ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം.

നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും അത്ര ശക്തമൊന്നുമല്ല ഒരു ബന്ധങ്ങളും. എല്ലാ ബന്ധങ്ങളും അതിൽതന്നെ  ദുർബലമാണ്. പെരുമാറ്റത്തിലെ അഭംഗിയും വാക്കുകളിലെ നീരസവും വൈകാരികമായ അടുപ്പമില്ലായ്മയും ബന്ധങ്ങളെ ദുർബലമാക്കുന്നുണ്ട്.

എല്ലാം നിന്റെ തോന്നലാണെന്ന മട്ടിൽ പങ്കാളിയുടെ വികാരങ്ങളെ അപ്രധാനീകരിക്കുന്നത് ആ വ്യക്തിയെ തന്നെ നിസ്സാരവല്ക്കരിക്കുന്നതിന് തുല്യമാണ്. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ഇല്ലെങ്കിൽ ബന്ധങ്ങൾക്ക് വിള്ളൽ വീഴും.

മറ്റേ ആളുടെ നെഗറ്റീവ് മാത്രം തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ അവിടെയും ബന്ധത്തകർച്ചയുണ്ട്. നെഗറ്റീവ് തരംഗങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ബന്ധങ്ങളുടെ ഇഴയടുപ്പം കുറഞ്ഞുകുറഞ്ഞുവരികയും ഒടുവിൽ പരിപൂർണ്ണമായ വിച്ഛേദം സംഭവിക്കുകയും ചെയ്യും.

അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറുന്നതും സംസാരിക്കാതിരിക്കുന്നതും പ്രശ്നം ഗുരുതരമാക്കും.  തെറ്റിദ്ധാരണയും അകൽച്ചയും സൃഷ്ടിക്കുകയായിരിക്കും അതിന്റെ ഫലം.

ചിരി നല്ലതാണ്, തമാശയും. പക്ഷേ പങ്കാളിയുടെ വികാരങ്ങളെ അവഗണിച്ചുകൊണ്ടുള്ള ചിരിയും തമാശയും ബന്ധങ്ങൾക്ക് ക്ഷതമേല്പിക്കും. എമ്പതിയായിരിക്കും ആ അവസരത്തിൽ പങ്കാളി ആഗ്രഹിക്കുന്നത്. പക്ഷേ കിട്ടുന്നതാവട്ടെ പരിഹാസം കലർന്ന തമാശയും. ഇതു തീർച്ചയായും മറ്റേ ആളിൽ നിന്ന് അകന്നുപോകാനുള്ള സാധ്യതയൊരുക്കും.

നിരന്തരമായ കുറ്റപ്പെടുത്തലും വാഗ്വാദങ്ങളുമാണ് മറ്റൊരു വില്ലൻ. അഭിപ്രായവ്യത്യാസങ്ങളും വിരുദ്ധാഭിപ്രായങ്ങളും സ്വഭാവികമാണ്. തെറ്റുകൾ സംഭവിക്കുന്നതും. എന്നാൽ അതിന്റെയെല്ലാം പേരിൽ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതും പോംവഴി കണ്ടെത്താൻ കഴിയാതെ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നതും മനസ്സുകളെ തമ്മിൽ അകറ്റുകയും ബന്ധം ശിഥിലമാക്കുകയും ചെയ്യും.

ആരോഗ്യകരമായ ബന്ധത്തിന് അത്യാവശ്യമാണ് ബോധപൂർവ്വമായ അതിരുകൾ.  അതിരുകൾ പാലിക്കുന്നത് പരസ്പരബഹുമാനം വർദ്ധിപ്പിക്കാൻ സഹായകരമായിരിക്കും വൈകാരികമായ മുറിപ്പെടുത്തൽ ഉണ്ടാവാതിരിക്കുന്നതിനും.

പരസ്പരം താങ്ങേണ്ടവരും താങ്ങായി മാറേണ്ടവരുമാണ് പങ്കാളികൾ/ സുഹൃത്തുക്കൾ. എന്നാൽ വിപരീതമായ സാഹചര്യങ്ങളിൽ മറ്റേ ആളെ ഒറ്റയ്ക്കാക്കി കടന്നുകളയുന്നവരുണ്ട്. സഹാനുഭൂതിയില്ലായ്മയാണ് അവിടെ പ്രകടമാകുന്നത്. സഹായിക്കേണ്ട ആൾ സഹായിക്കാതെ മാറിനില്ക്കുന്നത് വൈകാരികമായ അടുപ്പം കുറയ്ക്കാൻ കാരണമാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!