സ്‌നേഹം ഉപാധികളില്ലാത്തതായിരിക്കണം. സമ്മതിച്ചു. പക്ഷേ സാമൂഹിക/ വ്യക്തി/കുടുംബ ബന്ധങ്ങള്‍ക്ക് ഉപാധി പാടില്ലെന്നുണ്ടോ? ഉപാധി/ നിബന്ധന/ നിയമം എല്ലാം ബന്ധങ്ങള്‍ക്ക് ബാധകമാണ്. ഉദാഹരണത്തിന് ഒരു ഓഫീസ്, കമ്പനി, ഹോസ്റ്റല്‍ തുടങ്ങിയ ചെറു സമൂഹങ്ങളെ മാത്രം എടുക്കൂ. ചില നിയമങ്ങള്‍ക്ക് വിധേയമായാണ് അവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഉപാധികളോടെതന്നെ. എന്നാല്‍ ആ ഉപാധികള്‍ക്ക് നേരിയതെങ്കിലും അപഭ്രംശം സംഭവിച്ചാലോ? സ്വാഭാവികമായ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കുക തന്നെ ചെയ്യും.
ഒരു തൊഴിലാളി കൃത്യസമയത്ത് ഓഫീസില്‍ എത്തിയിരിക്കണം.. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അതുപോലെ ഒരു ഹോസ്റ്റല്‍ അന്തേവാസി. ആ വ്യക്തിക്ക് കടന്നുവരാനും പോകാനും ഉറങ്ങാനും എണീല്ക്കാനുമൊക്കെ ചില സമയക്ലിപ്തയുണ്ട്. അത് പാലിച്ചേതീരൂ. ഒരാളുടെ ജീവിതപരിസരത്തിലുണ്ടാകുന്ന, അയാള്‍ നിറവേറ്റേണ്ട, അയാളില്‍ നിന്ന് ആവശ്യപ്പെടുന്ന ചില നിബന്ധനകളാണ് ഒരാളുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നത്. അത് ആ വ്യക്തിയെ മാത്രമല്ല അയാളുമായി ബന്ധപ്പെടുന്ന പരിസരങ്ങളെക്കൂടി ചിട്ടപ്പെടുത്തുന്നു. സന്തുലിതാവസ്ഥ.. ക്രമബദ്ധത.. എല്ലാം അത് ക്രമീകരിക്കുന്നു.
അങ്ങനെയെങ്കില്‍ മേല്പ്പറഞ്ഞ ചെറുസമൂഹങ്ങള്‍ക്കെല്ലാം ബാധകമാകുന്ന, അവയെല്ലാം രൂപപ്പെടുന്ന, അവയുടെയെല്ലാം അടിസ്ഥാനമായ കുടുംബം എന്ന വ്യവസ്ഥ, വ്യവസ്ഥിതി എത്രമേല്‍ ഉപാധികളോടെയായിരിക്കണം. ഉപാധികളില്ലാത്ത കുടുംബബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ?
പരസ്പരം ഏറ്റെടുക്കുകയും നിറവേറ്റുകയും ചെയ്യേണ്ട ഉത്തരവാദിത്തങ്ങളും കടമകളുമാണ് ഒരു കുടുംബജീവിതത്തിന്റെ സൗന്ദര്യം നിശ്ചയിക്കുന്നത്. അവിടെ പരസ്പരം ചില കടമകളുണ്ട്..വിട്ടുവീഴ്ചകളുണ്ട് … ശാഠ്യങ്ങളുണ്ട്.. പരിഭവവും പരാതിപറച്ചിലുമുണ്ട്. കുറ്റപ്പെടുത്തലും പിണക്കങ്ങളുമുണ്ട്. എന്നിട്ടും അവയ്‌ക്കൊന്നും നിത്യമായി പരസ്പരം വെറുക്കാനുള്ള ത്രാണിയില്ലാതെ പോകുന്നതിന് കാരണം ചില ഉപാധികള്‍ അവര്‍ക്ക് മുമ്പിലുണ്ട് എന്നതാണ്. അവയൊന്നും.ഭാരത്തോടെ ഏറ്റെടുത്തവയൊന്നുമല്ല, സ്‌നേഹത്തോടെ സ്വീകരിച്ചവ തന്നെയാണ്.
ഒരാള്‍ക്ക് മറ്റേയാള്‍ക്ക് എന്തുമാത്രം പരിഗണന നല്കാന്‍ കഴിയുന്നു? സ്‌നേഹിക്കാന്‍ കഴിയുന്നു, മറ്റെയാളുടെ ഏറ്റവും നല്ലത് അതിന്റെ എല്ലാവിധ സാധ്യതകളോടും കൂടി കൂടെയുള്ള ആള്‍ക്ക് പുറത്തുകൊണ്ടുവരാന്‍ കഴിയുന്നു? അവര്‍ രണ്ടാളും ചുംബിക്കുമ്പോള്‍ ലോകം തന്നെ മാറുന്നുണ്ടോ തുടങ്ങിയ എത്രെയത്ര ബാധ്യതകളാണ് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ നാം വിലയിരുത്തുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്?
ഇനി രണ്ടുപേര്‍ക്കിടയില്‍ അങ്ങനെയൊരു സാധ്യതയുടെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുകയും അത് ബാധ്യത മാത്രമായിത്തീരുകയും ചെയ്യുമ്പോഴും അവരുടെ നൈരന്തര്യമായ മക്കള്‍ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി നമ്മുക്ക് മുമ്പില്‍ പുതിയൊരു വഴിത്താരയാകുന്നുണ്ട്. അതും ഉപാധികളുടെ ഭാഗം തന്നെ.
എന്നാല്‍ എവിടെ ഉപാധികള്‍ അവസാനിക്കുന്നുവോ, എവിടെ നിയമരാഹിത്യം സംഭവിക്കുന്നുവോ അവിടെ കുടുംബവ്യവസ്ഥയ്ക്ക് ശൈഥില്യം ഉണ്ടാകുന്നു. ഇത്രയും കാലം നമ്മുടെ പൂര്‍വ്വികരുടെ കുടുംബങ്ങള്‍ നിലനിന്നുപോന്നത്, ഇന്നും നിലനില്ക്കുന്നത് ഏതൊരു കുടുംബജീവിതത്തിനും അത്യാവശ്യമായ നിയമ-നിബന്ധന-ഉപാധികളുടെ പിന്‍ബലത്തില്‍ തന്നെയാണ്.
ലഘൂകരിച്ച ഒരു നിയമം അവര്‍ക്ക് തുണയായുണ്ടായിരുന്നെങ്കില്‍ നിങ്ങളും ഞാനും ഉള്‍പ്പെടുന്ന എത്രയോ തലമുറകള്‍ ഇപ്പോള്‍ ജനിക്കാതെയും വളരാതെയും പോയേനേ. പരസ്പരം വെറുത്തുപേക്ഷിക്കാനും വിട്ടുപോകാനും തക്ക എത്രയോ സാഹചര്യങ്ങള്‍ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഏല്പിക്കപ്പെട്ടിരുന്ന ഉത്തരവാദിത്തങ്ങളും അത് നിറവേറ്റേണ്ട കടമകളും വിട്ടുപോകാതെ അവരെ ചേര്‍ത്തുനിര്‍ത്തി. ഒരാള്‍ പതറിപ്പോയപ്പോള്‍ മറ്റെയാള്‍ ചേര്‍ന്നുനിന്നു. ഒരാള്‍ വഴുതിപ്പോയപ്പോള്‍ മറ്റെയാള്‍ കൈ തന്നു സഹായിച്ചു. ഒരുമിച്ച് അഭിമുഖീകരിച്ച വൈതരണികള്‍ക്ക് മുമ്പില്‍കരംകോര്‍ത്തുനിന്നു. അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു.. സ്വപ്നങ്ങളുണ്ടായിരുന്നു. പരസ്പരം ഭാരംവഹിക്കേണ്ടവരാണെന്ന തിരിച്ചറിവുണ്ടായിരുന്നു.
എന്നാല്‍ കാലം കുതിക്കുകയും പുരോഗതികള്‍ അതിന്റെ അടയാളമാവുകയും ചെയ്തപ്പോള്‍ ഉപാധികള്‍ വിലകുറഞ്ഞവയാണെന്ന് തോന്നിത്തുടങ്ങി. അതിന്റെ അനാവശ്യത ഒരാഡംബരമായി നാം കൊട്ടിഘോഷിക്കാനാരംഭിച്ചു. സ്ത്രീയും പുരുഷനും പരസ്പരം ബാധ്യതകളില്ലാതെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ കഴിഞ്ഞുകൂടുക ആധുനികമാണെന്ന് നാം ശഠിച്ചു. ആ ശാഠ്യങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷ തേടാനുള്ള ശ്രമങ്ങളുമാരംഭിച്ചു.
സ്ത്രീക്കും പുരുഷനും ഉഭയസമ്മതത്തോടെ എന്തുമാകാം അവര്‍ക്കിടയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അനാവശ്യമാണെന്നാണ് മറ്റൊരു വാദം. സ്വകാര്യതയുടെയും ധാര്‍മ്മികതയുടെയും പേരിലുള്ള ഈ വാദപ്രതിവാദങ്ങള്‍ എങ്ങനെയും മുന്നേറുമ്പോഴും സംഭവിക്കുന്ന ഒരു ദുരന്തമുണ്ട്. നൂറ്റാണ്ടുകളായി നാം നിലനിര്ത്തിക്കൊണ്ടുപോന്നിരുന് ന കുടുംബവ്യവസ്ഥയ്ക്ക് മൂല്യച്യൂതി സംഭവിക്കുകയാണെന്ന്.
സഹവാസം എന്നാല്‍ സഹശയനം എന്ന് അര്‍ത്ഥസങ്കോചം വരുന്നു. സഹവാസം യഥാര്‍ത്ഥത്തില്‍ എത്രയോ അര്‍ത്ഥവത്തായ വാക്കാണ്. എന്നാല്‍ ഉപാധികളില്ലാതെ സഹവാസം മാത്രമാകുമ്പോള്‍ അത് സഹശയനം മാത്രമായി അധപ്പതിക്കുന്നു.
എന്റെ ഖേദങ്ങളെല്ലാം ഞാനുള്‍പ്പെടുന്ന തലമുറയെക്കുറിച്ചല്ല. എന്റെ മകനുള്‍പ്പെടുന്ന പുതിയൊരു തലമുറയെക്കുറിച്ചാണ്. ഒന്നും തെറ്റല്ലാതെയാവുന്ന ഒരു സമൂഹത്തിന്റെ പിറവി, വളര്‍ച്ച ഒരു അപ്പനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എന്നെ ഭയപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ധാര്‍മ്മികത രൂപപ്പെടുന്നത് അയാള്‍ അനുഷ്ഠിക്കുന്ന നിയമങ്ങളുടെ വെളിച്ചത്തിലാണ്. നിയമങ്ങള്‍ ഇല്ലാതെയാവുമ്പോള്‍ അല്ലെങ്കില്‍ നിയമങ്ങള്‍ ലഘൂകരിക്കപ്പെടുമ്പോള്‍ ധാര്‍മ്മികതയ്ക്ക് വിലയിടിവ് സംഭവിക്കുന്നു.
എന്റെ ഖേദങ്ങളെല്ലാം ഞാനുള്‍പ്പെടുന്ന തലമുറയെക്കുറിച്ചല്ല. എന്റെ മകനുള്‍പ്പെടുന്ന പുതിയൊരു തലമുറയെക്കുറിച്ചാണ്. ഒന്നും തെറ്റല്ലാതെയാവുന്ന ഒരു സമൂഹത്തിന്റെ പിറവി, വളര്‍ച്ച ഒരു അപ്പനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എന്നെ ഭയപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ധാര്‍മ്മികത രൂപപ്പെടുന്നത് അയാള്‍ അനുഷ്ഠിക്കുന്ന നിയമങ്ങളുടെ വെളിച്ചത്തിലാണ്. നിയമങ്ങള്‍ ഇല്ലാതെയാവുമ്പോള്‍ അല്ലെങ്കില്‍ നിയമങ്ങള്‍ ലഘൂകരിക്കപ്പെടുമ്പോള്‍ ധാര്‍മ്മികതയ്ക്ക് വിലയിടിവ് സംഭവിക്കുന്നു.
മണ്‍മറഞ്ഞുപോയ സംസ്‌കാരങ്ങളെ പിന്‍ച്ചെന്ന ഗവേഷണസംഘങ്ങള്‍ രേഖപ്പെടുത്തിയതുപോലെ, വരും കാലത്ത് ഇവിടെ കുടുംബവ്യവസ്ഥ നിലവിലിരുന്നു എന്ന് പില്ക്കാല ചരിത്രം കുറിച്ചുവയ്ക്കുമോ?