ തങ്ങൾക്കെന്തെങ്കിലും പ്രശ്നമുള്ളതായി അവർ വിശ്വസിക്കുന്നില്ല. അതുകൊണ്ട് സ്വയം ചികിത്സ തേടാറുമില്ല. മറ്റുള്ളവരാണ് ഇവരെപ്രതി സഹിക്കുന്നത്. ഇതൊരു മാനസികാവസ്ഥയാണെന്ന് മനസ്സിലാക്കി ഇടപെടുക മാത്രമാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ഇക്കൂട്ടരെ അമിതമായി സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. സ്നേഹം കൊണ്ട് നല്കുന്ന ചില ആനൂകൂല്യങ്ങൾ മുതലെടുത്ത് വരുതിയിലാക്കാനുള്ള ശ്രമവും അവർ നടത്തും. എങ്കിലും വ്യക്തികൾ സഹകരിക്കുകയും തങ്ങളുടെ അവസ്ഥ കൃത്യമായി തിരിച്ചറിയുകയും ചെയ്യുകയാണെങ്കിൽ തെറാപ്പികളിലൂടെ വീണ്ടെടുക്കലിനുള്ള സാധ്യതകളുമുണ്ട്. അതിരുകൾ നിശ്ചയിച്ച് അവരുമായി ഇടപെടുക, മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക,സ്വന്തം മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുമാത്രം പെരുമാറുക എന്നിവയെല്ലാം  ഇക്കൂട്ടരുമായുള്ള ഇടപെടലിൽ ശ്രദ്ധിക്കേണ്ടവയാണ്. സ്വഭാവപ്രത്യേകതയായതുകൊണ്ട് പെട്ടെന്നുള്ള മാറ്റം അത്തരക്കാരിൽ നിന്ന് പ്രതീക്ഷിക്കരുത്. വ്യക്തിയെ ഉൾക്കൊള്ളുക.അതു മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.

എങ്ങനെ കണ്ടെത്താം

സുഹൃത്ത്/ജീവിതപങ്കാളി  നാർസിസ്റ്റാണോ എന്ന് തിരിച്ചറിയുന്നത് വ്യക്തിയുടെ സാധാരണസ്വഭാവരീതികളെക്കുറിച്ചു മനസ്സിലാക്കാൻ നടത്തുന്ന  സംസാരവും ചോദ്യോത്തരങ്ങളും വഴിയാണ്. സ്വയം നല്കുന്ന അമിതപ്രാധാന്യം, സഹാനുഭൂതിയില്ലായ്മ, സ്വയം ആസ്വദിക്കൽ, മറ്റുള്ളവരോടുള്ളഅസൂയയും തന്നോടു മറ്റുള്ളവർക്ക് അസൂയയാണെന്ന ചിന്ത, സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യൽ എന്നിങ്ങനെയുള്ളസ്വഭാവപ്രത്യേകതകൾ വഴിയാണ് ഒരു വ്യക്തി ചഉജ ആണോയെന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!