സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും ചെയ്യും. പറയാതെയും വെളിപെടുത്താതെയും സ്നേഹം ബോധ്യമാകുന്നിടത്താണ് സ്നേഹം സ്നേഹമാകുന്നത്. പക്ഷേ പലർക്കും മറ്റുള്ളവരുടെ സ്നേഹം മനസ്സിലാക്കാനുള്ള കഴിവില്ല. സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവോ സ്നേഹിക്കപ്പെടുന്നുണ്ടെന്ന ബോധ്യമോ ഇല്ല.
ഒരു കൊച്ചുകുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം തന്നെ നോക്കുക. അമ്മ വാക്കുകളിൽ എന്തെങ്കിലും സവിശേഷമായി കോരിയൊഴിച്ചിട്ടല്ല കുഞ്ഞിന് അമ്മയുടെ സ്നേഹം മനസ്സിലാവുന്നത്. അമ്മയുടെ ഓരോ ഇടപെടലും വാക്കും പ്രവൃത്തിയും സ്നേഹമാണെന്ന് കുഞ്ഞ് എങ്ങനെയൊക്കെയോ തിരിച്ചറിയുന്നുണ്ട്.
ഒരിക്കൽ മാത്രം കാണുന്ന ആളെ കാണുമ്പോൾ കുഞ്ഞ് കരയുന്നതും അമ്മയെകാണുമ്പോൾ കരച്ചിൽ അവസാനിക്കുന്നതും ആ സ്നേഹത്തിൽ തനിക്ക് അത്രമാത്രം സുരക്ഷിതത്വം അനുഭവിക്കാൻ കുഞ്ഞിന് സാധിക്കുന്നതുകൊണ്ടാണ്. മാത്രവുമല്ല അമ്മയുടെ സ്നേഹത്തിൽ ത്യാഗവും സമർപ്പണവും ആത്മാർത്ഥതയുമുണ്ട്. അമ്മയുടെ സ്നേഹത്തെക്കുറിച്ചുളള വാഴ്ത്തിപ്പാടലുകൾ നടക്കുന്നത് എന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അമ്മയുടെ സ്നേഹത്തിൽ ത്യാഗവും സന്നദ്ധതയുമുള്ളതുകൊണ്ട്.. തന്റെ സുഖമോ ക്ഷേമമോ അല്ല അമ്മയ്ക്ക് മുൻഗണന.. മറിച്ച് കുഞ്ഞാണ്. രാവും പകലും എന്ന വ്യത്യാസമില്ലാതെയുള്ള അമ്മയുടെ അലച്ചിലും കഷ്ടപ്പാടും അമ്മയുടെ സ്നേഹത്തെ ഉദാത്തമാക്കുന്നു. അതുതന്നെയാണ് ഏതു ബന്ധങ്ങളിലെയും സ്നേഹത്തിന്റെ ഉരകല്ലും. ത്യാഗമില്ലാതെയുള്ള ഒരു സ്നേഹവും സ്നേഹമേയല്ല. അതു ദാമ്പത്യത്തിലായാലും സുഹൃദ്ബന്ധത്തിലായാലും. മറ്റുള്ളവരെ സ്നേഹിച്ചതിന്റെ പേരിലുള്ള മുറിവുകളാണ് നിന്റെ സ്നേഹം സ്നേഹമായിരുന്നുവെന്ന് തെളിയിക്കുന്നത്.
ത്യാഗമില്ലാതെ, അനുകമ്പയില്ലാതെ, ആത്മാർത്ഥതയില്ലാതെ സ്വന്തം ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് സ്നേഹിക്കാൻ, സ്നേഹം പ്രകടിപ്പിക്കാൻ സന്നദ്ധരാകുന്നവരേ നിങ്ങൾ ആ വികാരത്തെ സ്നേഹമെന്നല്ലാതെ മറ്റെന്തുപേരും വിളിച്ചോളൂ. വില കുറഞ്ഞ ഇടപാടല്ല സ്നേഹം. വില കൊടുക്കേണ്ട ഉടമ്പടിയാണ് സ്നേഹം. സ്നേഹിക്കും തോറും നിങ്ങൾ വളരും സ്നേഹിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങൾ തളരും.
Leave a Reply