അന്ന് തിരുവനന്തപുരത്ത് നിന്ന് വെരിക്കോസിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് ട്രെയിനിറങ്ങി വീട്ടിലേക്കുള്ള അവസാനവണ്ടി പിടിക്കാനായി തിടുക്കത്തില്‍ ഓടിപോകുകയായിരുന്നു അനീഷ്. കോട്ടയം ആര്‍പ്പൂക്കരയാണ് അനീഷിന്റെ വീട്. നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായി പലരും ചെയ്യുന്നതുപോലെ റെയില്‍വേ ട്രാക്ക് മുറിച്ച് കടന്ന് പോകാനായിരുന്നു അനീഷിന്റെയും പ്ലാന്‍. പക്ഷേ ആ എളുപ്പ വഴി ജീവിതത്തിലെ ദുര്‍ഘടവഴിയായിത്തീരുമെന്ന് അനീഷ് കരുതിയിരുന്നില്ല. പക്ഷേ സംഭവിച്ചത് അതായിരുന്നു.
ഓട്ടത്തിനിടയില്‍ ട്രാക്കില്‍ കാലിലെ ബാന്‍ഡേജ് ഉടക്കി എടുത്തടിച്ചതുപോലെ ട്രാക്കിലേക്ക് അനീഷ് വീണത് പെട്ടെന്നായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും കൃത്യമായി ഓര്‍ത്തെടുക്കാനോ വീണിടത്തു നിന്ന് എണീല്ക്കാനോ കഴിയുന്നതിന് മുമ്പ് ഒരു ദുരന്തം തന്നെ ട്രെയിനിന്റെ രൂപത്തില്‍ കടന്നുപോകുന്നത് ആര്‍ത്തനാദത്തോടെ അനീഷ് തിരിച്ചറിഞ്ഞു. ഇരുട്ടില്‍ ചിതറിത്തെറിച്ച ആ നിലവിളിയില്‍ ചിതറിപ്പോയത് ഒരു യുവാവിന്റെ എന്നത്തെയും വലിയ സ്വപ്‌നങ്ങളായിരുന്നു.
കാരണം ഐഎസ് ആര്‍ ഒയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടിയായ ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടിയതിന്റെ രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ദുരന്തം അനീഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ഓര്‍മ്മ തെളിയുമ്പോള്‍ അനീഷ് ആശുപത്രി കിടക്കയിലായിരുന്നു. അമ്മയുടെ നിലവിളിയും സങ്കടവും അനീഷിന് ആ സത്യം വെളിപെടുത്തിക്കൊടുത്തു. തനിക്ക് വലതു കൈ നഷ്ടമായിരിക്കുന്നു ഇടതു കാലും. ഒരു അഗ്‌നിമല ശിരസിലേക്ക് ഇടിഞ്ഞുവീണതുപോലെ..
പാലാ പോളിടെക്‌നിക്കില്‍ നിന്ന് ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിംങില്‍ നാലാം റാങ്കോടെ പാസായതായിരുന്നു അനീഷ്. വാദ്യകലയിലും അനീഷ് സമര്‍ത്ഥനായിരുന്നു. അവന് ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. ദരിദ്രമായ ചുറ്റുപാടുകളായിരുന്നു കുടുംബത്തില്‍ ഉണ്ടായിരുന്നത്. സ്ഥിരമായി ജോലിക്ക് പോകാന്‍ സാധിക്കാത്ത ആശാരിപ്പണിക്കാരനായിരുന്നു അച്ഛന്‍. അമ്മ ജോലിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. അനീഷിന് ഒരു ചേട്ടന്‍ കൂടിയുണ്ട്.
ഇങ്ങനെ ജീവിതം വല്ലവിധേനയും നിരങ്ങിനീങ്ങുമ്പോഴാണ് ആ ചെറിയ കുടുംബത്തിലേക്ക് ദുരിതം കടന്നുവന്നത്. അപകടം നടന്നപ്പോള്‍ അത് രണ്ടുതരത്തിലാണ് തന്നെ ബാധിച്ചതെന്ന് അനീഷ് ഓര്‍മ്മിക്കുന്നു. ഒന്ന്, കഷ്ടപ്പെട്ട് പഠിച്ചുനേടിയ നാലാം റാങ്ക് കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെയായി. രണ്ട്, ചെണ്ട കൊട്ടില്‍ പഠിച്ചെടുത്ത നൈപുണ്യവും വെറുതെയായി.
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തുമ്പോഴേയ്ക്കും അനീഷിന്റെ ജീവിതം നിരാശതയുടെ അഗാധതയിലേക്ക് വീണുപോയിരുന്നു. ചുറ്റും സഹതാപതരംഗം. ഇങ്ങനെ എങ്ങനെ, എന്തിന് ജീവിച്ചിരിക്കുന്നു എന്ന ചിന്ത ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിപ്പിച്ചു. പക്ഷേ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് അമ്മയുടെ സ്‌നേഹവും അമ്മയുടെ വാക്കുകളുമായിരുന്നു.
അത്തരമൊരു ദിവസത്തിലേക്കാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ സെബാസ്റ്റ്യന്‍ ജോര്‍ജ് അനീഷിനെ കാണാനെത്തിയത്. അനീഷിന്റെ അയല്‍വാസിയുടെ സുഹൃത്തായിരുന്നു അദ്ദേഹം. പക്ഷേ ഇതിനകം താന്‍ കണ്ടുമുട്ടിയ മറ്റാരെയും പോലെയായിരുന്നില്ല സെബാസ്റ്റിയന്‍ എന്നാണ് അനീഷിന്റെ ഓര്‍മ്മ.
പതിവു സഹതാപവാക്കുകളില്ല, പൊള്ളയായ ആശ്വാസവാക്കുകളില്ല. ദൈവത്തിന് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് നിന്റെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതി.. ബൈബിള്‍ വായിച്ച് അദ്ദേഹം അനീഷിനെ ശക്തിപെടുത്തിയത് അങ്ങനെയായിരുന്നു.അനീഷിന് ആ തിരുവചനം ശക്തിപകര്‍ന്നു. അദ്ദേഹം അനീഷിനോട് ചോദിച്ചത് ഇതായിരുന്നു,
ജനിച്ചപ്പോള്‍ മുതല്‍ നീ ഇങ്ങനെ ആയിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു?
ഇതേ വരെ ചിന്തിക്കാത്ത ചോദ്യം.
എഴുന്നേല്ക്കാന്‍ ശ്രമിക്കുമായിരുന്നില്ലേ..
ഉം എന്ന് അനീഷ് അറിയാതെ തലയാട്ടി.
എന്നാ പിന്നെ നീ ജനിച്ചത് ഇങ്ങനെ തന്നെയായിരുന്നു എന്നങ്ങ് വിചാരിക്ക്.. എന്നിട്ട് എഴുന്നേല്ക്കാന്‍ ശ്രമിക്ക്.
വല്ലാത്ത ഊര്‍ജ്ജം നിറഞ്ഞ വാക്കുകളായിരുന്നു അത്. മുറിയില്‍ നിറഞ്ഞ ആ വാക്കുകള്‍ അനീഷിന്റെ ജീവിതത്തിലും നിറയുകയായിരുന്നു.
എഴുന്നേല്ക്കണം..എഴുന്നേല്ക്കണം
മൂന്ന് മാസത്തിനുള്ളില്‍ അനീഷ് കൃത്രിമകാല്‍ ഉപയോഗിച്ചു നടന്നുതുടങ്ങി. കൃത്രിമക്കാല്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടായ അസ്വസ്ഥതകള്‍ വകവയ്ക്കാതെയായിരുന്നു അനീഷിന്റെ നടത്തം. പരാജയപ്പെടുമെന്നും വേണ്ടെന്നും ചുറ്റുപാടുകളും വ്യക്തികളും പറഞ്ഞ എല്ലായിടത്തും അനീഷ് ഇച്ഛാശക്തികൊണ്ട് വിജയം നേടാന്‍ തുടങ്ങുകയായിരുന്നു.
സൈക്കിളോടിച്ചു, ബൈക്കോടിച്ചു, ഡ്രൈവിംങ് പഠിച്ചു. എന്നാല്‍ ഇതൊന്നും വളരെ എളുപ്പമായിരുന്നുവെന്ന കരുതരുത്. തടസ്സം നില്ക്കാന്‍ നിയമത്തിന്റെ നൂലാമാലകളുണ്ടായിരുന്നു. നിയമപോരാട്ടം നടത്തിയാണ് അനീഷ് ഡ്രൈവിംങ് ലൈസന്‍സ് നേടിയത്.
ഇന്ന് അനീഷിന്റെ ജീവിതം നിരാശതയുടേതല്ല. ആദ്യകാലത്തെ നിരാശതകളുടെ ചാരത്തില്‍ നിന്ന് ഇന്ന് പ്രത്യാശയുടെ ആകാശത്തിലേക്ക് ചിറകുവിടര്‍ത്തി പറക്കുകയാണ് അനീഷ്. ഭിന്നശേഷിയുള്ള ആളുകള്‍ക്കായി പരിശീലനം നടത്തുകയും ഇപ്കായി ( വ്യക്തിത്വ വികസന പരിശീലന കൗണ്‍സലിംങ് കേന്ദ്രം)എന്ന സംഘടനയുടെ സാരഥിയുമാണ് ഇപ്പോള്‍ അനീഷ്. സ്വദേശത്തും വിദേശത്തും അറിയപ്പെടുന്ന മോട്ടിവേഷനല്‍ സ്പീക്കര്‍ കൂടിയാണ് അനീഷ്.
കൈയും കാലുമില്ലാതിരുന്നിട്ടും ജീവിതത്തെ ശുഭപ്രതീക്ഷയോടെ നോക്കിക്കാണുന്ന നിക്കും കൈകളില്ലാതിരുന്നിട്ടും പൈലററ് ലൈസന്‍സ് നേടിയ ജസീക്ക കോക്ക്‌സും നമുക്ക് പരിചിതരാണെങ്കിലും നമ്മുടെ നാട്ടുകാരനായ അനീഷ് അത്രമേല്‍ പലര്‍ക്കും പരിചയക്കാരനല്ല. നമ്മുടെ ചിന്തകള്‍ നല്ലതാകുമ്പോള്‍ ദൈവം നമ്മെ സഹായിക്കാനായി ദൈവദൂതന്മാരെ അടുക്കലേക്ക് പറഞ്ഞയ്ക്കും എന്നാണ് അനീഷിന്റെ വിശ്വാസം. സെബാസ്റ്റ്യനെ പോലെ പ്രഫ. മാത്യു കണിമലയെയും തന്റെ ജീവിതത്തിലേക്ക് ദൈവം അയച്ച മാലാഖയായിട്ടാണ് അനീഷ് വിലയിരുത്തുന്നത്. കാരണം പ്രഫ. മാത്യുവാണ് കൗണ്‍സലിംങ് രംഗത്തേക്ക് അനീഷിന്റെ ജീവിതം തിരിച്ചുവിട്ടത്.
മുപ്പതിനായിരത്തിലേറെ കിലോമീറ്റര്‍ സ്വന്തം വാഹനത്തില്‍ സ്വയം വണ്ടിയോടിച്ച് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ് അനീഷ്. നിരന്തരമായി ശ്രമിക്കുമ്പോള്‍ നമുക്കെല്ലാം കൈപിടിയില്‍ ഒതുങ്ങുമെന്നാണ് എല്ലാവരോടുമായി തന്റെ ജീവിതവിജയരഹസ്യവും നേട്ടങ്ങളും അനീഷ് വ്യക്തമാക്കുന്നത്.