എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് സലീം കുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടിറങ്ങിയപ്പോള്‍തോന്നിയതും അതു തന്നെ. എന്തിനോ വേണ്ടിയുള്ള ഒരു സിനിമ. രണ്ടേ കാല്‍ മണിക്കൂറും പണവും പോയത് മാത്രം മിച്ചം.
ഇന്നത്തെകാലത്തും ഇതുപോലെയുള്ള സിനിമകള്‍ക്ക് മമ്മൂട്ടിയെപോലെയുള്ള അനുഭവസമ്പത്തുള്ള നടന്മാര്‍ തല വച്ചുകൊടുക്കുന്നതിലാണ് അത്ഭുതം. ഒരു പത്തുവര്‍ഷം മുമ്പ് ഇറങ്ങിയിരുന്നുവെങ്കില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഈ സിനിമയില്‍ മനസ്സില്‍ തട്ടുന്ന രീതിയിലുള്ള ഒരൊറ്റ രംഗംപോലുമില്ല. ജീവിതമുള്ള കഥാപാത്രങ്ങളും. സിനിമകളില്‍ മാത്രമേ ഒരുപക്ഷേ ഇതുപോലെയുള്ള ചായക്കടയും പഞ്ചായത്ത് പ്രസിഡന്റും കാണുകയുള്ളൂ. കുട്ടനാടന്‍ ബ്ലോഗിലെ തല്പരകക്ഷികള്‍ക്കാകട്ടെ മലയാള സിനിമയുടെ ചരിത്രം മുതല്ക്കുള്ള അതേ കഥാപാത്രങ്ങളുടെ സ്വഭാവം തന്നെയായി പോയി. അതില്‍ നിന്ന് ഭിന്നമായ ഒരു ചായക്കടക്കാരനെയോ പഞ്ചായത്ത് പ്രസിഡന്റിനോയെ അവതരിപ്പിക്കാനുള്ള ഭാവന തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീമാന്‍ സേതുവിന് ഉണ്ടായില്ല. ആദ്യസംവിധാന സിനിമയായിരുന്നില്ലേ എന്നിട്ടും സേതു ഇങ്ങനെയൊരു അപകടം വരുത്തിവയ്ക്കേണ്ടതില്ലായിരുന് നു.
കഥകള്‍ എപ്പോഴും ഒന്നുതന്നെയൊക്കെയാവാം. പക്ഷേ അവതരിപ്പിക്കുന്ന രീതിയിലാണല്ലോ കാര്യങ്ങള്‍. ബ്ലോഗ് എന്നൊക്കെ പറയുമ്പോള്‍ ഒരു ന്യൂജെന്‍ ടച്ച് തോന്നുന്നുണ്ടെങ്കില്‍ അത് കണ്ണില്‍ പൊടിയിടാനുള്ള സൂത്രവിദ്യമാത്രമേ ആകുന്നുള്ളൂ. കുട്ടനാട്ടിലെ ശ്രീകൃഷണപുരം എന്ന ഗ്രാമത്തിലെ വീരനായകന്‍ ഹരിയേട്ടന്റെ വീരസ്യങ്ങള്‍ മാത്രം അവതരിപ്പിക്കാനുളള ബ്ലോഗ് പ്രവാസി മലയാളിയും തദ്ദേശീയനുമായ സണ്ണിവെയ്‌ന്റെ കഥാപാത്രം വായിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. പറഞ്ഞുവരുമ്പോള്‍ എന്തോ സംഭവമാണെന്ന് പാവം പ്രേക്ഷകര്‍ വിചാരിച്ചുപോകും. പക്ഷേ ഹരിയേട്ടന്റെ എന്‍ട്രി കാണുമ്പോഴേ ഒരുവിധം ബോധമുള്ള പ്രേക്ഷകര്‍ക്ക് കാര്യങ്ങളുടെ മുന്നോട്ടുള്ള പോക്ക് മനസ്സിലാവും. ഇനിയെന്തെങ്കിലും അത്ഭുതം ഉണ്ടാകുമോയെന്ന് അവന്‍ പ്രാര്‍ത്ഥിച്ചാല്‍ പോലും അതും ഉണ്ടാവില്ലെന്ന് ഇടവേളയോടെ തിരിച്ചറിവുമുണ്ടാകും.
അവിഹിതഗര്‍ഭം നിഷ്‌ക്കളങ്കനായ നായകനില്‍ കെട്ടിവയ്ക്കുന്നതുപോലെയുള്ള കഥകള്‍ ഇതിനകം എത്രയോ കണ്ടിരിക്കുന്നു. അത് മമ്മൂട്ടിയെപോലെയുളള ഒരാളില്‍ കെട്ടിവച്ചതായി സിനിമ ചെയ്ത ഏറ്റവും വലിയ പാതകം. ഇത്രയുമൊക്കെ വായിക്കുമ്പോള്‍ തോന്നുമല്ലോ ഈ സിനിമയുടെ കഥ എന്തായിരിക്കുമെന്ന്. ഓ അങ്ങനെ വലിയ കഥയൊന്നുമില്ലെന്നേ. കഥയില്ലായ്മകളേയുള്ളൂ.
വിധുരനും പ്രവാസിയുമായ ഹരി കൈമള്‍ എന്ന സമ്പന്നന്‍ പ്രവാസജീവിതം എന്നേയ്ക്കുമായി അവസാനിപ്പിച്ച് കൃഷ്ണപുരത്ത് തിരിച്ചെത്തുന്നു. ഒരുപറ്റം യൂത്തന്മാര്‍ക്ക് മാത്രമേ അയാളുടെ വരവ് ഇഷ്ടമാകുന്നുള്ളൂ. കാരണം അവര്‍ക്ക് അയാളുടെ ചെലവില്‍ ജീവിക്കാം. സൗജന്യ വൈഫൈ അനുഭവിക്കാം.( അയ്യോ എന്തൊരു വളിപ്പ്, ഇപ്പോള്‍ ജിയോ പോലെയുള്ളവ ഓഫറുകള്‍ കൊണ്ട് നിറയ്ക്കുമ്പോഴാണ് യൂത്തന്മാര്‍ വന്ന് അയാളുടെ സൗജന്യവൈഫൈയ്ക്ക് വേണ്ടി മുറവിളികൂട്ടുന്നത് കഷ്ടം) മുതിര്‍ന്ന തലമുറയ്ക്ക് അയാളെ തീരെ താല്പര്യമില്ല. യുവജനങ്ങളെ പ്രണയകാര്യത്തില്‍ സഹായിച്ചും അവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ കുത്സിതമാര്‍ഗങ്ങള്‍ അവലംബിച്ചും മുന്നോട്ടുപോകുന്ന ഈ കോടീശ്വരന്‍ നന്മ സപ്ലൈ ചെയ്യുന്നതിലും മിടുക്കനാണ്. അതും ആരെയും അറിയിക്കാതെ.
ആ നന്മയൊക്കെ നാലാള്‍ അറിഞ്ഞുവരുമ്പോഴേയ്ക്കും അയാള്‍ പ്രവാസജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു. അകന്നു നിന്നു കാണുമ്പോള്‍ തോന്നുന്ന സൗന്ദര്യം അടുത്തുവരുമ്പോള്‍ ഇല്ലെന്ന തിരിച്ചറിവോടെ. ഇതാണ് കഥ.അതുകൊള്ളാം. പല കാര്യങ്ങളും അങ്ങനെ തന്നെയാണല്ലോ എന്തൊക്കെയോ ഉണ്ടെന്ന് വിചാരിച്ച് അടുത്തുചെല്ലുമ്പോഴാണല്ലോ അവയുടെ പൊള്ളത്തരം വ്യക്തമാകുന്നത്. സിനിമയുടെ ആകെയുള്ള വിശകലനം അങ്ങനെതന്നെ വരും.
മൂന്നു സ്ത്രീകളാണ് പ്രധാനമായും ഹരി കൈമളിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നത്. അനുസിതാര, റായ് ലക്ഷമി, ഷംന കാസിം എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നുപേര്‍ക്കും ഫാഷന്‍പരേഡ് നടത്താനല്ലാതെ ഒന്നും ചെയ്യാനില്ല. പിന്നെയുള്ളത് സ്‌ക്രീനില്‍ നിറയുന്ന യുവനിരക്കൂട്ടമാണ്. വിവേക് ഗോപനും സഞ്ജു ശ്രീറാമും ഗ്രിഗറിയും ആദില്‍ ഇബ്രാഹിം ഒക്കെയാണ് അവരില്‍ പ്രധാനികള്‍.
. ഇനിയും ഹരിയേട്ടന്റെ കഥയും കുട്ടനാടന്‍ ബ്ലോഗും തുടരുമെന്നുമുള്ള പ്രേക്ഷകര്‍ക്കുള്ള ഭീഷണിയോടെയാണ് ചിത്രം അവസാനിക്കുന്നത്. എന്തായാലും ഈ ബ്ലോഗ് വായിച്ചവരാരും( കണ്ടവരും) ഹരിയേട്ടന്റെ തുടര്‍ന്നുള്ള ജീവിതം കാണാന്‍ വരില്ലെന്ന് ഉറപ്പ്. അത്രയും നമുക്ക് സമാധാനിക്കാം.